2010, ജനുവരി 9, ശനിയാഴ്‌ച

ആരാണ് പ്രവാചകന്‍

മനുഷ്യരില്‍ തൊണ്ണൂറ് ശതമാനത്തിലധികം ദൈവവിശ്വാസികളാണ്. ദൈവത്തേയും അതുപോലുള്ള അദൃഷ്യജ്ഞാനത്തേയും പാടെതള്ളിക്കളയുന്നവര്‍ തുലോം വിരളമാണ്. ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം മനുഷ്യരെ സൃഷ്ടിക്കുകയും അവനാവശ്യമായ സകലസംവിധാനങ്ങളുമൊരുക്കിയ ദൈവം അവന്റെ സന്‍മാര്‍ഗദര്‍ശനത്തിന് മനുഷ്യരില്‍തന്നെയുള്ള ചിലരെ പ്രത്യേകമായി തെരഞ്ഞെടുത്ത് ബോധനം നല്‍കി എന്ന കാര്യം വിശ്വസിക്കാതിരിക്കാന്‍ ന്യായമൊന്നുമില്ല. ആരാണ് പ്രവാചകന്‍?. എന്താണ് അദ്ദേഹത്തിന്റെ ദൗത്യം? തുടങ്ങിയ കാര്യങ്ങളാണ് തുടര്‍ന്നുള്ള ഏതാനും പോസ്റ്റുകള്‍ ചര്‍ചചെയ്യുന്നത്. ലേഖനങ്ങള്‍ അവലംബമാണെങ്കിലും ഈ വിഷയത്തില്‍ ചര്‍ചയാഗ്രഹിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി നല്‍കുന്നതാണ്. തുടര്‍ന്ന് വായിക്കുക:

'മനുഷ്യന്നാവശ്യമുള്ള  വസ്തുക്കളെല്ലാം  ദൈവമിവിടെ ഒരുക്കിവെച്ചിട്ടുണ്ടെന്ന് കാണാം. ജനിക്കുന്ന ഒരു കുഞ്ഞിനെ നോക്കൂ: എന്തൊക്കെ സാമഗ്രികളുമായാണ് അവനീ ലോകത്തേക്ക് വരുന്നത്. കാണാന്‍ കണ്ണ്, കേള്‍ക്കാന്‍ കാത്, ശ്വസനത്തിന് മൂക്ക്, സ്പര്‍ശനശക്തിക്ക് ചര്‍മം, നടക്കാന്‍ കാലുകള്‍, പണിയെടുക്കാന്‍ കൈകള്‍, ചിന്തിക്കാന്‍ മസ്തിഷ്‌കം - അങ്ങനെയെന്തെല്ലാം! ഇവയെല്ലാം മുന്‍കൂട്ടി തന്നെ കുഞ്ഞിന്റെ കൊച്ചുശരീരത്തില്‍ സജ്ജമാക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്ത് എത്തിച്ചേര്‍ന്നശേഷം ജീവിക്കാന്‍ വേണ്ട സാമഗ്രികളും സുസജ്ജം. വായു, വെളിച്ചം, ചൂട്, വെള്ളം, ഭൂമി എന്നിവക്കു പുറമേ, മാതാവിന്റെ മാറിടത്തില്‍ പാല്‍. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മാത്രമല്ല, അന്യരുടെപോലും സ്‌നേഹവാത്സല്യങ്ങള്‍; ലാളനകള്‍. അങ്ങനെ ആ കുഞ്ഞ് വളരുന്തോറും അവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള സകല വസ്തുക്കളും പടിപടിയായി അവന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു - ആകാശ ഭൂമികളിലെ സകല ശക്തികളും അവനെ വളര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരായതുപോലെ!
മാത്രമല്ല, സകലവിധ കഴിവുകളും മനുഷ്യന്ന് നല്‍കപ്പെട്ടിരിക്കുന്നു. കായബലം, ബുദ്ധി, ഗ്രഹണശക്തി, സംസാര ശേഷി തുടങ്ങി നിരവധി കഴിവുകള്‍. ഇക്കാര്യത്തില്‍ ദൈവം വിസ്മയാവഹമായ ഒരു വ്യവസ്ഥ ഉണ്ടാക്കിയതായി കാണാം. കഴിവുകള്‍ എല്ലാവരിലും ഒരേ അനുപാതത്തിലല്ല! ആയിരുന്നെങ്കില്‍ മനുഷ്യര്‍ പരസ്പരം ആശ്രയിക്കുകയോ വിലവെക്കുകയോ ചെയ്യുമായിരുന്നില്ല. മനുഷ്യരാശിയുടെ പൊതുവായ ആവശ്യം മുന്‍നിര്‍ത്തി കഴിവുകളെല്ലാം മനുഷ്യര്‍ക്കുതന്നെ നല്‍കിയ ദൈവം ഓരോരുത്തര്‍ക്കും നല്‍കിയ കഴിവിന്റെ തോതിലും അനുപാതത്തിലും ഭേദം കല്‍പിച്ചു. ചിലര്‍ക്ക് കായബലം കൂടുതല്‍ നല്‍കിയപ്പോള്‍ മറ്റു ചിലര്‍ക്ക് കലാവാസനയും തൊഴില്‍ നൈപുണ്യവുമാണ് പ്രദാനം ചെയ്തത്. ചിലര്‍ക്ക് ബുദ്ധിശക്തി കൂടുതല്‍; മറ്റു ചിലരില്‍ നേതൃത്വ വാസനയും. ഭരണശേഷിയാണ് ചിലരില്‍ മുഴച്ചുനില്‍ക്കുന്നത്. അസാമാന്യമായ വാചാലതയാണ് ചിലരുടെ സവിശേഷതയെങ്കില്‍ മറ്റു ചിലര്‍ കൃതഹസ്തരായ എഴുത്തുകാരാണ്. ഗണിതശാസ്ത്രത്തിലെ അതിദുഷ്‌കരമായ വിഷമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മിടുക്കരാണ് ചിലര്‍. മറ്റു ചിലര്‍ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നു. പ്രകൃത്യാതന്നെ നിയമത്തില്‍ തല്‍പരരാണ് ഒരു കൂട്ടര്‍. മറ്റുള്ളവര്‍ വര്‍ഷങ്ങളോളം ചിന്തിച്ചിട്ടും പിടികിട്ടാത്ത പോയിന്റുകളില്‍ അവരുടെ ചിന്ത നിഷ്പ്രയാസം ചെന്നെത്തുന്നു. ഇതെല്ലാം ദൈവത്തിന്റെ മഹത്തായ യുക്തിയുടെ ഫലമത്രേ. ഈ കഴിവുകളൊന്നും വ്യക്തികള്‍ സ്വയം സൃഷ്ടിക്കുന്നവയല്ല. പരിശീലനംകൊണ്ട് സ്വായത്തമാവുന്നതുമല്ല. ജന്‍മസിദ്ധമാണവ. ദൈവം സ്വന്തം യുക്തിക്കും ഉദ്ദേശ്യത്തിനുമൊത്ത് ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ളവ.

ദൈവം കഴിവുകള്‍ ദാനം ചെയ്ത രീതി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. സാമൂഹ്യ ജീവിതത്തില്‍ കൂടുതലാവശ്യമായ കഴിവുകള്‍ കൂടുതലാളുകള്‍ക്കും ആവശ്യം കുറവുള്ളവ കുറഞ്ഞ ആളുകള്‍ക്ക് മാത്രമായും നല്‍കുകയാണ് ചെയ്തിരിക്കുന്നത്. യോദ്ധാക്കള്‍, കര്‍ഷകര്‍, ആശാരിമാര്‍ തുടങ്ങിയവര്‍ ധാരാളം ജനിക്കുന്നു. വൈജ്ഞാനിക സിദ്ധി, രാജ്യതന്ത്രജ്ഞത, സേനാനായകത്വം തുടങ്ങിയവകൊണ്ടനുഗൃഹീതരായവര്‍ കുറവായേ കാണൂ. ഒരു പ്രത്യേക കലയില്‍ അസാധാരണ നൈപുണ്യമുള്ളവര്‍ അതിലും കുറവായിരിക്കും. കാരണം, അത്തരം ഒരു വ്യക്തിയുടെ സംഭാവനകള്‍ നൂറ്റാണ്ടുകളോളം അത്തരത്തിലുള്ള മറ്റൊരു വിദഗ്ധന്റെ ആവശ്യമില്ലാതാക്കുന്നു.

ഇവിടെ ഒരു ചോദ്യമുയരുന്നു. ജീവിതവിജയത്തിന്, കുറേ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞന്‍മാരും തത്ത്വജ്ഞാനികളും നിയമപടുക്കളും രാഷ്ട്രമീമാംസകരും തൊഴില്‍വിദഗ്ധരും മാത്രം മതിയോ? മറ്റാവശ്യങ്ങളൊന്നുമില്ലേ മനുഷ്യന്? മനുഷ്യന്ന് ദൈവമാര്‍ഗം കാണിച്ചുകൊടുക്കാന്‍ കഴിവുള്ള ചിലരും വേണ്ടതില്ലേ? ഈ ലോകത്ത് എന്തൊക്കെയുണ്ടെന്നും അവ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും കാണിച്ചുകൊടുക്കാനാളുണ്ട്. എന്നാല്‍, താന്‍ ആര്‍ക്കുവേണ്ടിയാണ്? പ്രാപഞ്ചിക വസ്തുക്കളെല്ലാം തനിക്ക് നല്‍കിയതാരാണ്? അത് നല്‍കിയവന്റെ ഹിതത്തിനൊത്ത് ജീവിക്കേണ്ടതെങ്ങനെ? ജീവിതവിജയം കരഗതമാക്കാനുള്ള മാര്‍ഗമേത്? ഇത്യാദി കാര്യങ്ങള്‍ മനുഷ്യനെ പഠിപ്പിക്കാനും വേണ്ടേ ആരെങ്കിലും? വേണമെന്നതില്‍ ഒട്ടും സംശയമില്ല. സത്യത്തില്‍ അവയാണ് എല്ലാറ്റിലും പ്രധാനം. നമ്മുടെ അതിനിസ്സാരമായ ആവശ്യങ്ങള്‍പോലും പൂര്‍ത്തീകരിക്കുവാന്‍ വേണ്ടുന്ന സകല ഏര്‍പ്പാടുകളും ചെയ്ത ദൈവം, സുപ്രധാനമായ ഈ ആവശ്യത്തില്‍ അശ്രദ്ധ കാണിച്ചു എന്ന് പറഞ്ഞാല്‍ നമ്മുടെ ബുദ്ധി അംഗീകരിക്കുമോ? ഇല്ല; ദൈവം അതില്‍ അശ്രദ്ധ കാണിച്ചിട്ടേയില്ല. തൊഴിലുകളിലും കലാശാസ്ത്രങ്ങളിലും വിദഗ്ധരെ സൃഷ്ടിച്ചതുപോലെ, തന്നെയും തന്റെ ഗുണങ്ങളെയും അറിയുന്ന നിപുണന്‍മാരെയും ദൈവം സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ദൈവം നേരിട്ട് ജ്ഞാനം പകര്‍ന്നുകൊടുത്തു- മതപരവും ധാര്‍മികവും സദാചാരപരവുമായ ജ്ഞാനം. അത് മറ്റു ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുക എന്ന മഹാസേവനത്തിനായി അവരെ ചുമതലപ്പെടുത്തി നിയമിച്ചു. ഈ മഹാത്മാക്കള്‍ക്കാണ് പ്രവാചകന്‍, ദൈവദൂതന് എന്നൊക്കെ പറയുന്നത്.'
(ഇസ്ലാം മതം : പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യം)

10 അഭിപ്രായ(ങ്ങള്‍):

ചില സംശയങ്ങള്‍ ... മുഹമ്മദ്ദ് നബി പ്രവാചകനാണോ? എന്തെക്കെയാണ് അദ്ദേഹം പ്രവചിച്ചത്‌? സ്വയം ദൈവത്തിന്റെ പ്രവചകനാണ് എന്നു പറയുന്നതല്ലാതെ അതില്‍ എന്തേങ്കിലും കഴമ്പുണ്ടോ? അരെങ്കിലും അദ്ദേഹത്തെ സാക്ഷ്യപ്പെടുത്തിയോ?

@yet anothr

അന്വേഷണങ്ങള്‍ക്ക് നന്ദി.

മുഹമ്മദ്ദ് നബി പ്രവാചകനാണോ?

അതെ മുഹമ്മദ് നബി പ്രവാചകനാണ്.

എന്തെക്കെയാണ് അദ്ദേഹം പ്രവചിച്ചത്‌?

പ്രവാചകന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവദൂതന്‍ എന്നാണ്. അല്ലാതെ നോസ്ട്രാഡമസ്സിനെ പോലെ കേവലം ചില പ്രവചനങ്ങളുടെ പേരിലല്ല മുഹമ്മദ് നബിയെ പ്രവാചകന്‍ എന്ന് പറയുന്നത്. റസൂല്‍ എന്ന അറബി പദത്തിനാണ് മലയാളത്തില്‍ സൗകര്യാര്‍ഥം ആ പ്രയോഗം മുസ്്‌ലിംകള്‍ നടത്തുന്നത്. റസൂല്‍ എന്നാല്‍ അയക്കപ്പെട്ടവന്‍ എന്നാണ് അര്‍ഥം. എന്നാല്‍ അദ്ദേഹം പ്രവചനമൊന്നും നടത്തിയിട്ടില്ല എന്ന് ഇതുകൊണ്ട് അര്‍ഥമാക്കുന്നിമില്ല. മരണത്തിന് ശേഷം നടക്കുന്ന മുഴുവന്‍ കാര്യങ്ങളും ഇനി നടക്കാനിരിക്കുന്ന പ്രവചനത്തില്‍ പുലരാനിരിക്കുന്ന കാര്യങ്ങളാണ്. അന്ത്യദിനംവും.

സ്വയം ദൈവത്തിന്റെ പ്രവചകനാണ് എന്നു പറയുന്നതല്ലാതെ അതില്‍ എന്തേങ്കിലും കഴമ്പുണ്ടോ?

തീര്‍ചയായും കഴമ്പുണ്ട്. ഈ ബ്ലോഗിന്റെ വലതുവശത്ത് നല്‍കിയ തോമസ് കാര്‍ലൈന്റെ വാക്കുകളുടെ അര്‍ഥം താങ്കള്‍ക്ക് ഉള്‍ക്കൊള്ളാനാവുമെങ്കില്‍ അതുതന്നെ മതി തെളിവായി.

അരെങ്കിലും അദ്ദേഹത്തെ സാക്ഷ്യപ്പെടുത്തിയോ?

സാക്ഷ്യപ്പെടുത്തി. ലോകത്ത് ഇതുപോലെ സാക്ഷ്യം വഹിക്കപ്പെട്ട വസ്തുത വേറെയില്ല. അദ്ദേഹം മരിക്കുന്നതിന് മുമ്പ് തന്നെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഭൂരിപക്ഷം ജനതയും അദ്ദേഹം പ്രവാചകനാണെന്ന് സാക്ഷ്യം വഹിച്ചു. ശേഷം ആയിരത്തോളം വര്‍ഷം അദ്ദേഹത്തിന്റെ പ്രവാചകതത്വത്തില്‍ സാക്ഷ്യം വഹിച്ചവരായിരുന്നു ലോകത്തിലെ പ്രബലശക്തികള്‍. ഇപ്പോള്‍ ലോകത്തിലെ അഞ്ചിലൊന്ന് വരുന്നവരും അതിന് സാക്ഷ്യം വഹിക്കുന്നു. ഈ കാലയളവില്‍ മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്ന് ഞാന്‍ സാക്ഷ്യവഹിക്കുന്നു എന്ന ശബ്ദം അന്തരീക്ഷത്തില്‍ ഉയര്‍ന്ന് പൊങ്ങാത്ത ഒരു നിമിഷം പോലുമില്ല. ബാങ്കിലൂടെ.

ഈ പ്രവാചകനെ കണ്ടെത്താന്‍ കഴിയാതെ മരണപ്പെടുക എന്നത് ഒരു മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ നിര്‍ഭാഗ്യമാണ്. തുടര്‍ന്നുള്ള പോസ്റ്റുകള്‍ കൂടിവായിക്കുക.

മരണത്തിന് ശേഷം നടക്കുന്ന മുഴുവന്‍ കാര്യങ്ങളും - ഇനി നടക്കാനിരിക്കുന്ന - പ്രവചനത്തില്‍ പുലരാനിരിക്കുന്ന കാര്യങ്ങളാണ്. അന്ത്യദിനംവും.

മുകളിലെ പ്രസ്തുതവരി ഇപ്രകാരം തിരുത്തി വായിക്കുക.

I am not fully satisfied with your answer.

അയക്കപ്പെട്ടവനാണെന്ന്‌ സ്വയം ഒരുവന്‍ പറഞ്ഞാല്‍ അതു താങ്കള്‍ മുഖവിലയ്ക്കെടുക്കുമോ? മരണത്തിനു ശേഷം നടക്കും എന്നു അദ്ഡേഹം പറഞ്ഞത്‌ ശരിയാണെന്നതിന് എന്തേങ്കിലും തെളിവുണ്ടൊ? അതു നടന്നതായി ഒരാളും സാക്ഷ്യപ്പെടുത്തിയിട്ടില്ല. അങ്ങിനെ വരുമ്പോള്‍ അതു പ്രവചനമായി കണക്കാക്കാന്‍ ബുന്ദിമുണ്ടുണ്ട്.

[ബ്ലോഗ്]ഇപ്പോള്‍ ലോകത്തിലെ അഞ്ചിലൊന്ന് വരുന്നവരും അതിന് സാക്ഷ്യം വഹിക്കുന്നു.[/ബ്ലൊഗ്]

അങ്ങിനെ വരുമ്പോള്‍ അഞ്ചില്‍ നാലു പേരും സാക്ഷ്യം വഹിക്കുന്നില്ല എന്ന്‌.

ഇന്നു സായി ബാബയേയും അമൃതാനന്ദമയിയേയും ധാരാളം ആളുകള്‍ സാക്ഷ്യപ്പെടുത്തുന്നവരുണ്ട്‌. അതില്‍ നിന്നു വ്യത്യസ്തമായി എന്താണ് മുഹമ്മദ് നബി അയക്കപ്പെട്ടവാണ് എന്നതിന്റെ സാക്ഷ്യം?

[ബ്ലോഗ്ഗ്] ഈ പ്രവാചകനെ കണ്ടെത്താന്‍ കഴിയാതെ മരണപ്പെടുക എന്നത് ഒരു മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ നിര്‍ഭാഗ്യമാണ്. [/ബ്ലൊഗ്]

എന്തുകൊണ്ട്? എനിക്കു മനസ്സിലായില്ല.

expecting a detailed reply. may be as a blog post. is it possible?

@yet anothr

നിങ്ങള്‍ക്ക് തൃപ്തികരമായ രൂപത്തില്‍ ഒരുകമന്റില്‍ മറുപടി പറയാന്‍ കഴിയും എന്നെനിക്ക് ഒരു തെറ്റിദ്ധാരണയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തുടര്‍ന്നുള്ള പോസ്റ്റുകള്‍ വായക്കാനാവശ്യപ്പെട്ടത്. അനുഭവത്തില്‍ നിന്ന് പറയുകയാണ് ചില അത്മാര്‍ഥമായി ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങും എതാനും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് കഴിയുമ്പോള്‍ പരിഹസിച്ച് തനിനിറം കാണിക്കാന്‍ തുടങ്ങും അതിനാല്‍ ചെറിയ ഒരു ആശങ്ക എനിക്കുണ്ട്. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ ചോദിച്ചതെല്ലാം അത്മാര്‍ഥതയോടെ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ ചോദിക്കേണ്ടതുണ്ട്. അതിനാല്‍ കമന്റിലൂടെ സംക്ഷിപ്തമായും പോസ്റ്റിലൂടെ വിശദമായും ദൈവമിഛിച്ചാല്‍ മറുപടി പറയാന്‍ ശ്രമിക്കും.

@yet anothr

'അയക്കപ്പെട്ടവനാണെന്ന്‌ സ്വയം ഒരുവന്‍ പറഞ്ഞാല്‍ അതു താങ്കള്‍ മുഖവിലയ്ക്കെടുക്കുമോ?'

ഇല്ല. പറഞ്ഞതുകൊണ്ട് മാത്രം മുഖവിലക്കെടുക്കേണ്ടതില്ല. പക്ഷെ അതേ പ്രകാരം മുഖവിലക്കെടുക്കാതിരിക്കാനുമാവില്ല. ശരിയായ നിലപാട് അദ്ദേഹം പറയുന്നത് മുഖവിലക്കെടുത്ത് അതിലെ സത്യസന്ധത പരിശോധിക്കുകയാണ്. അതിനാവശ്യമായ തെളിവുകള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിക്കുന്നുണ്ടോ എന്നും നോക്കേണ്ടതുണ്ട്. ഇതേ പരിശോധന മുഹമ്മദ് നബിയിലും നടത്തേണ്ടതുണ്ട്. ബോധ്യപ്പെട്ടാല്‍ ആ വാദം സന്തോഷപൂര്‍വം അംഗീകരിക്കാനും ഇല്ലെങ്കില്‍ മനഃസമാധാനത്തോടെ തള്ളിക്കളയാനും.

'ശരിയാണെന്നതിന് എന്തേങ്കിലും തെളിവുണ്ടൊ?'

മരണത്തിന് ശേഷം അദ്ദേഹം സംഭവിക്കും എന്ന് പറഞ്ഞ കാര്യങ്ങള്‍ ശരിയായതിന് തെളിവുണ്ടോ എന്ന് ചോദിച്ചാല്‍ മരിച്ചവരുമായി നമ്മുക്ക് ബന്ധപ്പെടാനാവാത്തതിനാല്‍ കൃത്യമായ തെളിവ് അതുവെച്ച് മാത്രം നമ്മുക്ക് ലഭ്യമല്ല. മരണത്തിന് ശേഷം രക്ഷാശിക്ഷകള്‍ നല്‍കപ്പെടുന്ന ഒരു ജീവിതമുണ്ട് എന്നതാണ് പൊതുവെ നാം എടുക്കുന്നതെങ്കില്‍. നമ്മുടെ ബുദ്ധിയുടെയും ഭൗതിക പ്രപഞ്ചത്തിന്റെ നീതിയുടെയും തേട്ടം അത്തരമൊരു ലോകത്തിനുണ്ട് എന്നതാണ്. അത്തരമൊരു ലോകമില്ലെങ്കില്‍ ഈ ലോകം അനീതിയുടെ അന്തമില്ലാത്ത വിഹാരരംഗമാണ് എന്ന് പറയേണ്ടിവരും. നമ്മുടെ മനസ്സാക്ഷി അതിനെ തേടുന്നു.

'അങ്ങിനെ വരുമ്പോള്‍ അഞ്ചില്‍ നാലു പേരും സാക്ഷ്യം വഹിക്കുന്നില്ല എന്ന്‌.'

ഇപ്രകാരം പറയാന്‍ തുടങ്ങിയാല്‍ ഞാന്‍ നിസ്സഹായനാകും. ഭൂരിപക്ഷത്തിന്റെ അംഗീകാരമാണ് സത്യത്തിന്റെ മാനദണ്ഡമെന്ന് ഞാന്‍ കരുതിയതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. ആരാണ് സാക്ഷ്യം വഹിച്ചത് എന്നതിനുള്ള ഉത്തരമാണത്. അല്ലാഹുവല്ലാതെ വേറെ ദൈവമില്ലെന്നു. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന മനസ്സാവാചായുള്ള പ്രഖ്യാപനത്തോടെയാണ് ഒരാള്‍ മുസ്ലിമാകുന്നത് എന്നറിയാമല്ലോ. അഞ്ചില്‍ നാലിന്റെ പിന്തുണയില്ല എന്നതിനാല്‍ ഒരു വസ്തുത വസ്തുതയല്ലാതാകുന്നില്ല.

'വ്യത്യസ്തമായി എന്താണ് മുഹമ്മദ് നബി അയക്കപ്പെട്ടവാണ് എന്നതിന്റെ സാക്ഷ്യം?'

അതാണ് പരിശോധനക്ക് വിദേയമാക്കേണ്ടത്. മുഹമ്മദ് നബി അവകാശപ്പെട്ടതെന്ത്. സായിബാബയും അമൃതാനന്ദമയിയും അവകാശപ്പെട്ടതെന്ത്. ആ അവകാശവാദങ്ങള്‍ വെച്ച് പരിശോധന ആരംഭിക്കണം. ഇക്കാര്യത്തില്‍ വിനയം കൊണ്ടുള്ള ചൂളല്‍ പ്രസക്തല്ല. ഞാന്‍ മനുഷ്യനാണ് എന്ന് വിനയം കൊണ്ട് പറയുക. അല്ല താങ്കള്‍ ദൈവമാണ് എന്ന് പറഞ്ഞ് പിന്നാലെ കൂടുക ഇതാണ് ഞാന്‍ ഉദ്ദേശിച്ചത്.

'ഈ പ്രവാചകനെ കണ്ടെത്താന്‍ കഴിയാതെ മരണപ്പെടുക എന്നത് ഒരു മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ നിര്‍ഭാഗ്യമാണ്.'

തീര്‍ചയായും ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. വരും പോസ്റ്റുകളില്‍ അത് നിര്‍വഹിക്കും.

expecting the more answers in your next posts.


മരണത്തിനു ശേഷം സംഭവിക്കുന്ന ശിക്ഷവിധികളെ കുറിച്ചും ജീവിതത്തെ കുറിച്ചും രണ്ടു പ്രവാചകന്മാര്‍ പറയുന്നുണ്ട്... മഹമ്മദ് നബിയും ഈസാനബിയും.

ഒരാള്‍ പറയുന്നു, മരണശേഷം ഒരുവനും 74 (നമ്പര്‍ ഓര്‍മ്മയില്ല) ഭാര്യമായുണ്ടാകുമെന്ന്‌. മറ്റേയാള്‍ പറയുന്നു, സ്വര്‍ഗ്ഗത്തില്‍ ഭാര്യഭര്‍ത്താവ് ബന്ധമുണ്ടാവില്ലെന്ന്.

ഒരാള്‍ വാഗ്ദാനം ചെയ്യുന്നു ലൈംഗികതയുടേ പാര്യമ്യം; മറ്റേയാള്‍ പറയുന്നു ലൈംഗികതയ്ക്ക് ഒരു സ്ഥാനവും ഉണ്ടാകില്ല എന്ന്.

ഇതില്‍ ഏതു വിശ്വസിക്കും? രണ്ടും നമ്മുക്ക്‌ മരണത്തിനേക്കാള്‍ മുമ്പ് അറിയാന്‍ സാധിക്കില്ലല്ലോ?

ഒരു ഓഫ്: ഈസാനബി ഒരു യഹൂദനായിരുന്നു ജനനം കൊണ്ട്. മുഹമ്മദ് നബിയുടെ വംശവും മതവും ഏതായിരുന്നു; ജനനം കൊണ്ട്? ഈ പ്രവാചകന്റെ പൂര്‍വ്വികരെ കുറിച്ചു വെളിച്ചം വീശുന്ന ഏതേങ്കിലും ലിങ്ക് തരുമോ?

[ബ്ലൊഗ്] അത്മാര്‍ഥതയോടെ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ ചോദിക്കേണ്ടതുണ്ട്.[/ബ്ലോഗ്]

എന്താണീ ആത്മാര്‍ത്ഥത? നിങ്ങള്‍ പറയുന്ന ഉത്തരം ബോധ്യപ്പെട്ടില്ലെങ്കിലും മിണ്ടാതിരിക്കണം എന്നാണോ? സമയമുണ്ടെങ്കില്‍ പ്രതികരിച്ചാല്‍ മതി; ഇത്തിരി താമസിച്ചാലും ഞാന്‍ ചോദിച്ചവയ്ക്ക് പ്രസക്തി നഷ്ടപ്പെടും എന്നു തോന്നുന്നില്ല

'എന്താണീ ആത്മാര്‍ത്ഥത? നിങ്ങള്‍ പറയുന്ന ഉത്തരം ബോധ്യപ്പെട്ടില്ലെങ്കിലും മിണ്ടാതിരിക്കണം എന്നാണോ?'

അല്ല. ബോധ്യപ്പെട്ടില്ലെങ്കിലും മിണ്ടാതിരിക്കുന്നത് ആത്മാര്‍ത്ഥതയില്ലായ്മയായിട്ടാണ് ഞാന്‍ കാണുക.

Great... you may expect a healthy discussion from me as I am expecting the same from you

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More