പ്രവാചകനെ എങ്ങനെ തിരിച്ചറിയാം?

'നാം നിന്നെ സത്യജ്ഞാനത്തോടുകൂടി സുവിശേഷകനും മുന്നറിയിപ്പുകാരനുമായി അയച്ചിരിക്കുന്നു' (2:119)

This is default featured post 2 title

(പ്രവാചകാ,) മനുഷ്യര്‍ക്കൊന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. പക്ഷേ, അധികജനവും അറിയുന്നില്ല.(ഖുര്‍ആന്‍ - 34:28)

This is default featured post 3 title

'പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.' (21:107)

This is default featured post 4 title

'നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു; ശുഭവാര്‍ത്ത നല്‍കുന്നവനും താക്കീത് ചെയ്യുന്നവനുമാക്കിക്കൊണ്ട്. യാതൊരു സമുദായവും, അതിലൊരു മുന്നറിയിപ്പുകാരന്‍ വരാതെ കഴിഞ്ഞുപോയിട്ടില്ല.' (35:24)

This is default featured post 5 title

'പ്രവാചകാ, (ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക്) ശുഭവാര്‍ത്തയും (വിശ്വസിക്കാത്തവര്‍ക്ക്) മുന്നറിയിപ്പും നല്‍കുക എന്നതല്ലാതെ മറ്റൊരു കാര്യത്തിനും നാം നിന്നെ നിയോഗിച്ചിട്ടില്ല.' (17:105)

2010, ജനുവരി 25, തിങ്കളാഴ്‌ച

പ്രവാചകനെ അനുസരിക്കല്‍

ഒരു വ്യക്തി പ്രവാചകനാണെന്ന് ബോധ്യമായിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിക്കുകയും പ്രവൃത്തികളെ അവലംബിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ഒരു വ്യക്തി ദൈവത്തിന്റെ പ്രവാചകനാണെന്ന് സമ്മതിക്കുകയും അതേസമയം അയാളുടെ വാക്കും പ്രവൃത്തിയും തിരസ്‌കരിക്കുകയും ചെയ്യുക എന്നത് യുക്തിവിരുദ്ധമത്രേ. കാരണം, ഒരാള്‍ പ്രവാചകനാണ് എന്ന് സമ്മതിക്കുന്നതിന്റെ അര്‍ഥം അയാളുടെ പ്രസ്താവനകള്‍ ദൈവത്തിങ്കല്‍നിന്ന് ലഭിച്ചതും പ്രവൃത്തികള്‍ ദൈവാഭീഷ്ടമനുസരിച്ചുള്ളതുമാണെന്ന് നാം സമ്മതിക്കുന്നു എന്നാണ്. അതില്‍പിന്നെ, അദ്ദേഹത്തിന്നെതിരില്‍ നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും യഥാര്‍ഥത്തില്‍ ദൈവവിരുദ്ധമായി ഭവിക്കും. ദൈവവിരുദ്ധമായതൊന്നും സത്യമായിരിക്കില്ല. അതിനാല്‍, ഒരു വ്യക്തിയെ പ്രവാചകനായി സമ്മതിച്ചു കഴിഞ്ഞാല്‍പിന്നെ, അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരംപ്രതി സ്വീകരിക്കുവാനും ആജ്ഞകള്‍ ശിരസാവഹിക്കുവാനും നാം നിര്‍ബന്ധിതരാണ് - അവയിലടങ്ങിയ തത്ത്വങ്ങളും യുക്തികളും ഫലങ്ങളും നമുക്ക് മനസ്സിലായാലും ഇല്ലെങ്കിലും. ഒരു കാര്യം പ്രവാചകന്റെതാണ് എന്നതു തന്നെ അത് സത്യമാണെന്നതിന് തെളിവാണ്. സകല യുക്തികളും നന്‍മകളും അതിലന്തര്‍ഭവിച്ചിരിക്കുമെന്ന് കരുതാനും അതു തന്നെ മതി. ഒരു കാര്യത്തിന്റെ യുക്തിയോ ഫലമോ നമുക്കറിയാനാവുന്നില്ല എന്നതിന്റെ അര്‍ഥം അത് മുഴുക്കെ ദോഷമാണ് എന്നല്ല. അത് മനസ്സിലാക്കുന്നതില്‍ നമുക്ക് പിഴവ് പറ്റിയിട്ടുണ്ട് എന്ന് മാത്രമാണ്. ഒരു വിഷയത്തില്‍ പൂര്‍ണവൈദഗ്ധ്യം ഇല്ലാത്ത ഒരാള്‍ക്ക് അതിലെ അതിസൂക്ഷ്മമായ സംഗതികള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലോ. എന്നാല്‍, ആ വിഷയത്തില്‍ പൂര്‍ണ വിദഗ്ധനായ ഒരാള്‍ പറയുന്നത്, തനിക്കതിലുള്ള യുക്തി പിടികിട്ടിയില്ല എന്ന ഏക കാരണത്താല്‍ തള്ളിക്കളയുന്നവര്‍ എത്ര വലിയ വിഡ്ഢികളാണ്. ലോകത്തിലെ സകല ജോലിക്കും അതില്‍ വിദഗ്ധരായവര്‍ വേണം. ഒരു വിദഗ്ധനെ കണ്ടെത്തിയാല്‍ പിന്നെ അവനില്‍ നാം പൂര്‍ണവിശ്വാസം അര്‍പ്പിക്കുന്നു. അതില്‍പിന്നെ, മറ്റാരും അവന്റെ പ്രവൃത്തികളിലിടപെടില്ല. കാരണം, എല്ലാവരും എല്ലാറ്റിലും ഒരുപോലെ വിദഗ്ധരായിരിക്കില്ലല്ലോ. അത്തരമൊരു വിദഗ്ധനെ കണ്ടെത്താനാണ് നാം സ്വന്തം  ബുദ്ധിയും സാമര്‍ഥ്യവുമുപയോഗിക്കേണ്ടത്. കണ്ടെത്തിയ വ്യക്തി വിദഗ്ധനാണെന്ന് ബോധ്യം വന്നുകഴിഞ്ഞാല്‍ പിന്നെ അയാളില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കണം. അതിന്ന്‌ശേഷം അവന്റെ പ്രവൃത്തികളില്‍ കൈകടത്തുന്നതും ഓരോ കാര്യത്തിന്റെയും തത്ത്വവും യുക്തിയും പഠിപ്പിച്ചുതരാത്തപക്ഷം സ്വീകരിക്കുകയില്ലെന്ന് ശഠിക്കുന്നതും ബുദ്ധിയല്ല. ഒരു വക്കീലിന് കേസ് ഏല്‍പിച്ചുകൊടുത്ത ശേഷം അദ്ദേഹത്തോട് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചാല്‍ അയാള്‍ നിങ്ങളെ പിടിച്ച് പുറത്താക്കും. ഒരു ഡോക്ടറോട് ചികിത്സയുടെ യുക്തിയും തെളിവും ചോദിച്ചുതുടങ്ങിയാല്‍ അയാള്‍ നിങ്ങളുടെ ചികിത്സതന്നെ വേണ്ടെന്നു വെക്കും. ദൈവത്തെക്കുറിച്ച് യഥാര്‍ഥജ്ഞാനം കരസ്ഥമാക്കുകയാണ് നമ്മുടെ ആവശ്യം. ദൈവഹിതത്തിനൊത്ത് ജീവിക്കാന്‍ പറ്റിയ മാര്‍ഗമേതെന്നും അറിയണം. ഇത് സ്വയം അറിയാനുതകുന്ന ഉപകരണമൊന്നും നമ്മുടെ പക്കലില്ല. അതിനാല്‍, നാം ദൈവത്തിന്റെ പ്രവാചകനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ അന്വേഷണത്തില്‍ നമ്മുടെ മുഴുവന്‍ കഴിവും സാമര്‍ഥ്യവും വിനിയോഗിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, വല്ല കപടനെയും പ്രവാചകനെന്ന് തെറ്റിദ്ധരിച്ചുപോകും. ആപല്‍ക്കരമായ വഴിയില്‍ ചെന്നുപെടുകയാവും അതിന്റെ ഫലം. എന്നാല്‍, സമഗ്രമായ അന്വേഷണപഠനങ്ങള്‍ക്കുശേഷം ഒരാള്‍ സത്യപ്രവാചകനാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, അദ്ദേഹത്തില്‍ പൂര്‍ണമായി വിശ്വസിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ കണിശമായി അനുസരിക്കുകയും ചെയ്‌തേ പറ്റൂ. (ഇസ്ലാം മതം)

2010, ജനുവരി 18, തിങ്കളാഴ്‌ച

പ്രവാചകനെ എങ്ങനെ തിരിച്ചറിയാം?

 ഒരാള്‍ താന്‍ പ്രവാചകനാണ് എന്ന് അവകാശപ്പെടുമ്പോഴേക്ക് അയാളെ പ്രവാചകനായി വിശ്വസിക്കേണമോ. എങ്കില്‍ മനുഷ്യബുദ്ധിക്ക് എന്ത് സ്ഥാനം.? അത്തരമൊരു വിശ്വാസമാണോ ദൈവം മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്നത്?. ഇപ്പോള്‍ പ്രവാചകനെ നിഷേധിക്കുന്നവരെല്ലാം. കണിശമായ ഒരു പരിശോധനക്ക് ശേഷമാണോ പ്രവാചകനെ തള്ളിയിരിക്കുന്നത്.? അതോ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ ആ ദൈവത്തിന്റെ ദൂതനെയും കേട്ടമാത്രയില്‍ തള്ളിക്കളഞ്ഞതോ?.പ്രവാചകനെ തിരിച്ചറിയാന്‍ എന്തുണ്ട് മാര്‍ഗം?

താഴെ നല്‍കിയ വിവരണം വായിക്കുക:

'കാവ്യപ്രതിഭയുള്ള ഒരാളുടെ സംസാരം കേട്ടാല്‍ അതയാളുടെ ജന്‍മസിദ്ധമായ കഴിവാണെന്ന് മനസ്സിലാകും. എത്ര തന്നെ ശ്രമിച്ചാലും അയാളുടേത് പോലുള്ള കവിത രചിക്കുവാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതുപോലെ പ്രസംഗം, എഴുത്ത്, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ജന്‍മവാസനയുള്ളവരെയും അവരുടെ പ്രവൃത്തികളുടെ സവിശേഷതകളില്‍നിന്ന് തിരിച്ചറിയാം. കാരണം, അവര്‍ സ്വന്തം ജോലികളില്‍ അനന്യസാധാരണമായ യോഗ്യത തെളിയിച്ചിരിക്കും. ഇതുപോലെയാണ് പ്രവാചകനും. അന്യര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഷ്പ്രയാസം തെളിയും. അന്യരുടെ ദൃഷ്ടിയില്‍പെടാത്ത സൂക്ഷ്മമായ സംഗതികളില്‍ ദൃഷ്ടികള്‍ പതിയും. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധി അംഗീകരിക്കും. എന്നല്ല, അതാണ് ശരിയെന്ന് ബുദ്ധി സാക്ഷ്യപ്പെടുത്തും. അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും സത്യാവസ്ഥ ദൈനംദിനാനുഭവങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, എത്ര ശ്രമിച്ചാലും അത്തരം ഒരു വാക്കുപോലും നമുക്ക് പറയാനാവില്ല. അദ്ദേഹത്തിന്റെ പ്രകൃതി പരിശുദ്ധമായിരിക്കും. തന്‍മൂലം സകല ഏര്‍പ്പാടുകളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗങ്ങളേ കൈക്കൊള്ളൂ. ചീത്ത വാക്കോ ദുഷ്പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്നൊരിക്കലും പുറത്തുവരില്ല. സത്യവും സല്‍ക്കര്‍മങ്ങളും മറ്റുള്ളവരോടുപദേശിക്കുന്നതോടൊപ്പം സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും. വാക്കിനെതിരായി പ്രവര്‍ത്തിച്ചതിന് ഉദാഹരണങ്ങള്‍ കാണില്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍; വാക്കിലോ പ്രവൃത്തിയിലോ സ്വാര്‍ഥതയുടെ നിഴലാട്ടംപോലും ദൃശ്യമാവില്ല. അന്യജീവന്നുതകുവാന്‍ സ്വജീവിതത്തിലദ്ദേഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കും. മാത്രമല്ല, സ്വന്തം ഗുണത്തിനായി അന്യര്‍ക്ക് ഹാനിവരുത്തുകയുമില്ല. സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്‍മാര്‍ഗനിഷ്ഠ, പരിശുദ്ധി തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ക്ക് മാതൃകയായിരിക്കുമദ്ദേഹം. എത്ര തന്നെ പരിശോധിച്ചാലും അദ്ദേഹത്തിന്റെ ജീവിതത്തിലൊരു ന്യൂനത കണ്ടുപിടിക്കുക അസാധ്യമായിരിക്കും. പ്രവാചകനെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന സംഗതികളാണിവ.
(ഇസ്ലാം മതം)

2010, ജനുവരി 9, ശനിയാഴ്‌ച

ആരാണ് പ്രവാചകന്‍

മനുഷ്യരില്‍ തൊണ്ണൂറ് ശതമാനത്തിലധികം ദൈവവിശ്വാസികളാണ്. ദൈവത്തേയും അതുപോലുള്ള അദൃഷ്യജ്ഞാനത്തേയും പാടെതള്ളിക്കളയുന്നവര്‍ തുലോം വിരളമാണ്. ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം മനുഷ്യരെ സൃഷ്ടിക്കുകയും അവനാവശ്യമായ സകലസംവിധാനങ്ങളുമൊരുക്കിയ ദൈവം അവന്റെ സന്‍മാര്‍ഗദര്‍ശനത്തിന് മനുഷ്യരില്‍തന്നെയുള്ള ചിലരെ പ്രത്യേകമായി തെരഞ്ഞെടുത്ത് ബോധനം നല്‍കി എന്ന കാര്യം വിശ്വസിക്കാതിരിക്കാന്‍ ന്യായമൊന്നുമില്ല. ആരാണ് പ്രവാചകന്‍?. എന്താണ് അദ്ദേഹത്തിന്റെ ദൗത്യം? തുടങ്ങിയ കാര്യങ്ങളാണ് തുടര്‍ന്നുള്ള ഏതാനും പോസ്റ്റുകള്‍ ചര്‍ചചെയ്യുന്നത്. ലേഖനങ്ങള്‍ അവലംബമാണെങ്കിലും ഈ വിഷയത്തില്‍ ചര്‍ചയാഗ്രഹിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി നല്‍കുന്നതാണ്. തുടര്‍ന്ന് വായിക്കുക:

'മനുഷ്യന്നാവശ്യമുള്ള  വസ്തുക്കളെല്ലാം  ദൈവമിവിടെ ഒരുക്കിവെച്ചിട്ടുണ്ടെന്ന് കാണാം. ജനിക്കുന്ന ഒരു കുഞ്ഞിനെ നോക്കൂ: എന്തൊക്കെ സാമഗ്രികളുമായാണ് അവനീ ലോകത്തേക്ക് വരുന്നത്. കാണാന്‍ കണ്ണ്, കേള്‍ക്കാന്‍ കാത്, ശ്വസനത്തിന് മൂക്ക്, സ്പര്‍ശനശക്തിക്ക് ചര്‍മം, നടക്കാന്‍ കാലുകള്‍, പണിയെടുക്കാന്‍ കൈകള്‍, ചിന്തിക്കാന്‍ മസ്തിഷ്‌കം - അങ്ങനെയെന്തെല്ലാം! ഇവയെല്ലാം മുന്‍കൂട്ടി തന്നെ കുഞ്ഞിന്റെ കൊച്ചുശരീരത്തില്‍ സജ്ജമാക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്ത് എത്തിച്ചേര്‍ന്നശേഷം ജീവിക്കാന്‍ വേണ്ട സാമഗ്രികളും സുസജ്ജം. വായു, വെളിച്ചം, ചൂട്, വെള്ളം, ഭൂമി എന്നിവക്കു പുറമേ, മാതാവിന്റെ മാറിടത്തില്‍ പാല്‍. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മാത്രമല്ല, അന്യരുടെപോലും സ്‌നേഹവാത്സല്യങ്ങള്‍; ലാളനകള്‍. അങ്ങനെ ആ കുഞ്ഞ് വളരുന്തോറും അവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള സകല വസ്തുക്കളും പടിപടിയായി അവന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു - ആകാശ ഭൂമികളിലെ സകല ശക്തികളും അവനെ വളര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരായതുപോലെ!
മാത്രമല്ല, സകലവിധ കഴിവുകളും മനുഷ്യന്ന് നല്‍കപ്പെട്ടിരിക്കുന്നു. കായബലം, ബുദ്ധി, ഗ്രഹണശക്തി, സംസാര ശേഷി തുടങ്ങി നിരവധി കഴിവുകള്‍. ഇക്കാര്യത്തില്‍ ദൈവം വിസ്മയാവഹമായ ഒരു വ്യവസ്ഥ ഉണ്ടാക്കിയതായി കാണാം. കഴിവുകള്‍ എല്ലാവരിലും ഒരേ അനുപാതത്തിലല്ല! ആയിരുന്നെങ്കില്‍ മനുഷ്യര്‍ പരസ്പരം ആശ്രയിക്കുകയോ വിലവെക്കുകയോ ചെയ്യുമായിരുന്നില്ല. മനുഷ്യരാശിയുടെ പൊതുവായ ആവശ്യം മുന്‍നിര്‍ത്തി കഴിവുകളെല്ലാം മനുഷ്യര്‍ക്കുതന്നെ നല്‍കിയ ദൈവം ഓരോരുത്തര്‍ക്കും നല്‍കിയ കഴിവിന്റെ തോതിലും അനുപാതത്തിലും ഭേദം കല്‍പിച്ചു. ചിലര്‍ക്ക് കായബലം കൂടുതല്‍ നല്‍കിയപ്പോള്‍ മറ്റു ചിലര്‍ക്ക് കലാവാസനയും തൊഴില്‍ നൈപുണ്യവുമാണ് പ്രദാനം ചെയ്തത്. ചിലര്‍ക്ക് ബുദ്ധിശക്തി കൂടുതല്‍; മറ്റു ചിലരില്‍ നേതൃത്വ വാസനയും. ഭരണശേഷിയാണ് ചിലരില്‍ മുഴച്ചുനില്‍ക്കുന്നത്. അസാമാന്യമായ വാചാലതയാണ് ചിലരുടെ സവിശേഷതയെങ്കില്‍ മറ്റു ചിലര്‍ കൃതഹസ്തരായ എഴുത്തുകാരാണ്. ഗണിതശാസ്ത്രത്തിലെ അതിദുഷ്‌കരമായ വിഷമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മിടുക്കരാണ് ചിലര്‍. മറ്റു ചിലര്‍ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നു. പ്രകൃത്യാതന്നെ നിയമത്തില്‍ തല്‍പരരാണ് ഒരു കൂട്ടര്‍. മറ്റുള്ളവര്‍ വര്‍ഷങ്ങളോളം ചിന്തിച്ചിട്ടും പിടികിട്ടാത്ത പോയിന്റുകളില്‍ അവരുടെ ചിന്ത നിഷ്പ്രയാസം ചെന്നെത്തുന്നു. ഇതെല്ലാം ദൈവത്തിന്റെ മഹത്തായ യുക്തിയുടെ ഫലമത്രേ. ഈ കഴിവുകളൊന്നും വ്യക്തികള്‍ സ്വയം സൃഷ്ടിക്കുന്നവയല്ല. പരിശീലനംകൊണ്ട് സ്വായത്തമാവുന്നതുമല്ല. ജന്‍മസിദ്ധമാണവ. ദൈവം സ്വന്തം യുക്തിക്കും ഉദ്ദേശ്യത്തിനുമൊത്ത് ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ളവ.

ദൈവം കഴിവുകള്‍ ദാനം ചെയ്ത രീതി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. സാമൂഹ്യ ജീവിതത്തില്‍ കൂടുതലാവശ്യമായ കഴിവുകള്‍ കൂടുതലാളുകള്‍ക്കും ആവശ്യം കുറവുള്ളവ കുറഞ്ഞ ആളുകള്‍ക്ക് മാത്രമായും നല്‍കുകയാണ് ചെയ്തിരിക്കുന്നത്. യോദ്ധാക്കള്‍, കര്‍ഷകര്‍, ആശാരിമാര്‍ തുടങ്ങിയവര്‍ ധാരാളം ജനിക്കുന്നു. വൈജ്ഞാനിക സിദ്ധി, രാജ്യതന്ത്രജ്ഞത, സേനാനായകത്വം തുടങ്ങിയവകൊണ്ടനുഗൃഹീതരായവര്‍ കുറവായേ കാണൂ. ഒരു പ്രത്യേക കലയില്‍ അസാധാരണ നൈപുണ്യമുള്ളവര്‍ അതിലും കുറവായിരിക്കും. കാരണം, അത്തരം ഒരു വ്യക്തിയുടെ സംഭാവനകള്‍ നൂറ്റാണ്ടുകളോളം അത്തരത്തിലുള്ള മറ്റൊരു വിദഗ്ധന്റെ ആവശ്യമില്ലാതാക്കുന്നു.

ഇവിടെ ഒരു ചോദ്യമുയരുന്നു. ജീവിതവിജയത്തിന്, കുറേ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞന്‍മാരും തത്ത്വജ്ഞാനികളും നിയമപടുക്കളും രാഷ്ട്രമീമാംസകരും തൊഴില്‍വിദഗ്ധരും മാത്രം മതിയോ? മറ്റാവശ്യങ്ങളൊന്നുമില്ലേ മനുഷ്യന്? മനുഷ്യന്ന് ദൈവമാര്‍ഗം കാണിച്ചുകൊടുക്കാന്‍ കഴിവുള്ള ചിലരും വേണ്ടതില്ലേ? ഈ ലോകത്ത് എന്തൊക്കെയുണ്ടെന്നും അവ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും കാണിച്ചുകൊടുക്കാനാളുണ്ട്. എന്നാല്‍, താന്‍ ആര്‍ക്കുവേണ്ടിയാണ്? പ്രാപഞ്ചിക വസ്തുക്കളെല്ലാം തനിക്ക് നല്‍കിയതാരാണ്? അത് നല്‍കിയവന്റെ ഹിതത്തിനൊത്ത് ജീവിക്കേണ്ടതെങ്ങനെ? ജീവിതവിജയം കരഗതമാക്കാനുള്ള മാര്‍ഗമേത്? ഇത്യാദി കാര്യങ്ങള്‍ മനുഷ്യനെ പഠിപ്പിക്കാനും വേണ്ടേ ആരെങ്കിലും? വേണമെന്നതില്‍ ഒട്ടും സംശയമില്ല. സത്യത്തില്‍ അവയാണ് എല്ലാറ്റിലും പ്രധാനം. നമ്മുടെ അതിനിസ്സാരമായ ആവശ്യങ്ങള്‍പോലും പൂര്‍ത്തീകരിക്കുവാന്‍ വേണ്ടുന്ന സകല ഏര്‍പ്പാടുകളും ചെയ്ത ദൈവം, സുപ്രധാനമായ ഈ ആവശ്യത്തില്‍ അശ്രദ്ധ കാണിച്ചു എന്ന് പറഞ്ഞാല്‍ നമ്മുടെ ബുദ്ധി അംഗീകരിക്കുമോ? ഇല്ല; ദൈവം അതില്‍ അശ്രദ്ധ കാണിച്ചിട്ടേയില്ല. തൊഴിലുകളിലും കലാശാസ്ത്രങ്ങളിലും വിദഗ്ധരെ സൃഷ്ടിച്ചതുപോലെ, തന്നെയും തന്റെ ഗുണങ്ങളെയും അറിയുന്ന നിപുണന്‍മാരെയും ദൈവം സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ദൈവം നേരിട്ട് ജ്ഞാനം പകര്‍ന്നുകൊടുത്തു- മതപരവും ധാര്‍മികവും സദാചാരപരവുമായ ജ്ഞാനം. അത് മറ്റു ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുക എന്ന മഹാസേവനത്തിനായി അവരെ ചുമതലപ്പെടുത്തി നിയമിച്ചു. ഈ മഹാത്മാക്കള്‍ക്കാണ് പ്രവാചകന്‍, ദൈവദൂതന് എന്നൊക്കെ പറയുന്നത്.'
(ഇസ്ലാം മതം : പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യം)

Share

Twitter Delicious Facebook Digg Stumbleupon Favorites More