സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരെ പ്രകോപനപരമായി കാണുന്നവരാണ് അറബികള്‍. ഇന്നും അങ്ങനെത്തന്നെ. അതുകൊണ്ടായിരിക്കാം ഒരുബലാല്‍സംഗവും പ്രവാചകചരിത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. അതിനാല്‍ ഖുര്‍ആനിലോ ഹദീസിലോ അതിന് നിര്‍ണിത ശിക്ഷയും വിധിച്ചിട്ടില്ല. വ്യഭിചാരത്തെപ്പോലെ നാല് സാക്ഷികളെ ഹാജറാക്കാന്‍ ബലാല്‍സംഗവിധേയമായ സ്ത്രീയോട് ആവശ്യപ്പെടുമോ എന്ന് ചോദിച്ചാല്‍ ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഒന്നു പരുങ്ങാനുള്ള കാരണം അതാണ്. യുക്തിവാദികള്‍ക്ക് ആ അവസരം മാത്രം മതി ഇസ്ലാമിന്റെ സ്തീവിരുദ്ധതയെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍. പറഞ്ഞുവന്നത്, ബലാല്‍സംഗത്തെ കുറിച്ചല്ലെങ്കിലും ഒരു സ്ത്രീ കയ്യേറ്റത്തിന് ഇരയായതിനെ ക്കുറിച്ചാണ്. സംഭവം നടന്നത് ഇങ്ങനെ. മേല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍, വിദ്വേഷം കത്തിനിന്ന ജൂതഗോത്രങ്ങളിലൊന്നായ ഖൈനുഖാഇന്റെ അങ്ങാടിയില്‍ ഒരു സ്ത്രീ ആഭരണവ്യാപാരിയെ സമീപിക്കുന്നു. ഇരിക്കുന്ന മുസ്ലിം സ്ത്രീയുടെ വസ്ത്രം ഒരു ജൂതന്‍ ഒരു കൊളുത്തില്‍ ബന്ധിച്ചു. അതറിയാതെ എഴുന്നേറ്റ സ്ത്രീയുടെ വസ്ത്രം ഉരിയുകയും നഗ്നത വെളിവാകുകയും ചെയ്തു. ആളുകള്‍ ആര്‍ത്തുചിരിച്ചു. ഇത് കണ്ട ഒരു മുസ്ലിം അയാളെ വകവരുത്തി. അതോടെ മറ്റൊരാള്‍ ഘാതകന്റെയും കഥകഴിച്ചു. കാര്യം അവിടംകൊണ്ടവസാനിച്ചില്ല ഈ അവസരം മുതലെടുത്ത് ജൂതന്‍മാര്‍ സംഘടിതമായി ആക്രമണത്തിനൊരുങ്ങി. കരാര്‍ പാലിക്കാനുള്ള അഭ്യര്‍ഥന അവര്‍ പരിഹസിച്ചുതള്ളി. ഇത് കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു. അതിനാല്‍ പ്രവാചകന്‍ അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചു. അവര്‍ കോട്ടയില്‍ അഭയം തേടി. പ്രവാചകനും അനുയായികളും അവരെ ഉപരോധിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ പ്രവാചകന്റെ വിധി സ്വീകരിക്കാന്‍ സന്നദ്ധരായി. തങ്ങളുമായി യുദ്ധത്തിന് വന്നവര്‍ വധിക്കപ്പെടണം എന്നായിരുന്നു തീരുമാനം. ഇതിനിടയില്‍ കപടവിശ്വാസികളുടെ നേതാവായി അറിയപ്പെട്ടിരുന്ന അബ്ദുല്ലാഹിബിന് ഉബയ്യ് ഇടപെട്ടു. തനിക്ക് പിന്തുണയും സഹായവും നല്‍കിയിരുന്ന ഖൈനുഖാഇനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നും പ്രവാചകനെ പിന്തിരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തുടര്‍ന്ന് മദീനവിട്ട് പോകാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചു. അവര്‍ ശാമിന്റെ സമീപം അദ് രിയാത്തില്‍ താമസമാക്കി.
ഇതോടെ മദീനയില്‍ വീണ്ടും സമാധാനാന്തരീക്ഷം തിരിച്ചുവന്നു. എന്നാല്‍ ബദ് ര്‍ സംഭവത്തിന് പ്രതികാരം തീര്‍ക്കാനെന്നവണ്ണം അബൂസുഫ്യാന്‍ നയിച്ച 200 അംഗസംഘം (അതോ 40 ഓ) മദീനയുടെ പരിസരത്ത് എത്തിച്ചേരുകയും അന്‍സാരികളായ രണ്ട് കര്‍ഷകരെ അകാരണമായി വധിക്കുകയും ചെയ്തു. മുസ്ലിംകള്‍ പിന്തുടര്‍ന്നാലോ എന്ന് ഭയന്ന് അദ്ദേഹവും സംഘവും അവടെ നിന്ന് മക്കയിലേക്ക് കുതിച്ചു. മുസ്ലിംകള്‍ ഖര്‍ഖറത്തുല്‍ കുദ്ര്‍ എന്ന സ്ഥലം വരെ പിന്തുടര്‍ന്നു. തങ്ങള്‍ ഭക്ഷണത്തിനായി കൊണ്ടുവന്ന മാവ് വാഹനങ്ങളുടെ ഭാരം കുറക്കാന്‍ വഴിനീളെ ഉപേക്ഷിച്ചതിനാല്‍ സവീഖ് സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. പലതരത്തിലും ഈ സംഭവം വിപരീതമായ ഫലങ്ങളാണ് ഉളവാക്കിയത്. അബൂസുഫ്യാന് പേടിച്ചോടി എന്ന ചീത്തപ്പേര് അത് മൂലം സംഭവിച്ചു. മദീനയുടെ പരിസരപ്രദേശത്ത് താമസിക്കുന്ന ഗോത്രങ്ങളില്‍ ഭീതിനിറക്കാനും ഇത് കാരണമായി. നോവിച്ച് വിട്ട മക്കക്കാര്‍ പ്രതികാരത്തിന് മുതിരുമ്പോള്‍ അത് തങ്ങളെയാണ് ആദ്യം ബാധിക്കുക എന്നവര്‍ മനസ്സിലാക്കി. മുഹമ്മദാണ് അതിന് കാരണം എന്ന ചിന്ത അവരില്‍ മുസ്ലിംകള്‍ക്കെതിരെ തിരിയാന്‍ പ്രേരണയായി. മാത്രവുമല്ല ചില ഗോത്രങ്ങള്‍ കൊള്ളക്ക് മുതിര്‍ന്നപ്പോള്‍ പ്രവാചകന്റെ സംഘം അവരെ അമര്‍ച ചെയ്തതും അവരുടെ അപ്രീതി മുസ്ലിംകള്‍ക്ക് നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചില ഗോത്രങ്ങള്‍ പ്രവാചകനെതിരെ വളരെ ശക്തമായി പടപ്പുറപ്പാട് നടത്തിയെങ്കിലും മുസ്ലിംകളുടെ പ്രതിരോധത്തില്‍ അവ തകര്‍ന്നുപോയി.
തുടര്‍ന്ന് നടന്ന ഉഹദ് യുദ്ധം. ഒരര്‍ഥത്തില്‍ മുസ്ലിംകളുടെ പരാജയത്തില്‍ കലാശിച്ചു. ആദ്യഘട്ടത്തില്‍ വിജയിച്ചതായിരുന്നു. എന്നാല്‍ മുസ്ലിംകളുടെ ഭാഗത്ത് നിന്ന് പ്രവാചകന്റെ കല്‍പന നടപ്പാക്കുന്നതില്‍ സംഭവിച്ച ഒരു ചെറിയ പിഴവ് ശത്രുക്കളുടെ തിരിച്ചുവരവിന് വഴിയൊരുക്കി. മുസ്ലിംകളില്‍ നിന്ന് ധാരാളം ആളുകള്‍ വധിക്കപ്പെട്ടു. ഏതോ കാരണത്താല്‍ മുസ്ലികളെ വിട്ട് അബൂസുഫ്യാന്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ