പ്രവാചകനെ എങ്ങനെ തിരിച്ചറിയാം?

'നാം നിന്നെ സത്യജ്ഞാനത്തോടുകൂടി സുവിശേഷകനും മുന്നറിയിപ്പുകാരനുമായി അയച്ചിരിക്കുന്നു' (2:119)

This is default featured post 2 title

(പ്രവാചകാ,) മനുഷ്യര്‍ക്കൊന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. പക്ഷേ, അധികജനവും അറിയുന്നില്ല.(ഖുര്‍ആന്‍ - 34:28)

This is default featured post 3 title

'പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.' (21:107)

This is default featured post 4 title

'നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു; ശുഭവാര്‍ത്ത നല്‍കുന്നവനും താക്കീത് ചെയ്യുന്നവനുമാക്കിക്കൊണ്ട്. യാതൊരു സമുദായവും, അതിലൊരു മുന്നറിയിപ്പുകാരന്‍ വരാതെ കഴിഞ്ഞുപോയിട്ടില്ല.' (35:24)

This is default featured post 5 title

'പ്രവാചകാ, (ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക്) ശുഭവാര്‍ത്തയും (വിശ്വസിക്കാത്തവര്‍ക്ക്) മുന്നറിയിപ്പും നല്‍കുക എന്നതല്ലാതെ മറ്റൊരു കാര്യത്തിനും നാം നിന്നെ നിയോഗിച്ചിട്ടില്ല.' (17:105)

2009 ഡിസംബർ 25, വെള്ളിയാഴ്‌ച

എനിക്ക് വ്യഭിചരിക്കാനനുവാദം തരണം !

പ്രവാചകനും അനുചരന്മാരുമിരിക്കുന്ന സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. വികൃതമായ മുഖഭാവം. പരുക്കന്‍ പ്രകൃതം. ഉപചാരവാക്കുകളൊന്നുമില്ലാതെ അയാള്‍ നബി തിരുമേനിയോടാവശ്യപ്പെട്ടു: 'എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം.'

പ്രവാചകന്റെ പള്ളിയില്‍ വെച്ച് പ്രവാചകനോട് ഇവ്വിധം സംസാരിച്ചത് അവിടുത്തെ അനുചരന്മാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരദ്ദേഹത്തെ തടഞ്ഞു. അവര്‍ പറഞ്ഞു: 'മിണ്ടാതിരി.'

അപ്പോള്‍ അവിടുന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു, അടുത്തിരുത്തി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം ചോദിച്ചു: 'താങ്കളുടെ മാതാവിനെ വ്യഭിചരിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?

"ഇല്ല. അല്ലാഹുവാണ് സത്യം. ഞാനിതംഗീകരിക്കില്ല. എന്നല്ല, ആരും തന്റെ മാതാവിനെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല.'

'താങ്കളുടെ മകളെ വ്യഭിചരിക്കുന്നതോ?'

'അതും ഞാന്‍ അനുവദിക്കില്ല.'

"താങ്കളുടെ സഹോദരിയെ വ്യഭിചരിക്കുന്നതോ?'

'അതും ഞാന്‍ ഇഷ്ടപ്പെടില്ല. ആരും തന്റെ സഹോദരിയെ വ്യഭിചരിക്കാന്‍ അനുവദിക്കില്ല.'

'താങ്കളുടെ പിതൃസഹോദരിയെ വ്യഭിചരിച്ചാലോ?'

'അതും ഞാനംഗീകരിക്കില്ല.'

'മാതൃ സഹോദരിയെ?'

'ഇല്ല. ഒരിക്കലും ഇതൊന്നും ഞാനിഷ്ടപ്പെടുന്നില്ല. ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നുമില്ല.'

ഇതിലൂടെ ഫലത്തില്‍ നബി തിരുമേനി അയാളെ വ്യഭിചാരത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുകയായിരുന്നു. ആരും സ്വന്തം മാതാവിനെയോ മക്കളെയോ സഹോദരിയെയോ മാതൃസഹോദരിയെയോ പിതൃസഹോദരിയെയോ വ്യഭിചരിക്കാന്‍ ഇഷ്ടപ്പെടില്ലല്ലോ. ഏതൊരു സ്ത്രീയും ഇതില്‍ ആരെങ്കിലുമായിരിക്കുമെന്നതും തീര്‍ച്ച. നബിതിരുമേനി അയാളുടെ നെഞ്ച് തടവുകയും അയാള്‍ക്കുവേണടി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു. അതോടെ വ്യഭിചാരം അയാള്‍ക്ക് ഏറ്റവും വെറുക്കപ്പെട്ട നീചകൃത്യമായി മാറി.

മടങ്ങിപ്പോകവേ അയാള്‍ പറഞ്ഞു: 'ഇങ്ങോട്ട് കടന്നുവരുമ്പോള്‍ എനിക്കെന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം വ്യഭിചാരമായിരുന്നു. ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെട്ടതും അതുതന്നെ.'
('ലോകാനുഗ്രഹി' എന്ന പുസ്തകത്തില്‍ നിന്ന്)

2009 നവംബർ 19, വ്യാഴാഴ്‌ച

പ്രവാചകന്റെ പള്ളിയില്‍ ക്രൈസ്തവ പ്രാര്‍ഥന

നജ്റാനില്‍നിന്ന് ഒരു സംഘം ക്രൈസ്തവര്‍ പ്രവാചകനെത്തേടിയെത്തി. ഭരണാധികാരി കൂടിയായ നബി തിരുമേനിയുമായി ആശയവിനിമയം നടത്തലായിരുന്നു ലക്ഷ്യം. പ്രവാചകന്‍ അവരെ സ്വീകരിച്ച് പള്ളിയിലേക്കാനയിച്ചു. അവര്‍ക്ക് വിശ്രമത്തിനും മറ്റും സൌകര്യമൊരുക്കിയത് അവിടെ പള്ളിയില്‍ തന്നെയായിരുന്നു. പ്രാര്‍ഥനാ സമയമായപ്പോള്‍ നബി തിരുമേനി തന്റെ അതിഥികളായെത്തിയ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പള്ളിയില്‍ തന്നെ സൌകര്യം ചെയ്തുകൊടുത്തു. അവര്‍ തങ്ങളുടെ മതാചാരമനുസരിച്ച് പ്രവാചകന്റെ പള്ളിയില്‍ വെച്ചുതന്നെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചു.

ക്രൈസ്തവ സഹോദരന്മാര്‍ നബി തിരുമേനിയുമായി ദീര്‍ഘനേരം ആശയവിനിമയം നടത്തി. അവിടുന്ന് അവരുടെമുമ്പില്‍ ദൈവിക സന്മാര്‍ഗം വിശദമായി വിവരിച്ചു. അതിലൂടെ അവര്‍ക്ക് സത്യം ബോധ്യമായി. എങ്കിലും അതംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അവരുടെ നേതാവ് അബൂഹാരിസയുടെ നിലപാടായിരുന്നു അതിനു കാരണം. അദ്ദേഹം മുഖ്യ പുരോഹിതനും നേതാവും അതി സമര്‍ഥനുമായിരുന്നു. പ്രവാചകന്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണടായിരുന്നു. എന്നിട്ടും എന്തുകൊണട് സന്മാര്‍ഗം സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു:

'ഈ ജനത എനിക്കു നല്‍കിയ സ്ഥാനമാനങ്ങളാണ് എന്റെ പ്രശ്നം. അവരെന്നെ നേതാവാക്കി. ധാരാളം സമ്പത്ത് നല്‍കി. ആദരണീയ സ്ഥാനവും സമ്മാനിച്ചു. ഞാനിപ്പോള്‍ പ്രവാചകനെ പിന്തുടര്‍ന്നാല്‍ അവരെന്നെ കയ്യൊഴിക്കും. എനിക്കു നല്‍കിയ സഹായങ്ങളൊക്കെ തിരിച്ചെടുക്കും. അതിനാല്‍, ഞാന്‍ പ്രവാചകനെ തള്ളിപ്പറയാന്‍ ബാധ്യസ്ഥനാണ്.'

സത്യം ബോധ്യമായിട്ടും അതിന്റെ നേരെ പുറംതിരിഞ്ഞുനിന്ന അബൂഹാരിസയോടും സംഘത്തോടും പ്രവാചകന്‍ ഒട്ടും അനിഷ്ടം കാട്ടിയില്ല. അവരോട് ഉദാരമായി പെരുമാറുകയും മാന്യമായി യാത്രയയക്കുകയും ചെയ്തു.(ലോകാനുഗ്രഹി എന്ന പുസ്തകത്തില്‍നിന്നും)

2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഖുറൈള ഗോത്രത്തിനെതിരായ നടപടി.

യുദ്ധം നടക്കാതെ പോയതില്‍ ശൈത്യകാലത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. ശൈത്യകാലം കഴിയുമ്പോള്‍ ജൂതന്‍മാര്‍ക്ക് ഈ സംഖ്യകക്ഷികളെ വീണ്ടും ഒരുമിച്ചുകൂട്ടുക എളുപ്പമായിരുന്നു. ശത്രുക്കള്‍ അല്‍പം ഇഛാഭംഗത്തോടെ പിരിഞ്ഞുപോയതാണ്. അവരിലെ നേതാക്കള്‍ക്ക് പ്രതികാരദാഹം വര്‍ദ്ധിക്കുയല്ലാതെ അല്‍പം പോലും കുറവ് വരാനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. മുസ്‌ലിംകളെ ഉന്‍മൂലനാശം വരുത്തുന്ന കാര്യത്തില്‍ ഇതോടെ ജൂതസഖ്യം ഒറ്റക്കെട്ടായി മാറിയിരിക്കുന്നു. അവര്‍ അതിനുള്ള തയ്യാറെടുപ്പുമായി തന്നെ മുന്നോട്ട് പോകാനുള്ള നല്ല സാധ്യതയും ഉണ്ടായിരുന്നു. ഇത്തരം ഒരു സന്നിഗ്ദ സന്ദര്‍ഭത്തില്‍ യുക്തിമാനായ ഒരു നേതാവ് എടുക്കുന്ന തീരുമാനം എന്തായിരിക്കും. തന്നെ വിശ്വസിച്ച് പിന്നില്‍ അണിനിരന്ന അനുയായികളെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുമോ. അതോ അത്തരം ഒരു ഭീഷണിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമോ. യുക്തിവാദികള്‍ ഞങ്ങളോട് പറയുന്നു പ്രവാചകന്‍ അവരുടെ വാക്കുകള്‍ കേട്ട് നളീര്‍ ഗോത്രം എന്ത് ആപത്തിന് കൂട്ടുനിന്നുവോ അതുപോലെ അവരുടെ സമ്പത്ത് വാരിക്കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ അവരെ അനുവദിക്കണമായിരുന്നു എന്ന്. സംഭവിച്ചതെന്തെന്ന് നോക്കാം. ശേഷമുള്ള സംഭവം മൗലാനാ മൗദൂദി വിവരിക്കട്ടേ.

'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.'

ഖുറൈളഗോത്രത്തിനെതിരായ നടപടിയുടെ സംക്ഷിപ്തരൂപമാണിത്. പ്രസ്തുത സന്ദര്‍ഭത്തില്‍ അവര്‍ക്കിടയില്‍ നടന്ന ചര്‍ച്ച എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ചരിത്രകാരന്‍മാര്‍ ഹൃദയസ്പൃക്കായ രീതിയില്‍ അവ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് അപ്രതീക്ഷമായിരുന്നു എന്ന് അതിനുപിന്നിലുള്ള ചരിത്രം വായിക്കുന്ന ആരും പറയില്ല. ഖുറൈള സംഭവം തനതായ രൂപത്തില്‍ അവര്‍ ഉദ്ധരിച്ചിരുന്നുവെങ്കില്‍ സമ്മതിക്കാമായിരുന്നു. അതിലും ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന അവ്യക്തതകള്‍ അവര്‍ വരുത്തിയിട്ടുണ്ട്. ഏതൊക്കെയെന്ന് പിന്നീട് നമ്മുക്ക് പരിശോധിക്കാം. ഖുറൈളക്കാരുടെ മനസ്സുമായി ഇസ്‌ലാമിനെതിരെ പൊരുതുന്നവരില്‍ നിന്ന് ഇതല്ലാതെ നാമെന്താണ് പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തെ പ്രവാചകന്റെ ക്രൂരതക്കും കൊള്ളക്കും മാത്രകയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണെന്ന് പറയാതിരിക്കാനാവില്ല. പ്രവാചകനെ വാളുമായി നേരിട്ടവരെ അതേപോലെ തന്നെ പ്രവാചകന്‍ പ്രതിരോധിച്ചു. ആക്ഷേപഹാസ്യകവിതയിലൂടെ പ്രവാചകനെ ആക്ഷേപിച്ചപ്പോള്‍ അതേ മാര്‍ഗത്തിലൂടെ അഥവാ കവിതയിലൂടെ അവരെ പ്രതിരോധിക്കാന്‍ ഹസ്സാനുബ്‌നുസാബിത്തിനെ പ്രവാചകന്‍ ഏല്‍പിച്ചു. പ്രവാചകന്റെ കാര്യബോധത്തിനടുത്ത് നില്‍ക്കാന്‍ മുസ്‌ലിം നേതൃത്വത്തിന് കഴിഞ്ഞിരുന്നുവെങ്കില്‍ യുക്തിവാദ ബ്ലോഗുകളില്‍ പ്രവാചകന്‍ ഇത്രമാത്രം താറടിക്കപ്പെടുമായിരുന്നില്ല. എന്ന് വെച്ചാല്‍ ഏറ്റവും അനുയോജ്യരായ ആളുകളെ ഇറക്കി ഇത്തരം ബ്ലോഗുകളിലെ പൊള്ളത്തരം എന്നോ തുറന്ന് കാണിക്കപ്പെടുമായിരുന്നു. അഹ്‌സാബ് യുദ്ധം ശത്രുക്കള്‍ ഉദ്ദേശിച്ചവിധം നടക്കാതെ പോയതിന് മുഖ്യകാരണം മുസ്‌ലിംകളില്‍ രണ്ടേരണ്ടു വ്യക്തികളുടെ സമയോജിതമായ ഇടപെടലായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി, അശ്ജഅ് ഗോത്രക്കാരനായ നഊമുബ്‌നു മസ്ഊദ്. പ്രവാചകന്‍ അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും അതിനവരെ സഹായിക്കുകയും ചെയ്തു. യുക്തിവാദികള്‍ ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രവാചകന്റെ ആകെയുള്ള ആയുധം വാളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ്. ഇവിടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്ന് പറയുമ്പോള്‍ ബിംബാരാധകരാണെന്നും അവര്‍ ചെയ്ത ആകെയുള്ള തെറ്റ് ഇസ്‌ലാം ആവശ്യപ്പെടുന്ന ഏകദൈവത്വം അംഗീകരിക്കാത്തതാണെന്നും ബ്ലോഗ് വായനക്കാരില്‍ വലിയ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇസ്‌ലാമിനെ ഒരു സമഗ്രജീവിത പദ്ധതിയായി അവതരിപ്പിക്കുന്നത് ഏതാനും ചിലഗ്രൂപ്പുകളാണെന്നും അവര്‍ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ പ്രവാചകന്‍ യുദ്ധം നയിച്ചിട്ടുണ്ടെങ്കില്‍ അത് മതത്തില്‍ ചേര്‍ക്കാനല്ലെങ്കില്‍ പിന്നെ എന്തിന് എന്നാണ് അവര്‍ യുക്തിമാന്‍മാരെപ്പോലെ ചോദിക്കുന്നത്. പ്രവാചകനെ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം ഒരു അറബി ഗോത്രനേതാവ് എന്ന നിലയില്‍ കണ്ടാല്‍ മതിയാവില്ല. മറിച്ച് മുഹമ്മദ് നബിയെക്കുറിച്ച്, ജനങ്ങള്‍ക്ക് ദൈവികദര്‍ശനം നല്‍കാന്‍ വന്ന ലോകത്തിന് കാരുണ്യമായ പ്രവാചകന്‍ എന്നുതന്നെ അറിയാന്‍ കഴിയണം.

ഖുറൈളക്കെതിരായ നടപടിയുടെ കാരണങ്ങള്‍(2)

ബനൂ നളീറിന്റെ പ്രത്യുപകാരം അഥവാ അഹ്‌സാബ് യുദ്ധം


(മക്കയില്‍ നിന്ന് വന്ന മുശ്‌രിക്കുകളുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വിശ്വാസികളോട് ഏറ്റുമുട്ടിയതാണ് അഹ്‌സാബ് യുദ്ധം എന്നാണ് ലളിതമായി നാം മനസ്സിലാക്കി വരുന്നത്. ബദറും ഉഹദും അവരുടെ കാരണത്താലായിരുന്നതിനാല്‍ അഹസാബ് (ഖന്‍ദഖ്)യുദ്ധവും ആ ഗണത്തില്‍ പെടുത്താറാണ് പതിവ്. ഇതില്‍ ജൂതന്‍മാരുടെ പങ്ക് കരാര്‍ലംഘിച്ച് ശത്രുസൈന്യത്തില്‍ ചേര്‍ന്നെന്ന് നാം ചുരുക്കിപ്പറയുകയും ചെയ്യും. അല്‍പം വിശദമായി നാം ചരിത്രം വായിച്ചാല്‍ ലഭിക്കുന്നത്, ഈ യുദ്ധം സ്‌പോണ്‍സര്‍ ചെയ്തതും അതിന് മുന്‍കൈയ്യെടുത്തതും ജൂതന്‍മാരായിരുന്നു വിശിഷ്യാ ബനുനളീര്‍ എന്ന ജൂതഗോത്രം. അവര്‍ മക്കാനിവാസികളെ ഉപയോഗപ്പെടുത്തുകയായിരുന്നു.)


ബനൂനളീര്‍ ഗോത്രതലവനായ ഹുയയ്യ്ബിന്‍ അഖതബ്, സലാം ബിന്‍ അബൂഹുഖൈഖ്, കിനാനബിന്‍ അല്‍ഹുഖൈഖ തുടങ്ങിയവര്‍ മക്കയിലെ അറബികളെ യുദ്ധസന്നദ്ധരാക്കുന്നതിന് വേണ്ടി അവിടെയെത്തി. ഇവരോടൊപ്പം ചില അറബിഗോത്രങ്ങളിലെ നേതാക്കളുമുണ്ടായിരുന്നു. മക്കക്കാര്‍ ഹുയയ്യിനോട് ജൂതന്‍മാരെ പറ്റിചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഞാന്‍ അവരെ ഖൈബറിനും മദീനക്കുമിടയില്‍ നിര്‍ത്തിയിരിക്കുകയാണ്. മുഹമ്മദിനെതിരെ പുറപ്പെടാന്‍ നിങ്ങളുടെ ആഗമനവും പ്രതീക്ഷിച്ചിരിക്കുകയാണ്." ഖുറൈളയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. "മുഹമ്മദിനെ കെണിയില്‍ പെടുത്താന്‍ അവര്‍ മദീനയില്‍ തന്നെ നില്‍ക്കുകയാണ്. നിങ്ങള്‍ അവിടെയെത്തേണ്ട താമസം അവര്‍ നിങ്ങളോടൊപ്പം ചേരും." ഹുയ്യയിന്റെ ഈ അഭിപ്രായം ശരിവെക്കുന്ന തരത്തിലായിരുന്നു ഖുറൈളക്കാര്‍ പിന്നീട് അവസരം ലഭിച്ചപ്പോള്‍ പെരുമാറിയത്.

ഹുയയ്യിന്റെ ഒരോ വാക്കും ഖുറൈശികള്‍ക്ക് ആവേശം പകരുന്ന വിധത്തിലായിരുന്നു. ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ നല്ലത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി നിങ്ങളുടെ മതമാണ് എന്നായിരുന്നു. ഇതില്‍ പല അമുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. കാരണം ബഹുദൈവത്വം ഒരു നിലക്കും പൊറുപ്പിക്കാത്തവരാണ് ജൂതന്‍മാര്‍ മുഹമ്മദ് നബിയാകട്ടേ പ്രബോധനം ചെയ്യുന്നത് തങ്ങളുടെ അതേ ഏകദൈവത്വവും എന്നിരിക്കെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഹുയയ്യ് നടത്തിയ അഭിപ്രായ പ്രകടനം മുസ്‌ലികളോട് അദ്ദേഹത്തിനുണ്ടായിരുന്ന അടക്കാനാവാത്ത അമര്‍ഷത്തിന്റെ ലക്ഷണമായിക്കാണാം. യുദ്ധത്തിന് ഒരു ദിവസവും നിശ്ചയിച്ചാണ് അദ്ദേഹം മടങ്ങിയത്. അതോടൊപ്പം അദ്ദേഹവും സംഘവും ഗത്ഫാന്‍, മുര്‍റ, ഫസാറ, അശ്ജഅ്, സുലൈ, സഅ്ദ് എന്നീ ഗോത്രങ്ങളുടെ സഹായം കൂടി മുസ്‌ലിംകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഉറപ്പുവരുത്തി. അതോടെ രൂപപെട്ട സംഖ്യകക്ഷികളുടെ സൈന്യം പതിനായിരത്തോളം പേര്‍ അടങ്ങിയതായിരുന്നു. പുറത്താക്കപ്പെട്ട ബനൂനളീര്‍ ആണ്, ഇത്രവലിയ ഒരു സൈന്യത്തെ സജ്ജീകരിച്ചതിലെ മാസ്റ്റര്‍ ബ്രൈന്‍ എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ഈ യുദ്ധം മൂലം തങ്ങള്‍ തോല്‍പ്പിക്കപ്പെടുക മാത്രമല്ല വേരോടെ പിഴുതെറിയപ്പെടും എന്ന് വിശ്വാസികള്‍ കണക്കുകൂട്ടി. ഉഹദില്‍ തങ്ങളെ പരാജയപ്പെടുത്തിയത് ഇതിലും എത്രയോ ചെറിയ സൈന്യമായിരുന്നു എന്ന വസ്തുത അവരുടെ പരിഭ്രമം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. ശക്തമായ ഒരു യുദ്ധതന്ത്രം ഉടനെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പ്രവാചകന്‍ കൂടിയാലോചിച്ചു, പേര്‍ഷ്യക്കാരനായ സല്‍മാന്‍(റ) ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുകയും പ്രവാചകന്‍ അംഗീകരിക്കുകയും ചെയ്തു. ശത്രുക്കള്‍ മദീനയില്‍ പ്രവേശിക്കാതിരിക്കാന്‍ കിടങ്ങ് കീറുക എന്നതായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ച തന്ത്രം. ഖുറൈളക്കാരുടെ താമസസ്ഥലം വരെ ഇപ്രകാരം വലിയ ഒരു കിടങ്ങ് കീറി. അതുവരെ കരാര്‍ ലംഘിക്കാതിരുന്ന ഖുറൈളക്കാരെ വിശ്വാസത്തിലെടുക്കുകയാണ് പ്രവാചകന്‍ ചെയ്തത്. കേവലം ഊഹത്തിന്റെയും സംശയത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വിഭാഗവുമായി ചെയ്ത കരാര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് പ്രവാചകന്‍ പ്രതിനിധാനം ചെയ്യുന്ന നീതിക്കെതിരാണ്. ആ സന്നിഗ്ദ ഘട്ടത്തില്‍പോലും അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നത് നാം കാണുന്നു. ഈ സന്ദര്‍ഭത്തിലെങ്ങാനും ഖുറൈള കരാര്‍ ലംഘിക്കുന്ന പക്ഷം ഗുരുതരമായ പ്രത്യാഘാതമാണ് മുസ്‌ലിംകള്‍ നേരിടേണ്ടിവരിക. അതോടെ മാസങ്ങള്‍ നീണ്ട് നിന്ന കിടങ്ങ് അപ്രസക്തമായി മാറുകയും ശത്രുസൈന്യത്തിന് നിഷ്പ്രയാസം ഖുറൈളക്കാരുടെ വാസസ്ഥലത്തുകൂടെ മദീനയില്‍ പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്യും.

വര്‍ദ്ധിതആവേശത്തോടെയാണ് സഖ്യസൈന്യം മദീനയിലേക്കടുത്തത്. ഇനിയൊരിക്കലും മുസ്‌ലിംകളുമായി മറ്റൊരു യുദ്ധം വേണ്ടിവരില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ഇനി ഇപ്രകാരം ഒരു സൈന്യത്തെ ഒരുമിച്ചുകൂട്ടുക സാധ്യമല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. കാരണം വിജയത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷ എമ്പാടും നല്‍കിയിട്ടാണ് അറബി ഗോത്രങ്ങളടക്കമുള്ള വിഭാഗത്തെ ഹുയയ്യ് ഒരുമിച്ച് അണിനിരത്തിയത്. മദീനയെ സമീപിച്ചപ്പോള്‍ അവര്‍ അമ്പരന്ന് പോയി. അത്തരമൊരു യുദ്ധതന്ത്രം ഒരിക്കലും അവര്‍ പ്രതീക്ഷിച്ചതല്ല. അറബികള്‍ക്ക് ആ തന്ത്രം ഒട്ടും പരിചിതമായിരുന്നില്ല. ഒരു സൈന്യാധിപന്‍ എന്ന നിലക്ക് മുഹമ്മദ് നബിയുടെ വിജയമായിരുന്നു അത്. തന്നെ ഒരു ശിഷ്യന്റെ അഭിപ്രായം സ്വീകരിക്കാനും അതില്‍ തീരുമാനമെടുത്ത് സ്വന്തം പക്ഷത്തെ അതില്‍ സഹകരിപ്പിക്കാനും സാധിച്ചു എന്നത് ഒരു വലിയ കാര്യമായിരുന്നു. ശത്രുക്കളെ അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കുമാര്‍ പ്രതിരോധിക്കാന്‍ സഹായിച്ചത് ഈ ആസൂത്രണമായിരുന്നു. കിടങ്ങ് ചാടിക്കടക്കാനുള്ള അവരുടെ ശ്രമം പലരുടെയും മരണത്തിലാണ് കലാശിച്ചത്. ചാടികടന്ന് വന്നവരെ നിഷ്പ്രയാസം നേരിടാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. ദിവസങ്ങള്‍ നീണ്ടുപോയി. വളരെ പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ച് പോകാന്‍ ഉദ്ദേശിച്ചുവന്നവര്‍, നേരിടേണ്ടിവന്നപ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അതിശൈത്യം അവരുടെ ആവേശം കെടുത്തി. ഖുറൈശികള്‍ തിരിച്ചുപോകാന്‍ ആലോചിച്ചു. പക്ഷേ ഈ യുദ്ധം നടക്കേണ്ടത് ജൂതന്‍മാരുടെ ആവശ്യമായിരുന്നു. അതിനാല്‍ ഹുയ്യയ് ഈ പ്രതിസന്ധിമറികടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. ഖുറൈള ഗോത്രത്തെ അദ്ദേഹം മുമ്പെതന്നെ കണ്ടുവെച്ചതാണ്. അദ്ദേഹത്തിന്റെ പരിശ്രമം വിജയം കണ്ടു. ഖുറൈള ഗോത്രം പ്രവാചകനുമായുള്ള കരാര്‍ ലംഘിക്കാന്‍ തീരുമാനിച്ചു.

ഖുറൈളക്കാര്‍ കരാര്‍ ലംഘിക്കുന്നു

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമായിരുന്നു ആ വാര്‍ത്ത എന്ന് പറയേണ്ടതില്ല. സംഗതിയുടെ വിശദവിവരങ്ങള്‍ അറിയാനായി പ്രവാചകന്‍ മൂന്നംഗസംഘത്തെ ഖുറൈളയിലേക്ക് അയച്ചു. കാര്യങ്ങള്‍ വളരെ മോശമായതായി അവര്‍ക്കനുഭവപ്പെട്ടു. അവരുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഅദുബ്‌നു മുആദിന്റെ നേതൃത്വത്തിലുള്ള സംഘം ആവുന്നത്ര ശ്രമിച്ചു. അവരുമായി സംഖ്യത്തിലുള്ള ഔസ് ഗോത്രത്തലവന്‍ സഅദ് പ്രവാചകനുമായുള്ള കരാര്‍ ഈ ഘട്ടത്തില്‍ ലംഘിക്കുന്ന പക്ഷം, നളീര്‍ ഗോത്രത്തിന് നേരിട്ടതിനേക്കാള്‍ ഭയാനകമായ വിപത്ത് അവരെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും. ഈയൊരു യുദ്ധത്തിന് ശേഷം മുസ്‌ലിംകള്‍ ബാക്കിയുണ്ടാവില്ല എന്ന അറിയുന്നത് കൊണ്ടാവും ഖുറൈള ഗോത്രത്തലവനായ കഅ്ബ് പ്രതികരിച്ചത് ഇങ്ങനെയാണ്: "ആരാണീ ദൈവദൂതന്‍ ഞങ്ങളും മുഹമ്മദുമായി ഒരു സംഖ്യവുമില്ല." ഇതോടെ തങ്ങള്‍ ഇനിയവിടെ നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനസ്സിലാക്കി സംഘം പ്രവാചകന്റെ അടുത്തേക്ക് മടങ്ങി. പ്രവാചകന്റെ നിര്‍ദ്ദേശപ്രകാരം, കേട്ടത് സത്യമായത് കൊണ്ട് അവര്‍ പ്രവാചകനെ മാത്രം അറിയിച്ചു.

ഖുറൈളഗോത്രത്തെ വിശ്വാസത്തിലെടുത്താണ് പ്രവാചകന്‍ അഹ്‌സാബ് യുദ്ധതന്ത്രം രൂപപ്പെടുത്തിയത് എന്ന നാം കണ്ടുകഴിഞ്ഞു. ഖുറൈള ഗോത്രം കരാര്‍ ലംഘിച്ചത്തോടെ കിടങ്ങെന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ശത്രുസൈന്യത്തിന് നിഷ്പ്രയാസം സാധിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചശത്രുക്കള്‍ക്ക് ഇതോടെ പുതുജീവന്‍ വെച്ചു. ശത്രുക്കള്‍ ആര്‍ത്തിരമ്പി വരുന്നതും തങ്ങളെ ഉന്‍മൂലനം ചെയ്യുന്നതും മുസ്‌ലിംകള്‍ ഭാവനയില്‍ കണ്ടു. വഞ്ചകരായ ഖുറൈളഗോത്രത്തിന്റെ ഭവനങ്ങളില്‍ പതിയിരിക്കുന്ന മരണം തങ്ങളിലേക്ക് നടന്നടുക്കുന്നതായി അവര്‍ക്ക് തോന്നി. നളീര്‍ ഗോത്രത്തെ കൈനിറയെ സമ്പത്തുമായി മദീനവിട്ടുപോകാന്‍ അനുവദിച്ച പ്രവാചകന്റെ തീരുമാനം തെറ്റായിരുന്നെന്ന് ചിലരെല്ലാം ചിന്തിച്ചുപോയി. തങ്ങള്‍ വെറുതെവിട്ട ഹുയയ്യ് എന്ന മനുഷ്യന്റെ കാരണത്താല്‍ തങ്ങള്‍ക്ക് സംഭവിക്കാന്‍ ഇടവന്ന ദുര്യോഗവും അവര്‍ അറിഞ്ഞു. സര്‍വശക്തനായ രക്ഷിതാവിന് മാത്രമേ ഇനി തങ്ങളെ രക്ഷിക്കാന്‍ കഴിയൂ എന്നവര്‍ മനസ്സിലുറപ്പിച്ചു. ഈ സന്ദര്‍ഭം കപടവിശ്വാസികള്‍ നന്നായി ഉപയോഗപ്പെടുത്തി. എന്നത്തെയും പോലെ ശക്തമായ മനശാസ്ത്രയുദ്ധത്തിലാണ് അവര്‍ ഏര്‍പ്പെട്ടത്. ദുര്‍ബലവിശ്വാസികളുടെ മനസ്സിളക്കാന്‍ തക്ക കാര്യങ്ങളൊക്കെ അവര്‍ ചെയ്തു.

യുദ്ധം വീണ്ടും ആരംഭിച്ചു. ഖുറൈളക്കാര്‍ സ്വന്തം കൊട്ടയില്‍ നിന്നിറങ്ങി മുസ്‌ലിംഭവനങ്ങളില്‍ ചെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മദീനാവാസികള്‍ പരിഭ്രാന്തിയില്‍ കഴിയവെ പ്രവാചകന്‍ രക്ഷാമാര്‍ഗങ്ങളെക്കുറിച്ചോര്‍ത്തു. യുദ്ധത്തില്‍നിന്ന് പിന്തിരിയുന്ന പക്ഷം മദീനയുടെ ഉല്‍പന്നത്തിന്റെ മൂന്നിലൊന്ന് നല്‍കാമെന്ന് ഗത്ഫാന്‍ ഗോത്രത്തെ അറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഗത്ഫാന്‍ ഗോത്രത്തിന്റെ ഉപഗോത്രമായ അശ്ജഅ് ഗോത്രത്തില്‍ പെട്ട നഈമുബ്‌നു മസ്ഊദ് എന്ന വ്യക്തി ഇസ്‌ലാം സ്വീകരിച്ച് പ്രവാചകന്റെ സന്നിധിയില്‍ വന്നു. അദ്ദേഹത്തിന്റെ തന്ത്രപൂര്‍വമായ ഇടപെടല്‍ യുദ്ധഗതിയെ പിന്നെയും മുസ്‌ലിംകള്‍ക്ക് അനുകൂലമാക്കി മാറ്റി. അതോടൊപ്പം അല്ലാഹുവിന്റെ സഹായവും വിശ്വാസികളുടെ രക്ഷക്കെത്തി ശക്തമായ ഇടിയും മിന്നലും കാറ്റും സംഖ്യസൈന്യത്തെ ചിന്നഭിന്നമാക്കി. അവര്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരായി. അഹ്‌സാബ് യുദ്ധമെന്നും ഖന്‍ദഖ് യുദ്ധമെന്നും അറിയപ്പെട്ട ആ സുപ്രധാന സംഭവം അങ്ങിനെ പര്യവസാനിച്ചു.

2009 ഒക്‌ടോബർ 25, ഞായറാഴ്‌ച

ഖുറൈളക്കെതിരായ നടപടിയുടെ കാരണങ്ങള്‍ (1)

മുസ്ലിംകളോടുള്ള ജൂതരുടെ ശത്രുത

ഈ തലക്കെട്ട് ജൂതരോടുള്ള മുസ്ലിംകളുടെ ശത്രുത എന്നായിക്കൂടെ എന്ന് ഒരാള്‍ക്ക് സ്വാഭാവികമായും തോന്നാവുന്നതാണ്. എന്നാല്‍ ചരിത്രപരമായോ മതപരമായോ ജൂതന്‍മാരെ ശത്രുപക്ഷത്ത് നിര്‍ത്താവുന്ന പ്രേരകങ്ങളൊന്നുമുണ്ടായിരുന്നില്ല ഇസ്ലാമിന്. പ്രവാചകന്‍മാര്‍ ഏതെങ്കിലും മതത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയല്ല പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എന്റെ സമുദായമേ.. എന്നാണ് അവരിരോരുത്തരും തങ്ങളുടെ പ്രബോധിത സമൂഹത്തെ അഭിസംബോധന ചെയ്തത്. പ്രബോധിത സമൂഹം എപ്പോഴും പ്രബോധകരെ ശത്രുപക്ഷത്തേക്ക് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. നൂഹ്, ലൂത്ത്, മൂസാ, ഈസാ എന്നീ പ്രവാചകന്‍മാര്‍ക്കൊക്കെ തങ്ങളുടെ പ്രബോധിത സമൂഹത്തില്‍ നിന്ന് ശത്രുക്കളുണ്ടായത് അവര്‍ അതിക്രമമോ അനീതിയോ പ്രവര്‍ത്തിച്ചത് കാരണമായിരുന്നില്ല. പ്രവാചകന്‍ മക്കയില്‍ ആഗതനായപ്പോഴും തന്റെ സമൂഹത്തെ അത്യന്തം ഗുണകാംക്ഷയോടെയാണ് ദിവ്യസന്ദേശത്തിലേക്ക് ക്ഷണിച്ചത്. പതിമൂന്ന് വര്‍ഷം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടത്തി എന്ന് ഏറ്റവും കടുത്ത ഒരു ഇസ്ലാം വിമര്‍ശകന് പോലും പറയാനാന്‍ കഴിയില്ല. പ്രവാചകന്‍ അവരോട് ചെയ്ത ‘തെറ്റ്’ ദൈവദര്‍ശനം അവര്‍ക്ക് പ്രബോധനം ചെയ്തു എന്നതായിരുന്നു. അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുകയോ കഅ്ബയില്‍ പ്രതിഷ്ടിച്ചിരുന്ന വിഗ്രങ്ങളിലൊന്നിനെപ്പോലും പോറലേല്‍പിക്കുകയോ ചെയ്തില്ല. സത്യസന്ദേശം സ്വീകരിച്ച വിശ്വാസികളെ അവര്‍ കഴിയാവുന്ന വിധത്തിലെല്ലാം ഉദ്രവിച്ചതും തങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അവരുണ്ടാക്കിയതുകൊണ്ടല്ല. അവസാനം മദീനയിലെത്തിയപ്പോഴും പ്രവാചകന്‍ സമാധാനത്തിന്റെ മാര്‍ഗമാണ് അവലംബിച്ചത്. ഒരു ഘട്ടത്തിലും മതപ്രചരണത്തിന് ബലപ്രയോഗത്തിന്റെ മാര്‍ഗം സ്വീകരിച്ചിട്ടില്ല. മദീനയിലെ പ്രബലവിഭാഗമായിരുന്നു ജൂതന്‍മാര്‍. മുമ്പ് വിവരിച്ച് കഴിഞ്ഞ സംഭവങ്ങളോടെ ജൂതന്‍മാരുടെ പക വീണ്ടും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഒരോ പുതിയ സംഭവങ്ങളും ജൂതന്‍മാരുടെ ശത്രുത വര്‍ദ്ധിപ്പിക്കുയാണുണ്ടായത്.

മുഹമ്മദ് നബിയെയും മുസ്ലിംകളെയും ഉന്‍മൂലനം ചെയ്യുകയല്ലാതെ തങ്ങളുടെ മുമ്പില്‍ മറ്റുമാര്‍ഗമില്ല എന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. തങ്ങള്‍ മാത്രം വിചാരിച്ചാല്‍ അതിന് സാധ്യമല്ലെന്നും കിട്ടാവുന്ന മുഴുവന്‍ അറബിഗോത്രങ്ങളെയും മക്കാനിവാസികളെയും സംഘടിപ്പിക്കുയും ചെയ്ത് മാത്രമേ ഇനി മുസ്ലിംകളെ തോല്‍പിക്കാനാവൂ എന്നവര്‍ കണക്കുകൂട്ടി. ഇതിന് മുന്നിട്ടിറങ്ങിയത് ബനൂനളീര്‍ തലവനായ ഹുയയ്യുബ്നു അഖ്തബാണ്. മുഹമ്മദ് നബിയുടെ ഔദാര്യത്താന്‍ കൈനിറയെ സമ്പത്തുമായി മദീനയില്‍ നിന്ന് മാറിതാമസിക്കാന്‍ അനുവാദം ലഭിച്ചുവെങ്കിലും ബനൂനളീറുകാരില്‍ പ്രതികാരത്തിന്റെ മനസ്സ് എരിയുകയായിരുന്നു. ജൂതഗോത്രങ്ങളില്‍പെട്ട മദീനക്ക് സമീപം താമസിക്കുന്ന ബനൂഖുറൈള ഇത് വരെ മുസ്ലിംകളുടെ ശത്രുപക്ഷത്ത് ചേര്‍ന്നിരുന്നില്ല. എങ്കിലും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനുതകുന്ന ഒരു സംഭവം തുടര്‍ന്നുണ്ടായി. അതാണ് ഇനിപറയാന്‍ പോകുന്നത്.

ബനൂനളീറിനെതിരെ നടപടി

ഉഹദിലെ പരാജയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, മദീനയില്‍ അടങ്ങിയിരുന്ന ജൂതന്‍മാര്‍ക്ക് മുസ്ലികളുടെ ശക്തിയെ സംബന്ധിച്ച മതിപ്പുകുറയാനിടയാക്കി എന്നതായിരുന്നു. ഉഹദിലെ പരാജയത്തില്‍ അവര്‍ അതിയായി സന്തോഷിച്ചു. അടുത്ത ഊഴം ബനൂനളീര്‍ കാരുടെതായിരുന്നു. അവര്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ തിരിഞ്ഞു. പ്രവാചകനെ വധിക്കാന്‍ വരെ അവര്‍ ഗൂഢാലോചന നടത്തി. മുഹമ്മദ് നബി അവരുടെ തന്ത്രം വളരെ വേഗം ഗ്രഹിക്കാന്‍സാധിച്ചതിനാല്‍ അത് നടക്കാതെ പോവുകയായാണുണ്ടായത്. അനന്തര നടപടിയായി നളീര്‍ ഗോത്രത്തിന് സന്ദേശവുമായി മുഹമ്മദുബ്നു അബൂസലമയെ പ്രവാചകന്‍ നിയോഗിച്ചു. സന്ദേശം ഇങ്ങനെയായിരുന്നു. “ നിങ്ങള്‍ നാട് വിട്ടുപോകണം എന്നെ വധിക്കുവാന്‍ ഉദ്ദേശിക്കുക വഴി എന്നോടുള്ള കരാര്‍ ലംഘിച്ചിരിക്കുന്നു. 10 ദിവസം ഞാന്‍ നിങ്ങള്‍ക്ക് അവധി നല്‍കുന്നു. അതിന് ശേഷം ഇവിടെ കാണപ്പെടുന്നവര്‍ വധിക്കപ്പെടുന്നതാണ്” . അവര്‍ കൂടിയാലോചിച്ചു. അബ്ദുല്ലാഹിബിനു ഉബയ്യ് സഹായം വാഗ്ദാനം ചെയ്തു. അദ്ദേഹത്തില്‍ വിശ്വാസമില്ലാതിരുന്ന ഒരു വിഭാഗം ഇപ്പോള്‍ നബിയുടെ കല്‍പന അംഗീകരിക്കാനും. വിളവെടുപ്പ് സമയമാകുമ്പോള്‍ തിരിച്ച് വന്ന് വിളവെടുക്കാനും അനുവാദം ചോദിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അവരുടെ നേതൃനിരയിലുണ്ടായിരുന്ന ഹുയയ്യുബ്നു അഖ്തബ് അത് അംഗീകരിച്ചില്ല. ഒരു വര്‍ഷം വരെ നമ്മെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. കോട്ട ഉപരോധിച്ചാലും ഒരു വര്‍ഷത്തോളം കഴിയാനുള്ള ഭക്ഷണവിഭവങ്ങള്‍ തങ്ങളുടെ കയ്യിലുണ്ട് എന്നതും, അത്രയും ദീര്‍ഘകാലം ഉപരോധനത്തില്‍ തുടരുവാന്‍ മുസ്ലിംകള്‍ക്കാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലം. മദീന വിടുവാനുള്ള അവരുടെ പ്രയാസത്തിന് കാരണം കുലച്ചുനില്‍ക്കുന്ന ഈത്തപ്പനകളായിരുന്നു എന്ന് പ്രവാചകന് അറിയാം. അതിനാല്‍ ഉപരോധത്തിനിടയില്‍ ഈത്തപ്പന മരം വെട്ടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ നല്‍കി. ഇത് തികച്ചും അസാധാരണ സംഭവമായിരുന്നു. മുസ്ലിംകള്‍ അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. യുദ്ധത്തിനിടയില്‍ ഫലവൃക്ഷം നശിപ്പിക്കുകയില്ല എന്നത് മുസ്ലിംകളുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ അവര്‍ അമ്പരക്കുകയും നിസ്സഹയരാവുകയും ചെയ്തു. അവര്‍ ഇങ്ങനെ വിളിച്ചു ചോദിച്ചു. ‘അല്ലയോ മുഹമ്മദ്, കുഴപ്പം നിരോധിക്കുകയും കുഴപ്പക്കാരികളെ ആക്ഷേപിക്കുകയും ചെയ്തിരുന്ന ആളാണ് താങ്കള്‍, എന്നിട്ടിപ്പോള്‍ ഞങ്ങളുടെ ഈത്തപ്പന വൃക്ഷങ്ങള്‍ വെട്ടിവീഴ്തുകയും അഗ്നിക്കിരയാക്കുകയും ചെയ്യുകയാണോ.’ ഇക്കാര്യത്തിലാണ് സൂറത്തുല്‍ ഹശ്റിലെ 5ാം സൂക്തം അവതരിച്ചത്. ഈത്തപ്പനക്കേല്‍ക്കുന്നതിന് മുമ്പ് സമ്പത്തിന്റെ പേരില്‍ മദീനയില്‍ തങ്ങാനും മുസ്ലികളോട് യുദ്ധം ചെയ്യാനുമുള്ള ആവേശത്തിന്‍മേലാണ് അല്ലാഹുവിന്റെ തീരുമാനപ്രകാരമുള്ള ആ മഴു ആഞ്ഞുപതിച്ചത്.

അതോടൊപ്പം അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ കാപട്യം കൂടി അവര്‍ അറിഞ്ഞു. അദ്ദേഹം അവരെ സഹായിക്കാന്‍ ചെന്നില്ല. തങ്ങളെ സഹായിക്കുമെന്ന് കരുതിയ അറബി ഗോത്രങ്ങളെയും അവര്‍ അവിടെ കണ്ടില്ല. അതിനാല്‍ പ്രവാചകന്റെ കല്‍പന കൈകൊള്ളാന്‍ തീരുമാനിച്ചു. മൂന്ന് പേര്‍ക്ക് ഒരൊട്ടകവും അതിന് വഹിക്കാവുന്ന ചരക്കുകളും എടുത്ത് മദീനവിട്ടുകൊള്ളാന്‍ പ്രവാചകന്‍ അവര്‍ക്ക് അനുവാദം നല്‍കി.

നളീര്‍ ഗോത്രം മദീനയില്‍ തങ്ങുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും മുസ്ലിംകള്‍ക്ക് ആപത്തു സംഭവിക്കുമ്പോഴെല്ലാം അവര്‍ കപടവിശ്വാസികളുടെ സഹായത്താല്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ വ്യക്തമായി കരാര്‍ ലംഘിക്കുന്നത് വരെ പ്രവാചകന്‍ അവര്‍ക്കെതിരെ ഒരു നീക്കവും നടത്തിയിരുന്നില്ല. തനിക്കെതിരെയുള്ള വധശ്രമം വ്യക്തമായ ശേഷവും നിരുപാധികം മദീന വിട്ടുപോകുവാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും കുതന്ത്രം പ്രയോഗിച്ചപ്പോള്‍ അവര്‍ക്ക് അനുവദിച്ച് സമ്പത്തില്‍ ഉപാധിനിശ്ചയിക്കുകയായിരുന്നു. അതോടൊപ്പം അറിയേണ്ട മറ്റൊരു വസ്തുത. അത് വരെ പ്രവാചകന്റെ കത്തെഴുത്തുകാരന്‍ നളീര്‍ ഗോത്രജ്ഞനായ ഒരു ജൂതനായിരുന്നു എന്നതാണ്. അവരെ നാട് കടത്തിയതിന് ശേഷമാണ് അസാമാന്യമായ ഭാഷാ പരിജ്ഞാനമുള്ള സൈദുബ്നു സാബിതിനെ പ്രവാചകന്‍ തല്‍സ്ഥാനത്ത് നിയോഗിച്ചത്. ചുരുങ്ങിയ ദിവസത്തിനിടയില്‍ ഹിബ്രു സുരിയാനി ഭാഷകള്‍ അദ്ദേഹം കരസ്ഥമാക്കി. മദീനയില്‍ വീണ്ടും സമാധാനം തിരിച്ചുവന്നു. കപടവിശ്വാസികള്‍ പത്തിമടക്കി. ഒരു വര്‍ഷം ഈ അവസ്ഥ നീണ്ടുനിന്നു.

ബനൂഖൈനുഖാഇനെതിരെയുള്ള നടപടി.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരെ പ്രകോപനപരമായി കാണുന്നവരാണ് അറബികള്‍. ഇന്നും അങ്ങനെത്തന്നെ. അതുകൊണ്ടായിരിക്കാം ഒരുബലാല്‍സംഗവും പ്രവാചകചരിത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. അതിനാല്‍ ഖുര്‍ആനിലോ ഹദീസിലോ അതിന് നിര്‍ണിത ശിക്ഷയും വിധിച്ചിട്ടില്ല. വ്യഭിചാരത്തെപ്പോലെ നാല് സാക്ഷികളെ ഹാജറാക്കാന്‍ ബലാല്‍സംഗവിധേയമായ സ്ത്രീയോട് ആവശ്യപ്പെടുമോ എന്ന് ചോദിച്ചാല്‍ ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഒന്നു പരുങ്ങാനുള്ള കാരണം അതാണ്. യുക്തിവാദികള്‍ക്ക് ആ അവസരം മാത്രം മതി ഇസ്ലാമിന്റെ സ്തീവിരുദ്ധതയെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍. പറഞ്ഞുവന്നത്, ബലാല്‍സംഗത്തെ കുറിച്ചല്ലെങ്കിലും ഒരു സ്ത്രീ കയ്യേറ്റത്തിന് ഇരയായതിനെ ക്കുറിച്ചാണ്. സംഭവം നടന്നത് ഇങ്ങനെ. മേല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍, വിദ്വേഷം കത്തിനിന്ന ജൂതഗോത്രങ്ങളിലൊന്നായ ഖൈനുഖാഇന്റെ അങ്ങാടിയില്‍ ഒരു സ്ത്രീ ആഭരണവ്യാപാരിയെ സമീപിക്കുന്നു. ഇരിക്കുന്ന മുസ്ലിം സ്ത്രീയുടെ വസ്ത്രം ഒരു ജൂതന്‍ ഒരു കൊളുത്തില്‍ ബന്ധിച്ചു. അതറിയാതെ എഴുന്നേറ്റ സ്ത്രീയുടെ വസ്ത്രം ഉരിയുകയും നഗ്നത വെളിവാകുകയും ചെയ്തു. ആളുകള്‍ ആര്‍ത്തുചിരിച്ചു. ഇത് കണ്ട ഒരു മുസ്ലിം അയാളെ വകവരുത്തി. അതോടെ മറ്റൊരാള്‍ ഘാതകന്റെയും കഥകഴിച്ചു. കാര്യം അവിടംകൊണ്ടവസാനിച്ചില്ല ഈ അവസരം മുതലെടുത്ത് ജൂതന്‍മാര്‍ സംഘടിതമായി ആക്രമണത്തിനൊരുങ്ങി. കരാര്‍ പാലിക്കാനുള്ള അഭ്യര്‍ഥന അവര്‍ പരിഹസിച്ചുതള്ളി. ഇത് കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു. അതിനാല്‍ പ്രവാചകന്‍ അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചു. അവര്‍ കോട്ടയില്‍ അഭയം തേടി. പ്രവാചകനും അനുയായികളും അവരെ ഉപരോധിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ പ്രവാചകന്റെ വിധി സ്വീകരിക്കാന്‍ സന്നദ്ധരായി. തങ്ങളുമായി യുദ്ധത്തിന് വന്നവര്‍ വധിക്കപ്പെടണം എന്നായിരുന്നു തീരുമാനം. ഇതിനിടയില്‍ കപടവിശ്വാസികളുടെ നേതാവായി അറിയപ്പെട്ടിരുന്ന അബ്ദുല്ലാഹിബിന് ഉബയ്യ് ഇടപെട്ടു. തനിക്ക് പിന്തുണയും സഹായവും നല്‍കിയിരുന്ന ഖൈനുഖാഇനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നും പ്രവാചകനെ പിന്തിരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തുടര്‍ന്ന് മദീനവിട്ട് പോകാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചു. അവര്‍ ശാമിന്റെ സമീപം അദ് രിയാത്തില്‍ താമസമാക്കി.

ഇതോടെ മദീനയില്‍ വീണ്ടും സമാധാനാന്തരീക്ഷം തിരിച്ചുവന്നു. എന്നാല്‍ ബദ് ര്‍ സംഭവത്തിന് പ്രതികാരം തീര്‍ക്കാനെന്നവണ്ണം അബൂസുഫ്യാന്‍ നയിച്ച 200 അംഗസംഘം (അതോ 40 ഓ) മദീനയുടെ പരിസരത്ത് എത്തിച്ചേരുകയും അന്‍സാരികളായ രണ്ട് കര്‍ഷകരെ അകാരണമായി വധിക്കുകയും ചെയ്തു. മുസ്ലിംകള്‍ പിന്തുടര്‍ന്നാലോ എന്ന് ഭയന്ന് അദ്ദേഹവും സംഘവും അവടെ നിന്ന് മക്കയിലേക്ക് കുതിച്ചു. മുസ്ലിംകള്‍ ഖര്‍ഖറത്തുല്‍ കുദ്ര്‍ എന്ന സ്ഥലം വരെ പിന്തുടര്‍ന്നു. തങ്ങള്‍ ഭക്ഷണത്തിനായി കൊണ്ടുവന്ന മാവ് വാഹനങ്ങളുടെ ഭാരം കുറക്കാന്‍ വഴിനീളെ ഉപേക്ഷിച്ചതിനാല്‍ സവീഖ് സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. പലതരത്തിലും ഈ സംഭവം വിപരീതമായ ഫലങ്ങളാണ് ഉളവാക്കിയത്. അബൂസുഫ്യാന് പേടിച്ചോടി എന്ന ചീത്തപ്പേര് അത് മൂലം സംഭവിച്ചു. മദീനയുടെ പരിസരപ്രദേശത്ത് താമസിക്കുന്ന ഗോത്രങ്ങളില്‍ ഭീതിനിറക്കാനും ഇത് കാരണമായി. നോവിച്ച് വിട്ട മക്കക്കാര്‍ പ്രതികാരത്തിന് മുതിരുമ്പോള്‍ അത് തങ്ങളെയാണ് ആദ്യം ബാധിക്കുക എന്നവര്‍ മനസ്സിലാക്കി. മുഹമ്മദാണ് അതിന് കാരണം എന്ന ചിന്ത അവരില്‍ മുസ്ലിംകള്‍ക്കെതിരെ തിരിയാന്‍ പ്രേരണയായി. മാത്രവുമല്ല ചില ഗോത്രങ്ങള്‍ കൊള്ളക്ക് മുതിര്‍ന്നപ്പോള്‍ പ്രവാചകന്റെ സംഘം അവരെ അമര്‍ച ചെയ്തതും അവരുടെ അപ്രീതി മുസ്ലിംകള്‍ക്ക് നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചില ഗോത്രങ്ങള്‍ പ്രവാചകനെതിരെ വളരെ ശക്തമായി പടപ്പുറപ്പാട് നടത്തിയെങ്കിലും മുസ്ലിംകളുടെ പ്രതിരോധത്തില്‍ അവ തകര്‍ന്നുപോയി.

തുടര്‍ന്ന് നടന്ന ഉഹദ് യുദ്ധം. ഒരര്‍ഥത്തില്‍ മുസ്ലിംകളുടെ പരാജയത്തില്‍ കലാശിച്ചു. ആദ്യഘട്ടത്തില്‍ വിജയിച്ചതായിരുന്നു. എന്നാല്‍ മുസ്ലിംകളുടെ ഭാഗത്ത് നിന്ന് പ്രവാചകന്റെ കല്‍പന നടപ്പാക്കുന്നതില്‍ സംഭവിച്ച ഒരു ചെറിയ പിഴവ് ശത്രുക്കളുടെ തിരിച്ചുവരവിന് വഴിയൊരുക്കി. മുസ്ലിംകളില്‍ നിന്ന് ധാരാളം ആളുകള്‍ വധിക്കപ്പെട്ടു. ഏതോ കാരണത്താല്‍ മുസ്ലികളെ വിട്ട് അബൂസുഫ്യാന്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

Share

Twitter Delicious Facebook Digg Stumbleupon Favorites More