2011, ഡിസംബർ 16, വെള്ളിയാഴ്‌ച

മദീനയിലെ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ഭരണഘടന

എം. ഖുത്വ്‌ബ്‌ പ്രബോധനത്തിലെഴുതിയ ലേഖനം ഇവിടെ എടുത്ത് ചേർക്കുന്നു.
അന്ത്യപ്രവാചകന്‍ മുഹമ്മദ്‌(സ) മാനുഷ്യകത്തിന്റെ മാര്‍ഗദര്‍ശിയും സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഉത്തമ മാതൃക കാഴ്‌ചവെച്ച നേതാവുമാണ്‌. അതുകൊണ്ടാണ്‌ ബര്‍ണാഡ്‌ഷാ പറഞ്ഞത്‌, `മുഹമ്മദിനെ പോലെ ഒരാള്‍ ലോകത്തിന്റെ ഭരണാധികാരിയായി വരികയാണെങ്കില്‍ ലോകം ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കാണുകയും മാനവരാശിയെ സമാധാനത്തിലേക്കും ശാന്തിയിലേക്കും നയിക്കുകയും ചെയ്യുമായിരുന്നു' എന്ന്‌.

പ്രവാചകന്‍ മദീനയില്‍ രൂപപ്പെടുത്തിയ ഭരണഘടന പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രതന്ത്രജ്ഞത ബോധ്യപ്പെടും. നബിയുടെ ഹിജ്‌റയെ തുടര്‍ന്ന്‌ മദീന ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആസ്ഥാനമായി. മദീനയുടെ ഭരണഘടന തുടക്കത്തില്‍ തന്നെ ലിഖിതരൂപത്തിലായിരുന്നു. ഭരണത്തിന്റെ പ്രധാന വിഭാഗങ്ങളെല്ലാം അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. രാഷ്‌ട്രീയം, നിയമനിര്‍മാണം, ഭരണ-നീതിന്യായ സംവിധാനം തുടങ്ങിയവയെല്ലാം അത്‌ കണക്കിലെടുത്തിട്ടുണ്ട്‌. പ്രവാചകന്റെ കാലത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അതില്‍ നവീകരണങ്ങളും വരുത്തിയിട്ടുണ്ട്‌ എന്നു വേണം അനുമാനിക്കാന്‍.

ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ എതിരാളികള്‍ ആദ്യം മദീനയിലെ ജൂതരോ ക്രൈസ്‌തവരോ മുശ്‌രിക്കുകളോ ആയിരുന്നില്ല. മക്കയിലെ ഖുറൈശികളായിരുന്നു എന്നാണ്‌ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ഭരണഘടന സൂചിപ്പിക്കുന്നത്‌. ആധുനിക കാലഘട്ടത്തില്‍ രാജ്യനിവാസികളായ ബഹുസ്വര സമൂഹം ഒരിക്കലും ഇസ്‌ലാമിന്റെ എതിര്‍പക്ഷത്തല്ല; അവരുമായി സത്യം, നന്മ, നീതി, സമഭാവന എന്നിവയുടെ അടിസ്ഥാനത്തില്‍ സഹകരിച്ച്‌, ഒരൊറ്റ ജനത ആയി നിലനിന്നുകൊണ്ട്‌ ക്ഷേമരാഷ്‌ട്രം കെട്ടിപ്പടുക്കേണ്ട ബാധ്യതയാണ്‌ ഇസ്‌ലാമിക സമൂഹത്തിന്റേത്‌ എന്ന്‌ നബിചര്യയും ലോകത്താദ്യമായി എഴുതപ്പെട്ട മദീനയുടെ ഭരണഘടനയും നമ്മെ പഠിപ്പിക്കുന്നു.

പ്രവാചകന്‍ മദീനയിലെത്തുന്നത്‌ ഒരു രാഷ്‌ട്രീയ ശൂന്യതയിലേക്കാണ്‌. അന്നവര്‍ക്കൊരു അധികാരി ഉണ്ടായിരുന്നില്ല. മദീന, പ്രവാചകന്റെ നേതൃത്വം വളരെ വേഗം സ്വീകരിച്ചു. അവര്‍ക്കൊരു രാജാവുണ്ടായിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. സൊറാഷ്‌ട്രര്‍ക്കോ കണ്‍ഫ്യൂഷ്യസിനോ മൂസാ പ്രവാചകനോ യേശുവിനോ ഈ സൗകര്യമുണ്ടായിട്ടില്ല. ഈയൊരു മഹത്തായ ദൈവികാനുഗ്രഹം കാരണമാണ്‌ പ്രവാചകന്‌ അനുകരണീയമായ ഉദാത്ത മാതൃക കാഴ്‌ചവെക്കാനായത്‌. എല്ലാ അര്‍ഥത്തിലും അഖില മേഖലകളിലും തന്റെ ജനത്തിന്റെ മാര്‍ഗദര്‍ശിയാവുക എന്നതാണ്‌ പ്രവാചകന്റെ ഉദാത്ത മാതൃക. അതിനുള്ള ഭൗതിക സാഹചര്യം ഒരുക്കിയത്‌ മദീനയുടെ സവിശേഷ രാഷ്‌ട്രീയ അവസ്ഥയാണ്‌. മനുഷ്യസമൂഹത്തെ സംബന്ധിച്ച്‌ എന്തൊരനുഗ്രഹമായിരുന്നു അത്‌. പ്രവാചകനോളം വിവേകമതിയും നിഷ്‌പക്ഷനുമായ ഒരു ഭരണാധികാരി ഉണ്ടായിരുന്നോ?

പ്രബോധനത്തിന്റെ ഒന്നാം ദിവസം മുതല്‍ക്കു തന്നെ അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെ ആധാരം തൗഹീദും ദൈവമാര്‍ഗത്തിലുള്ള ധനവ്യയവും ആയിരുന്നു. മക്കയില്‍ വെച്ചുതന്നെ അഞ്ചു നേരത്തെ നമസ്‌കാരവും സമ്പത്തില്‍ സാധുക്കള്‍ക്ക്‌ കഴിവിനനുസരിച്ചുള്ള വിഹിതവും നിര്‍ബന്ധമാക്കിയിരുന്നു. പക്ഷേ ഇതൊന്നും മതിയാവില്ല. സുസ്ഥാപിതമായ ഒരു സംവിധാനം ഇനിയുമുണ്ടാവേണ്ടിയിരിക്കുന്നു. പ്രവാചകന്‍ എന്ന നിലയില്‍ സമഗ്രവും സര്‍വതല സ്‌പര്‍ശിയുമായ നേതൃത്വമാണ്‌ പ്രവാചകന്‌ നിര്‍വഹിക്കാനുണ്ടായിരുന്നത്‌. അതിന്‌ പല കാരണങ്ങളുമുണ്ട്‌. ഒന്ന്‌, ഒരു ധര്‍മസമൂഹത്തിന്റെ നിലനില്‍പിന്‌ നിയമശാസനകള്‍ ആവശ്യമാണ്‌. ഇസ്‌ലാമിന്റെ ആധാരങ്ങളില്‍ സമൂഹത്തെ നയിക്കാന്‍ അന്ന്‌ മറ്റൊരാളില്ല. എന്തെന്നാല്‍ ഇസ്‌ലാം അതിന്റെ രൂപീകരണ ദശയിലാണ്‌. അതെങ്ങനെയാണ്‌ വേണ്ടതെന്നറിയുന്ന ഒരേ ഒരാള്‍ പ്രവാചകനാണ്‌. രാഷ്‌ട്രത്തലവന്മാര്‍ക്കും സൈനിക നേതൃത്വത്തിനും മറ്റാരെയും പോലെ അനുകരണീയമായ മാതൃകകള്‍ അനിവാര്യമാണ്‌. ഇസ്‌ലാമിനു മുമ്പത്തെ ഭൗതിക സമൂഹത്തിന്‌ അതായിരുന്നു ഇല്ലാതെ പോയതും. അധികാരികളെ നിയന്ത്രിക്കാന്‍ മാര്‍ഗരേഖകളില്ലെന്നു വന്നാല്‍ അവര്‍ സ്വേഛാധികാരികളാകും. അതാകട്ടെ അരാജകത്വത്തിനേക്കാള്‍ മോശമാകും. കാരണങ്ങളെന്തുമാവട്ടെ പ്രവാചകന്‍ തന്റെ മനസ്സിലുള്ള കാര്യം സഹചരന്മാരോടും അമുസ്‌ലിം അയല്‍ക്കാരോടും ചര്‍ച്ച ചെയ്‌തു. സ്വയം ഒരു ഇസ്‌ലാമിക രാഷ്‌ട്രമാകുന്നതിന്റെ തുടക്കമായി അവര്‍ മദീനയില്‍ അനസിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നു. വ്യവസ്ഥാപിതമായ ശാസനകള്‍ നിയമമായി അവര്‍ എഴുതിയുണ്ടാക്കി.

ക്രി. 622-ല്‍ മഹാനായ പ്രവാചകന്റെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട `മദീനാ ചാര്‍ട്ടര്‍' ലോകത്താദ്യമായി എഴുതപ്പെട്ട ഒരു രാജ്യത്തിന്റെ ഭരണഘടനയാണ്‌. ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആദ്യത്തെ ഭരണഘടനയെന്നതു പോലെ തന്നെ, മനുഷ്യചരിത്രത്തിലെ ആദ്യത്തെ സമഗ്ര ലിഖിത ഭരണഘടന കൂടിയാണത്‌.

ബൈബിള്‍ സൂചിപ്പിക്കുന്ന, ശാമുവേലിന്റെ ഒന്നാം പുസ്‌തകത്തിലെ മര്‍ദകരും സ്വേഛാധികാരികളുമായ ഭരണകര്‍ത്താക്കളുടെ പ്രത്യേകമായ അവകാശങ്ങളെക്കുറിച്ചുള്ള ലിഖിതങ്ങള്‍ അപഹാസ്യതയില്‍ കവിഞ്ഞ ഒന്നുമല്ല. കണ്‍ഫ്യൂഷ്യസിന്റെയോ (551-419 ബി.സി) അരിസ്റ്റോട്ടലിന്റെയോ (384-322 ബി.സി) കൗടില്യന്റെയോ രചനകളും ഒരു പരമാധികാര രാഷ്‌ട്രത്തിന്റെ അംഗീകൃത നിയമവ്യവസ്ഥകളായിരുന്നില്ല. രാജാക്കന്മാര്‍ക്കും രാജകുമാരന്മാര്‍ക്കുമുള്ള നിര്‍ദേശങ്ങളോ കൈപ്പുസ്‌തകങ്ങളോ ആയിരുന്നു അവ. ബന്ധപ്പെട്ടവര്‍ക്കത്‌ തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അരിസ്റ്റോട്ടലിന്റെ `ആഥന്‍സിന്റെ ഭരണഘടന'യാകട്ടെ ഒരു ചരിത്രരേഖ മാത്രമാണ്‌. അതെഴുതുമ്പോള്‍ ആഥന്‍സ്‌ ഒരു നഗര രാഷ്‌ട്രമായി നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. പാശ്ചാത്യ ലോകത്തിലെ നാഴികക്കല്ല്‌ എന്നു വിശേഷിപ്പിക്കാവുന്ന അമേരിക്കയുടെ ഭരണഘടന പോലും എഴുതപ്പെട്ടത്‌ ക്രി. 1787-ലാണ്‌.

ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആദ്യത്തെ ഭരണഘടനയെന്നത്‌ മാത്രമല്ല, ലോകത്താദ്യമായി എഴുതപ്പെട്ട ഒരു രാജ്യത്തിന്റെ ഭരണഘടന കൂടിയാണ്‌ മഹാനായ പ്രവാചകന്റെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട `മദീനാ ചാര്‍ട്ടര്‍.' മദീനയിലെ ഇസ്‌ലാമിക ഭരണകൂടം ആധുനിക കാലഘട്ടത്തിലെ ഗവണ്‍മെന്റുകളേക്കാള്‍ ബഹുസ്വരവും സമൂഹത്തിന്റെ വിവിധ വിഭാഗം ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയതും ആയിരുന്നു. ഇന്ന്‌ നമ്മുടെ രാജ്യത്തും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന വിവിധ സാമൂഹിക രാഷ്‌ട്രീയ വിഭാഗങ്ങളെ ഒരു ഐക്യമുന്നണി എന്ന നിലയില്‍ ഏകോപിപ്പിച്ചു ഭരിക്കുന്ന ഒരു ഗവണ്‍മെന്റിന്‌ സമാനമായ ഘടനയായിരുന്നു മദീനയിലെ ഇസ്‌ലാമിക രാഷ്‌ട്ര ഘടനക്കുണ്ടായിരുന്നത്‌. മദീനയിലെ എട്ട്‌ ജൂതഗോത്രങ്ങളും മദീനയിലെ അന്‍സ്വാറുകളും മക്കയിലെ മുഹാജിറുകളും ക്രൈസ്‌തവ വിഭാഗങ്ങളുമെല്ലാം അടങ്ങിയ ഒരു ജനസമൂഹത്തെ ഒരു ഉമ്മത്ത്‌ അഥവാ നേഷന്‍ (കമ്യൂണിറ്റി) എന്ന അടിസ്ഥാനത്തില്‍ ഒരു രാഷ്‌ട്രത്തെ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത ചരിത്ര സംഭവമാണ്‌ `മദീന ചാര്‍ട്ടര്‍' അനാവരണം ചെയ്യുന്നത്‌.

ഒന്നാം ഖണ്ഡിക ഒരു ഉമ്മത്തിന്റെ പ്രോദ്‌ഘാടനം പ്രഖ്യാപിക്കുന്നു. ഇവര്‍ ഒരു ഉമ്മത്ത്‌ (കമ്യൂണിറ്റി) ആയിരിക്കും. ഉമ്മത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും-മുസ്‌ലിമിനും ജൂത-ക്രൈസ്‌തവനും ബഹുദൈവാരാധകനും തുല്യാവകാശമുണ്ടായിരിക്കും; യുദ്ധ സന്ദര്‍ഭങ്ങളില്‍ വിശേഷിച്ചും. പരസ്‌പര സഹായത്തിന്റെയും തുല്യ നീതിയുടെയും അടിസ്ഥാനത്തില്‍ ജൂതര്‍ക്ക്‌ ഈ രാഷ്‌ട്രീയ സംവിധാനത്തിലേക്ക്‌ കടന്നുവരുന്നതിന്‌ പതിനാറാം ഖണ്ഡികയായി പ്രത്യേക നിയമം തന്നെ എഴുതിച്ചേര്‍ത്തിട്ടുണ്ട്‌. നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ പ്രമാണം തീര്‍ത്തും വിപ്ലവകരം തന്നെയായിരുന്നു. നീതി നടന്നു എന്ന്‌ ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര ഭരണത്തിനാണ്‌, വ്യക്തികള്‍ക്കല്ല. അതിന്‌ വേണ്ടത്‌ ചെയ്യാന്‍ ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്‌. അത്‌ തനിക്കോ തന്റെ കുടുംബത്തിനോ ഗോത്രത്തിനോ ഹാനികരമായിരിക്കും എന്നു വന്നാല്‍ പോലും (ഖണ്ഡിക 13). കുറ്റവാളിക്ക്‌ ആരും അഭയം നല്‍കാന്‍ പാടില്ല. തര്‍ക്കങ്ങളില്‍ പരമമായ തീര്‍പ്പ്‌ ദൈവത്തിനും അവന്റെ ഭൂമിയിലെ പരമോന്നത മധ്യസ്ഥനെന്ന നിലയില്‍ പ്രവാചകനും ആയിരിക്കും (ഖണ്ഡിക 23). ഗോത്ര നിയമമനുസരിച്ച്‌ പഴയ സാമൂഹിക ഇന്‍ഷുറന്‍സ്‌ (പൊതു സുരക്ഷാക്രമം) നിലനിര്‍ത്തുകയും, രക്തതെണ്ടം, യുദ്ധത്തടവുകാരുടെ മോചനം, നഷ്‌ടപരിഹാരം മുതലായവ പൊതുഫണ്ടില്‍ നിന്നാവണമെന്ന്‌ നിശ്ചയിക്കുകയും ചെയ്‌തു. കാരണം, ഭരണകൂടത്തിന്‌ ഒരു മുസ്‌ലിമിനെയും കടബാധ്യതയില്‍ ഉപേക്ഷിക്കാവുന്നതല്ല. സ്വന്തം കാര്യങ്ങള്‍ നടത്തുന്നതില്‍ ഓരോ ഗോത്രത്തിനും സ്വയം ഭരണാധികാരമുണ്ടായിരിക്കും (ഖണ്ഡിക 3-10). ഇനിമേല്‍ ഗോത്രം ജന്മ നിശ്ചയമല്ല. അതൊരു ചൈതന്യവത്തായ കൂട്ടായ്‌മയാണ്‌. ഉദാ: മുഹാജിറുകള്‍ ഏതെങ്കിലും മക്കന്‍ ഗോത്രം മാത്രമല്ല, അവര്‍ എല്ലാവരും മക്കക്കാര്‍ തന്നെയോ അറബികള്‍ പോലുമോ അല്ല. മുമ്പും അറബികള്‍ വിദേശികളെ തങ്ങളുടെ ഗോത്രത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. അവര്‍ക്ക്‌ പാരമ്പര്യ ഗോത്രക്കാര്‍ക്കുള്ള അവകാശങ്ങള്‍ പലതും ഉണ്ടായിരുന്നില്ല. എങ്കിലും പലരും ചേര്‍ന്ന്‌ പുതിയൊരു സ്വത്വം രൂപപ്പെടുത്തുന്നതിന്‌ ഇതുപോലെ മുന്‍ ഉദാഹരണങ്ങളില്ല. സമാധാനം അഭംഗുരം നിലനിര്‍ത്തിക്കൊണ്ടുള്ള സുരക്ഷാ പ്രതിരോധ നിലപാടുകളാകും രാഷ്‌ട്രം സ്വീകരിക്കുക. സൈനിക സേവനത്തില്‍ നിന്ന്‌ ആര്‍ക്കും ഒഴിയാനാവില്ല (ഖണ്ഡിക 18). ഒരാളും ശത്രുവിന്റെ സ്വത്തുക്കളുടെ സംരക്ഷകനാകരുത്‌ (ഖണ്ഡിക 20). ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ നഷ്‌ടം വന്ന ആര്‍ക്കും സമൂഹം ഒന്നിച്ച്‌ നഷ്‌ടം നികത്തിക്കൊടുക്കും. പ്രവാചകന്‍ തര്‍ക്കങ്ങളില്‍ പരമോന്നത തീര്‍പ്പുകാരനായിരിക്കും. അദ്ദേഹത്തിന്റെ തീര്‍പ്പ്‌ ഒരു കാരണവശാലും മറികടക്കാവുന്നതല്ല (ഖണ്ഡിക 23).

ധാരണാ പത്രം തുടങ്ങുന്നത്‌, ഒരു യുദ്ധമുണ്ടായാല്‍ ജൂതരുടെ നിലപാട്‌ എന്തായിരിക്കണം എന്ന്‌ പറഞ്ഞുകൊണ്ടാണ്‌. നമുക്ക്‌ ന്യായമായും ഊഹിക്കാവുന്ന ഒരു കാര്യം, പുറത്തുനിന്നുള്ള ഒരാക്രമണത്തെ ഭയപ്പെട്ടപോലെ തന്നെ, അകത്തുനിന്ന്‌ ജൂതര്‍ക്ക്‌ അക്രമികളോട്‌ തോന്നിയേക്കാവുന്ന അനുഭാവത്തെക്കുറിച്ചും മദീനയിലെ മുസ്‌ലിംകള്‍ ആശങ്കാകുലരായിരുന്നുവെന്നതാണ്‌. പ്രമാണത്തിന്റെ രണ്ടാം ഭാഗത്ത്‌ ദൈവത്തിന്റെ ദൂതനായ മുഹമ്മദ്‌ എന്ന പ്രയോഗം ആവര്‍ത്തിച്ചു (ഖണ്ഡിക 42:47). സ്വന്തം മതം ആചരിക്കുന്നതിന്‌ ധാരണാ പത്രം തടസ്സമൊന്നും സൃഷ്‌ടിക്കുന്നില്ലെന്നിരിക്കെ, ഒരു തന്ത്രമെന്ന നിലയില്‍ അവര്‍ അത്‌ വകവെച്ചു കൊടുക്കുകയും ചെയ്‌തു. അതേ രീതിയില്‍, മറുവഴികളില്‍ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ പ്രവാചകന്റെ അന്തിമ തീരുമാനത്തിന്‌ വിടാനും അവര്‍ സമ്മതിച്ചു. എന്നാല്‍, കരാറു പത്രം വിട്ടുകളഞ്ഞ ഒരു കാര്യമുണ്ട്‌. അതിലാകട്ടെ ഖുര്‍ആന്‍ കൃത്യമായ നിലപാടെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. അതായത്‌ ക്രിസ്‌ത്യാനികളും ജൂതന്മാരും തങ്ങളുടെ വേദ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം എന്ന്‌. അനേകം സംഭവങ്ങളില്‍ സ്വന്തം ഗോത്രമുഖ്യന്മാര്‍ക്കു മുമ്പില്‍ തീര്‍പ്പാവാത്ത കാര്യങ്ങളുമായി ജൂതന്മാര്‍ പ്രവാചകനെ സമീപിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്‌. പ്രവാചകന്‍ അവരുടെ വ്യക്തി നിയമങ്ങളനുസരിച്ച്‌ അവയില്‍ തീര്‍പ്പ്‌ കല്‍പിക്കുകയും ചെയ്‌തു.

നാല്‍പത്തിമൂന്നാം ഖണ്ഡികയനുസരിച്ച്‌ ജൂതന്മാര്‍ മക്കക്കാരെ യാതൊരുവിധത്തിലും സഹായിക്കാന്‍ പാടില്ല. മക്കക്കാര്‍ക്ക്‌ ജൂതന്മാരുടെ സഹായം തടയുക മാത്രമല്ല, ഒരാക്രമണമുണ്ടായാല്‍ ഒരു ജൂത മുസ്‌ലിം മുന്നണി ഉണ്ടാക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. അക്രമികളുമായുള്ള സന്ധി പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും. കേന്ദ്രാധികാരത്തിന്റെ തീരുമാനം എല്ലാ കക്ഷികള്‍ക്കും ബാധകമായിരിക്കും (ഖണ്ഡിക 37,44,45). പ്രതിരോധ യുദ്ധത്തില്‍ ഓരോ കക്ഷിയും താന്താങ്ങളുടെ ചെലവുകള്‍ വഹിക്കണം (ഖണ്ഡിക 24,37,38). എന്നാല്‍ കടന്നാക്രമണം നടത്തുന്നവരെ സഹായിക്കാന്‍ പരസ്‌പരം ബാധ്യതയില്ല. മുസ്‌ലിം സൈനിക നീക്കങ്ങളില്‍ ജൂതരുടെ സാന്നിധ്യം പ്രവാചകന്റെ അനുമതിക്ക്‌ വിധേയമായിരിക്കും. വിദേശികള്‍ക്ക്‌ സംരക്ഷണം, തടവുകാരുടെ മോചന ദ്രവ്യ സമാഹരണം, രക്തതെണ്ടം ഇതെല്ലാം പഴയപോലെ ഓരോ കക്ഷിയുടെയും ഉത്തരവാദിത്വത്തിലായിരിക്കും. നീതി നിര്‍വഹണത്തില്‍ തടസ്സം നില്‍ക്കാന്‍ ഒരു കക്ഷിക്കും പാടില്ല (അത്‌ തങ്ങളില്‍ ആര്‍ക്കെങ്കിലും എതിരായിട്ടാണെങ്കില്‍ പോലും). എല്ലാ ജൂതപ്രജകളും അവരുടെ കക്ഷികളും ഉത്തരവാദിത്വത്തിന്റെയും അവകാശങ്ങളുടെയും കാര്യത്തില്‍ തുല്യരായിരിക്കും. ഹിറാക്ലിയസിനെയും മറ്റു ക്രിസ്‌ത്യന്‍ രാജാക്കന്മാരെയും ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചപ്പോഴും പ്രവാചകന്‍ ഇതേ കാര്യം തന്നെയാണ്‌ പറഞ്ഞത്‌. ``തീര്‍ച്ചയായും വിശ്വാസികള്‍, യഹൂദ നസ്രായ സാബിയന്‍ മതങ്ങളില്‍ വിശ്വസിച്ചവര്‍ അല്ലാഹുവിലും വിധിദിനത്തിലും വിശ്വസിക്കുകയും നന്മ ചെയ്യുകയും ചെയ്‌തവര്‍, അവരുടെ പ്രതിഫലം അവരുടെ രക്ഷിതാവിങ്കല്‍ സുരക്ഷിതമാണ്‌. അവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല'' (2:62, 5:69).

മദീനയുടെ ഭരണഘടന

പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍!

അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദും മക്കയിലെ മുഹാജിറുകളും മദീനയിലെ അന്‍സ്വാറുകളും ജൂതന്മാരും മറ്റു സഹായികളായ ബഹുദൈവാരാധക ഗോത്രങ്ങളുമായി എഴുതിയ ഉടമ്പടി.

1. മുകളില്‍ പറയപ്പെട്ടവര്‍ ഒരു ഉമ്മത്തായി നിലകൊള്ളും.

2. മക്കയിലെ മുഹാജിറുകള്‍ പൊതു സുരക്ഷാക്രമം, രക്തതെണ്ടം, യുദ്ധത്തടവുകാരുടെ മോചനം മുതലായവ അവരുടെ ഗോത്ര നിയമമനുസരിച്ച്‌ നിലനിര്‍ത്തുകയും യുദ്ധത്തടവുകാരോട്‌ കാരുണ്യത്തോടും നീതിപൂര്‍വവും വര്‍ത്തിക്കുകയും ചെയ്യും.

3. ബനൂ ഔഫ്‌ ഗോത്രം പൊതു സുരക്ഷാക്രമം, രക്തതെണ്ടം, യുദ്ധത്തടവുകാരുടെ മോചനം മുതലായവ അവരുടെ പഴയ ഗോത്ര നിയമമനുസരിച്ച്‌ നിലനിര്‍ത്തുകയും യുദ്ധത്തടവുകാരോട്‌ കാരുണ്യത്തോടും നീതിപൂര്‍വവും വര്‍ത്തിക്കുകയും ചെയ്യും.

4. ബനൂ സാഇദ (ഖണ്ഡിക 3 പ്രകാരം).

5. ബനുല്‍ഹാരിഥ്‌ (ഖണ്ഡിക 3 പ്രകാരം).

6. ബനൂ ജുശാം (ഖണ്ഡിക 3 പ്രകാരം).

7.ബനുന്നജ്ജാര്‍ (ഖണ്ഡിക 3 പ്രകാരം).

8. ബനൂ അംറുബ്‌നു ഔഫ്‌ (ഖണ്ഡിക 3 പ്രകാരം).

9. ബനുന്നബിത്‌ (ഖണ്ഡിക 3 പ്രകാരം).

10. ബനുല്‍ഔസ്‌ (ഖണ്ഡിക 3 പ്രകാരം).

11. വിശ്വാസികള്‍ തങ്ങളില്‍ പെട്ട ആരെയും കടബാധ്യതയില്‍ ഉപേക്ഷിക്കാവുന്നതല്ല.

12. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ ആശ്രിതനുമായി അയാളുടെ സമ്മതമില്ലാതെ സഖ്യത്തില്‍ ഏര്‍പ്പെടരുത്‌.

13. ദൈവവിശ്വാസികളുടെ പ്രവൃത്തികള്‍ മറ്റൊരു വിശ്വാസിക്ക്‌ അനീതിയും അക്രമവും ദോഷകരവുമായാല്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്‌ സ്വന്തം പുത്രന്മാരായാലും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

14. ഒരവിശ്വാസിയുടെ പേരില്‍ വിശ്വാസികള്‍ വിശ്വാസികളെ കൊല്ലരുത്‌. വിശ്വാസിക്കെതിരില്‍ അവരെ സഹായിക്കരുത്‌.

15. അല്ലാഹുവിന്റെ സംരക്ഷണം എല്ലാവര്‍ക്കുമാണ്‌. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും ലഭ്യമാക്കണം.

16. അനുയായികളായ ജൂതന്മാര്‍ക്ക്‌ എല്ലാ സഹായവും പിന്തുണയും തുല്യതയും നല്‍കും.

17. വിശ്വാസികളുടെ സമാധാനം എല്ലാവര്‍ക്കുമാണ്‌. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും ലഭ്യമാക്കണം. സമാധാനം പരസ്‌പര നീതിയിലും സമഭാവനയിലും അധിഷ്‌ഠിതമാണ്‌.

18. സൈനിക പര്യടനങ്ങള്‍ക്ക്‌ പുറപ്പെടുമ്പോള്‍ സൈനിക നേതൃത്വത്തെ അറിയിക്കുകയും സേനയുടെ സാന്നിധ്യമുറപ്പാക്കുകയും വേണം. സഖ്യ കക്ഷികളായ ജൂതഗോത്രങ്ങളുടെ ശത്രുക്കളെ ഒരിക്കലും സഹായിക്കുന്നതല്ല.

19. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശ്വാസികള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പരസ്‌പരം പ്രതികാരം ചെയ്യാന്‍ പാടില്ല. മദീനാ നഗരത്തില്‍ രണ്ടുതരം സമാധാനം പാടില്ല (ഒന്നുകില്‍ എല്ലാവര്‍ക്കും സമാധാനം. അല്ലെങ്കില്‍ എല്ലാവര്‍ക്കും യുദ്ധം. മദീനയില്‍ ഒരു വിഭാഗം അന്യനാടുമായി യുദ്ധത്തിലും ഒരു വിഭാഗം അന്യനാടുമായി സമാധാനത്തിലും എന്ന അവസ്ഥ പാടില്ല).

20. അവിശ്വാസി സമൂഹത്തിലെ ആരും തന്നെ ശത്രുവായ മക്കയിലെ ഖുറൈശികളുടെ സമ്പത്ത്‌ കൈവശം വെക്കാന്‍ പാടില്ല. ശത്രുക്കളുടെ സമ്പത്ത്‌ രാഷ്‌ട്രത്തിന്റെ പൊതുമുതലിലേക്ക്‌ കൈമാറണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശ്വാസികള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ മദീനക്കകത്ത്‌ മറ്റൊരാളും സമാധാന ഉടമ്പടി നടത്താന്‍ പാടില്ല.

21. തക്കതായ കാരണങ്ങള്‍ കൂടാതെ ഒരവിശ്വാസി ഒരു വിശ്വാസിയെ വധിക്കാന്‍ പാടില്ല. വധിക്കപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ്‌ നല്‍കുന്നില്ലെങ്കില്‍ കൊലയാളിയെ വധശിക്ഷക്ക്‌ വിധേയനാക്കാവുന്നതാണ്‌ (അല്ലെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ രാഷ്‌ട്രത്തിന്റെ നിയമവും ക്രമസമാധാനനിലയും തകരാറിലാക്കുകയും പ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യും). എല്ലാ വിശ്വാസികളും ഇത്തരം തിന്മകള്‍ക്കെതിരെ നിലകൊള്ളണം. വിശ്വാസികള്‍ തിന്മക്ക്‌ കൂട്ടുനില്‍ക്കരുത്‌.

22. അവിശ്വാസികള്‍ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത്‌ നില്‍ക്കാന്‍ പാടില്ല (കാരണം, ഖുറൈശികള്‍ മദീനയിലെ രാഷ്‌ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാല്‍ ശത്രുക്കളാണ്‌).

23. ഈ കരാറില്‍ പറയുന്ന കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അല്ലാഹുവിനും പ്രവാചകന്‍ മുഹമ്മദി(സ)നും കൈമാറണം.

24. യുദ്ധങ്ങളുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഒരു വിഹിതം ജൂത ഗോത്രങ്ങളും വഹിക്കേണ്ടതാണ്‌.

25. ജൂത ഗോത്രമായ ബനൂ ഔഫിനെ വിശ്വാസികളായ മുസ്‌ലിംകളോടൊപ്പം ഒറ്റ ഉമ്മത്ത്‌ (കമ്യൂണിറ്റി) ആയി പരിഗണിക്കും. ജൂതന്മാര്‍ക്ക്‌ അവരുടെ മതത്തില്‍ നിലകൊള്ളാം. അവരുടെ സ്വതന്ത്രമാക്കപ്പെട്ട ആളുകള്‍ക്കും ഇത്‌ ബാധകമാണ്‌. അന്യായം പ്രവര്‍ത്തിക്കുന്നവര്‍ക്കും പാപം ചെയ്യുന്നവര്‍ക്കും ഇത്‌ ബാധകമല്ല. കാരണം അവര്‍ അവരോടും അവരുടെ കുടുംബത്തോടും ദ്രോഹമാണ്‌ ചെയ്യുന്നത്‌.

26. ബനൂ ഔഫിനു ബാധകമാക്കപ്പെട്ട മേല്‍പറഞ്ഞ നിബന്ധനകള്‍ ബനൂന്നജ്ജാര്‍ ഗോത്രത്തിനു ബാധകമാണ്‌. അവിശ്വാസികള്‍ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത്‌ നില്‍ക്കാന്‍ പാടില്ല (കാരണം ഖുറൈശികള്‍ മദീനയിലെ രാഷ്‌ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാല്‍ ശത്രുക്കളാണ്‌).

27. ബനുല്‍ ഹാരിഥ്‌ ഗോത്രത്തിനു ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം).

28. ബനു സാഇദ ഗോത്രത്തിനും ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം).

29. ബനു ജുശാം ഗോത്രത്തിനും ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം).

30. ബനുല്‍ഔസ്‌ ഗോത്രത്തിനും ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം).

31. ബനൂ തലബ ഗോത്രത്തിനും ബാധകമാണ്‌ (ഖണ്ഡിക 26 പ്രകാരം). കുറ്റവാളികള്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇത്‌ ബാധകമല്ല.

32. തലബയുടെ ഉപവിഭാഗമായ ജഫ്‌നക്കും മേല്‍പറഞ്ഞത്‌ ബാധകമാണ്‌.

33. ബനൂ ഔസ്‌ ഗോത്രത്തിന്‌ ബാധകമായത്‌ ബനൂശുതൈബ ഗോത്രത്തിനും ബാധകമാണ്‌.

34. തലബയുടെ ആശ്രിതരും അവരെപ്പോലെ തന്നെ.

35. ജൂത ഗോത്രങ്ങളുടെ ആശ്രിതരും അവരെപ്പോലെ തന്നെ.

36. ആരും മുഹമ്മദ്‌ നബിയുടെ അനുവാദമില്ലാതെ യുദ്ധത്തിന്‌ പോകാന്‍ പാടില്ല.

37. ജൂതന്മാര്‍ അവരുടെ വിഹിതവും മുസ്‌ലിംകള്‍ അവരുടെ വിഹിതവും വഹിക്കണം. ഈ കരാറില്‍ പറയപ്പെട്ട വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. അവര്‍ക്കിടയില്‍ സൗഹാര്‍ദവും പരസ്‌പര സഹകരണവും സത്യസന്ധതയും രാജ്യസ്‌നേഹവും വളര്‍ത്തിയെടുക്കണം.

38. യുദ്ധങ്ങളുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഒരു വിഹിതം ജൂത ഗോത്രങ്ങളും വഹിക്കേണ്ടതാണ്‌ (ഖണ്ഡിക 24 ആവര്‍ത്തനം).

39. ഈ ഉടമ്പടിയില്‍ പറയപ്പെട്ടവര്‍ക്ക്‌ മദീന ഒരു ശാന്തിഗേഹം ആയിരിക്കും.

40. ദ്രോഹമോ വഞ്ചനയോ കാണിക്കാത്തവര്‍ക്ക്‌ അതിഥി ആതിഥേയനെപ്പോലെ ആയിരിക്കും.

41. ഒരു സ്‌ത്രീയെയും അവളുടെ കുടുംബത്തിന്റെ അനുമതി കൂടാതെ അതിഥിയായി സ്വീകരിക്കാന്‍ പാടില്ല.

42. ഈ കരാറില്‍ പറയുന്ന കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അല്ലാഹുവിനും പ്രവാചകന്‍ മുഹമ്മദിനും കൈമാറണം. അല്ലാഹു ഈ കരാറിനെക്കുറിച്ച്‌ സൂക്ഷ്‌മമായി അറിയുന്നവനാണ്‌.

43. മക്കയിലെ ഖുറൈശികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ഒരുവിധ സംരക്ഷണവും നല്‍കുന്നതല്ല.

44. മദീനയെ ആക്രമിക്കുന്നവരെ ഈ ഉടമ്പടിയിലെ കക്ഷികള്‍ ഒന്നിച്ച്‌ നേരിടും.

45. ഉടമ്പടിയിലെ കക്ഷികളെ ഒത്തുതീര്‍പ്പിനും സന്ധിസംഭാഷണത്തിനും വിളിക്കുമ്പോള്‍ അവര്‍ സന്ധി അംഗീകരിക്കണം. മുസ്‌ലിംകള്‍ യുദ്ധസന്ദര്‍ഭങ്ങളില്‍ അല്ലാത്തപ്പോള്‍ അവരും സമാധാന സന്ധി അംഗീകരിക്കണം. ഓരോ വിഭാഗവും അവരുടെ വിഹിതം വഹിക്കണം.

46. ജൂതഗോത്രമായ അല്‍ ഔസിനും അവരുടെ ആശ്രിതര്‍ക്കും ഉടമ്പടിയിലെ കക്ഷികള്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട്‌. ഉടമ്പടിയോട്‌ അവര്‍ സത്യസന്ധത കാട്ടണം.

47. കുറ്റവാളി കുറ്റത്തിന്റെ ഭാരം വഹിക്കണം. അല്ലാഹു നീതിപൂര്‍വം ഈ കരാര്‍ രേഖപ്പെടുത്തുന്നു. തിന്മയും പാപവും പ്രവര്‍ത്തിക്കുന്നവരെ ഈ രേഖ സംരക്ഷിക്കുന്നില്ല. അല്ലാഹു നന്മ ചെയ്യുന്നവരെയും സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരെയും സംരക്ഷിക്കുന്നു. മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാകുന്നു.

m.kuthub@gmail.com

റഫറന്‍സ്‌
1. സീറാ റസൂലുല്ല- ഇബ്‌നു ഇസ്‌ഹാഖ്‌
2. മദീനാ ചാര്‍ട്ടര്‍- വിക്കിപ്പീഡിയ
3. ഷോര്‍ട്ട്‌ നോട്ട്‌ ഓണ്‍ മദീനാ ചാര്‍ട്ടര്‍-കാസിം അഹ്‌മദ്‌
4. മദീനാ ചാര്‍ട്ടര്‍- ഡോ. ഹമീദുല്ല

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More