2010, ജനുവരി 18, തിങ്കളാഴ്‌ച

പ്രവാചകനെ എങ്ങനെ തിരിച്ചറിയാം?

 ഒരാള്‍ താന്‍ പ്രവാചകനാണ് എന്ന് അവകാശപ്പെടുമ്പോഴേക്ക് അയാളെ പ്രവാചകനായി വിശ്വസിക്കേണമോ. എങ്കില്‍ മനുഷ്യബുദ്ധിക്ക് എന്ത് സ്ഥാനം.? അത്തരമൊരു വിശ്വാസമാണോ ദൈവം മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്നത്?. ഇപ്പോള്‍ പ്രവാചകനെ നിഷേധിക്കുന്നവരെല്ലാം. കണിശമായ ഒരു പരിശോധനക്ക് ശേഷമാണോ പ്രവാചകനെ തള്ളിയിരിക്കുന്നത്.? അതോ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ ആ ദൈവത്തിന്റെ ദൂതനെയും കേട്ടമാത്രയില്‍ തള്ളിക്കളഞ്ഞതോ?.പ്രവാചകനെ തിരിച്ചറിയാന്‍ എന്തുണ്ട് മാര്‍ഗം?

താഴെ നല്‍കിയ വിവരണം വായിക്കുക:

'കാവ്യപ്രതിഭയുള്ള ഒരാളുടെ സംസാരം കേട്ടാല്‍ അതയാളുടെ ജന്‍മസിദ്ധമായ കഴിവാണെന്ന് മനസ്സിലാകും. എത്ര തന്നെ ശ്രമിച്ചാലും അയാളുടേത് പോലുള്ള കവിത രചിക്കുവാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതുപോലെ പ്രസംഗം, എഴുത്ത്, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ജന്‍മവാസനയുള്ളവരെയും അവരുടെ പ്രവൃത്തികളുടെ സവിശേഷതകളില്‍നിന്ന് തിരിച്ചറിയാം. കാരണം, അവര്‍ സ്വന്തം ജോലികളില്‍ അനന്യസാധാരണമായ യോഗ്യത തെളിയിച്ചിരിക്കും. ഇതുപോലെയാണ് പ്രവാചകനും. അന്യര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഷ്പ്രയാസം തെളിയും. അന്യരുടെ ദൃഷ്ടിയില്‍പെടാത്ത സൂക്ഷ്മമായ സംഗതികളില്‍ ദൃഷ്ടികള്‍ പതിയും. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധി അംഗീകരിക്കും. എന്നല്ല, അതാണ് ശരിയെന്ന് ബുദ്ധി സാക്ഷ്യപ്പെടുത്തും. അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും സത്യാവസ്ഥ ദൈനംദിനാനുഭവങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, എത്ര ശ്രമിച്ചാലും അത്തരം ഒരു വാക്കുപോലും നമുക്ക് പറയാനാവില്ല. അദ്ദേഹത്തിന്റെ പ്രകൃതി പരിശുദ്ധമായിരിക്കും. തന്‍മൂലം സകല ഏര്‍പ്പാടുകളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗങ്ങളേ കൈക്കൊള്ളൂ. ചീത്ത വാക്കോ ദുഷ്പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്നൊരിക്കലും പുറത്തുവരില്ല. സത്യവും സല്‍ക്കര്‍മങ്ങളും മറ്റുള്ളവരോടുപദേശിക്കുന്നതോടൊപ്പം സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും. വാക്കിനെതിരായി പ്രവര്‍ത്തിച്ചതിന് ഉദാഹരണങ്ങള്‍ കാണില്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍; വാക്കിലോ പ്രവൃത്തിയിലോ സ്വാര്‍ഥതയുടെ നിഴലാട്ടംപോലും ദൃശ്യമാവില്ല. അന്യജീവന്നുതകുവാന്‍ സ്വജീവിതത്തിലദ്ദേഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കും. മാത്രമല്ല, സ്വന്തം ഗുണത്തിനായി അന്യര്‍ക്ക് ഹാനിവരുത്തുകയുമില്ല. സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്‍മാര്‍ഗനിഷ്ഠ, പരിശുദ്ധി തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ക്ക് മാതൃകയായിരിക്കുമദ്ദേഹം. എത്ര തന്നെ പരിശോധിച്ചാലും അദ്ദേഹത്തിന്റെ ജീവിതത്തിലൊരു ന്യൂനത കണ്ടുപിടിക്കുക അസാധ്യമായിരിക്കും. പ്രവാചകനെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന സംഗതികളാണിവ.
(ഇസ്ലാം മതം)

21 അഭിപ്രായ(ങ്ങള്‍):

സമഗ്രമായ അന്വേഷണപഠനങ്ങള്‍ക്കുശേഷം ഒരാള്‍ സത്യപ്രവാചകനാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, അദ്ദേഹത്തില്‍ പൂര്‍ണമായി വിശ്വസിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ കണിശമായി അനുസരിക്കുകയും ചെയ്‌തേ പറ്റൂ.

താങ്കളുടെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യര്‍ക്ക് ദീന്‍ പഠിപ്പിക്കാന്‍ അല്ലാഹു മുഹമ്മദ് നബിയുടെ അടുത്തേക്കയച്ച ജിബ് രീല്‍ എന്ന മലക്കിനെയാണ് ഓര്‍മവരുന്നത്. താങ്കളുടെ ചോദ്യങ്ങള്‍ അര്‍ഥപൂര്‍ണമാണ്.

പ്രവാചകന്റെ ഗുണങ്ങള്‍ അഥവാ പ്രവാചകന്‍ എപ്രകാരമായിരിക്കും എന്ന് തിരിച്ചറിയാന്‍ മനുഷ്യരെ സഹായിക്കുന്ന ഏതാനും ലക്ഷണങ്ങളാണ് ഇവയൊക്കെ. ഇതേ ഗുണങ്ങള്‍ തന്നെയാണ് ഒരു വിശ്വാസിയില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്നത്. എന്ന് വെച്ചാല്‍ ഈ മാനദണ്ഡമനുസരിച്ച് എല്ലാ വിശ്വാസികളെയും പ്രവാചകന്‍മാരായി കണക്കാക്കേണ്ടിവരും. മാത്രമല്ല താങ്കള്‍ സൂചിപ്പിച്ച പോലെ ചിലഗുണങ്ങള്‍ കഷ്ണിച്ചെടുത്താല്‍ ഗാന്ധിജി മുതല്‍ ഹിറ്റ്‌ലര്‍ വരെയുള്ളവര്‍ക്ക് അതില്‍ ചിലതെല്ലാം ഉണ്ടാകും. അപ്പോള്‍ ഞാന്‍ പ്രവാചകനെ തിരിച്ചറിയാന്‍ നല്‍കിയ ഗുണങ്ങള്‍ അപര്യാപ്തമാണ്. സമ്മതിച്ചിരിക്കുന്നു.

സ്വാഭാവികമായും പ്രവാചകനെ തിരിച്ചറിയാന്‍ അതിലുപരിയായ ചില തെളിവുകള്‍ വേണം. പക്ഷെ താങ്കള്‍ പറഞ്ഞ ഏതാനും പ്രവചനവും അതിന്റെ പുലര്‍ചയിലും ഒരാള്‍ പ്രവാചകനാണെന്ന് നമ്മുക്ക് അംഗീകരിക്കാനാവുമോ. നമ്മുക്ക് ഏതായാലും അന്വേഷണം തുടരാം. തീര്‍ചയായും ഒരാള്‍ പ്രവാചകനാണെന്ന് അംഗീകരിക്കപ്പെടാന്‍ ഈ തെളിവുകള്‍ പോരാ എന്ന് താങ്കളുടെ കമന്റില്‍ നിന്ന് ബോധ്യമായി. നന്ദി.

മറ്റൊരു തെറ്റുകൂടി എനിക്ക് ബോധ്യമായി. പ്രവാചനെ അറിഞ്ഞതിന് ശേഷം മാത്രമേ അനുസരിക്കണോ വേണ്ടേ എന്ന ചര്‍ചക്ക് പ്രസക്തിയുള്ളൂ. അത് മറ്റൊരു പോസ്റ്റിന്റെ വിശയമായിരുന്നു എന്നും അംഗീകരിക്കുന്നു.

@ഗൂഗ്ലി.

താങ്കള്‍ കാണുന്നില്ല എന്നത് ശരിയായിരിക്കാം. പക്ഷെ അതിന് ഇല്ല എന്നര്‍ഥമൊ കാണാന്‍ കഴിയില്ല എന്നര്‍ഥമോ നല്‍കാന്‍ എനിക്കാവില്ല. കാരണം അത്തരം ധാരാളം തെളിവുകള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട് എന്നതുകൊണ്ട് തന്നെ. പ്രവാചകന്‍ എന്ന പേരില്‍ താങ്കള്‍ വല്ലാതെ തൂങ്ങേണ്ടതില്ല. ദൈവദൂതന്‍ എന്ന് പ്രയോഗിക്കലാണ് കുറേകൂടി നല്ല പരിഭാഷ. പ്രവാചകന്റെ പുലര്‍ന്ന പ്രവചനങ്ങള്‍ നമ്പറിട്ട് കാണിച്ച് മുഹമ്മദ് നബി പ്രവാചകനാണെന്ന് തെളിയിച്ച് കാണിക്കണം എന്ന് ഞാനുദ്ദേശിച്ചിട്ടില്ല. പക്ഷെ ദൈവദൂതനെന്ന് തിരിച്ചറിയാന്‍ ഏതാനും തെളിവുകള്‍ കൂടി ആവശ്യമുണ്ട്.

O.T. ഇവിടെ കമന്റുന്നവരുടെ പേര് എന്തെന്ന് ഞാന്‍ നോക്കാറില്ല. കമന്റുകള്‍ ചര്‍ചക്ക് സഹായകമാണെങ്കില്‍ ഞാന്‍ പ്രതികരിക്കാന്‍ ശ്രമിക്കും.

പ്രവാചകനെ ദൈവദൂതനെ തിരിച്ചറിയാനുള്ള ഒരു സുപ്രധാന തെളിവായി ഞാന്‍ കാണുന്നത്. അദ്ദേഹം താന്‍ ദൈവദൂതനാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ടോ എന്ന പരിശോധിക്കുകകയാണ്.

'അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.'(7:158)'. എന്ന് മുഹമ്മദ് നബിയും.

'നിശ്ചയം ഞാന്‍ നിങ്ങള്‍ക്കുള്ള വിശ്വസ്തനായ ദൂതനാണ്' എന്ന് ഏതെണ്ടെല്ലാ പ്രവാചകന്‍മാരും സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറാണെന്ന് സ്വയം അവകാശവാദമില്ലാത്ത ഒരാളെ ആളുകളെല്ലാം പിന്നാലെകൂടി ഡോക്ടറെന്ന് വിളിച്ച് അവരോധിച്ചാല്‍ എങ്ങനെയിരിക്കും.

ഞാനാണു യഥാര്‍ഥ ദൈവപുത്രന്‍.. ഈശയും,നബിയും വെറും പ്രവാചകര്‍ മാത്രം.. ഇനി ഞാന്‍ പറയുന്നത് വിശ്വസിച്ചില്ലെങ്കില്‍ ദൈവകോപം കിട്ടും.. നിങ്ങള്‍ക്കിത് മനസ്സിലാവണമെങ്കില്‍ എന്നെ അറിയണം..എന്നെ അറിയാന്‍, ആദ്യമായി ഞാന്‍ പറയുന്നത് മാത്രമാണു ശരിയെന്ന് വിശ്വസിക്കൂ. മറു ചോദ്യം പാടില്ല..

പ്രിയ ഗൂഗ്ലി.

രണ്ട് കമന്റും വൈരുദ്ധ്യമാകുന്നതെങ്ങനെ.

ആദ്യത്തെത് ഒരാള്‍ അവകാശപ്പെടുമ്പോഴെക്ക് വിശ്വസിക്കേണ്ടതില്ല എന്നാണ് പറഞ്ഞത്.

രണ്ടാമത്തെതില്‍ പ്രവാചകനെ തിരിച്ചറിയാനുള്ള പരിശോധന പ്രസക്തമാകുന്നത് ആദ്യമായി ഒരാള്‍ ആ അവകാശവാദം ഉന്നിയിക്കുന്നതിലൂടെ മാത്രമാണ്. അതിനാല്‍ ആ തെളിവ് സുപ്രധാനമാണ്. അതിനെ തെളിവെന്ന് പറയാന്‍ പറ്റില്ലെങ്കില്‍ അങ്ങനെ പറയാം. ചരിത്രപുരുഷനാകുമ്പോള്‍ വ്യക്തമായ ചരിത്ര രേഖയിലൂടെ അദ്ദേഹം അതവകാശപ്പെട്ടു എന്ന് നമ്മുക്ക് ബോധ്യമാകണം. അതുകൊണ്ടാണ് ഞാനതിനെ തെളിവ് എന്ന് പറഞ്ഞത്.

ഇപ്പോള്‍, ഞാന്‍ തന്നെയാണ് അതുരണ്ടുമെഴുതിയതെന്നും അവപരസ്പര വിരുദ്ധമല്ല; പൂരകമാണെന്നും മനസ്സിലായിക്കാണും എന്ന് കരുതുന്നു.

മുക്കവാ.. പറഞ്ഞത് പറഞ്ഞു അതുതന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ ആളുകള്‍ പിടിച്ച് കുതിരവട്ടത്താക്കും. സൂക്ഷിക്കുക.

@ഗൂഗ്ലി

മുക്കുവന്റെ അവകാശവാദം ഞാന്‍ അംഗീകരിക്കാതിരിക്കാന്‍ എന്റേതായ കാരണങ്ങളുണ്ട്. മറ്റുള്ളവര്‍ അത് സ്വീകരിക്കണം എന്നില്ല. അതിവിടെ വിഷയമല്ല. ഒരാളുടെ അവകാശവാദം തെളിവായി സ്വീകരിക്കണമെങ്കില്‍ അദ്ദേഹം മരിച്ച് ചരിത്രത്തിന്റെ ഭാഗമാകേണ്ടതില്ല. പ്രവാചക്വം എന്നത് പ്രവാചകന്റെ മരണശേഷം നല്‍കപ്പെടുന്ന പുണ്യാളപദവിയല്ല.

എഴുതാപ്പുറം വായിക്കുന്നത് അല്‍പം കൂടി ബുദ്ധിപരമായിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

പ്രിയ ഗൂഗ്ലി,

ഞാനീ പോസ്റ്റ് ആരംഭിച്ചവാചകം തന്നെ ഈ അവകാശവാദത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ്. അത് എന്റെ വ്യക്തിപരമായ ഒരു കാഴ്ചപ്പാട് മാത്രമല്ല എന്നുണര്‍ത്താന്‍ ആഗ്രിഹിക്കുന്നു. സ്വയം അവകാശവാദം പോലുമില്ലാത്ത ഒരാളെ ഏതാനും ആളുകള്‍ക്ക് തോന്നുമ്പോള്‍ പിടിച്ച് പ്രവാചകനാക്കുക എന്നതല്ല പ്രവാചകത്വത്തിന്റെ ദൈവികശൈലി. മനുഷ്യരില്‍ നിന്ന് ദൈവം തെരഞ്ഞെടുക്കുന്നവരാണ് പ്രവാചകന്‍മാര്‍. അതിനാല്‍ അവര്‍ അക്കാര്യം ജനങ്ങളെ അറിച്ചുകൊണ്ടാണ് പ്രബോധനം ആരംഭിക്കുന്നത്. അതിനെക്കുറിച്ചാണ് സ്വയം അവകാശവാദം ഉന്നയിക്കുക എന്ന പ്രയോഗം ഞാന്‍ നടത്തിയിട്ടുള്ളത്. ഖുര്‍ആനില്‍ പ്രവാചകന്‍മാരുടെ പ്രബോധനം സംക്ഷിപ്തമായി പരാമര്‍ശിച്ച അധ്യായം 26 ല്‍ 107, 125, 143, 162, 178 സൂക്തങ്ങളില്‍ വിവിധ പ്രവാചകന്‍മാര്‍ ഈ പ്രഖ്യാപനം നടത്തിയത് കാണാം.

ഒരു പ്രവാചകനെയും തന്റെ ജനതയിലൊരു വിഭാഗം പരിഹസിക്കാതിരുന്നിട്ടില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. വെറും അവകാശവാദം നടത്തിയാല്‍ പരിഹസിക്കപ്പെടുന്നതും പ്രവാചകന്‍മാര്‍ നേരിട്ട പരിഹാസവും വ്യത്യാസമുണ്ട്. അന്നത്തെ സമൂഹത്തില്‍ നന്മയെ സ്‌നേഹിക്കുന്നവര്‍ പ്രവാചകന്റെ അവകാശവാദങ്ങളെ പിന്തുടര്‍ന്ന് പ്രവാചകന്‍മാരെ തിരിച്ചറിയുകയും തിന്‍മയെ സ്‌നേഹിച്ചവര്‍ വസ്തുതകളെ പരിശോധിക്കാന്‍ നില്‍കാതെ പരിഹാസവും അക്രമവുമായി പ്രവാചകനെ നേരിടുകയും അതിന്റെ പ്രത്യാഘാതമായി പലസമൂഹങ്ങളും ദൈവിക ശിക്ഷയുടെ വിഹിതം ഇഹലോകത്ത് വെച്ച് തന്നെ നേടുകയും ചെയ്തു.

ഒരു പഴയ ഫലിതം:
നെഹ്‌റു ഒരിക്കല്‍ മനോരോഗാശുപത്രി സന്ദര്‍ശിച്ചു.

ഒരു അന്തേവാസി: താങ്കളാരാണ്?

നെഹ്‌റു: ഞാനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി.

ഇതുകേട്ട് ആ മനോരോഗി ആര്‍ത്തുചിരിക്കാന്‍ തുടങ്ങി. അതിന്റെ ഒടുക്കം അദ്ദേഹം ഇങ്ങനെ പറഞ്ഞൊപ്പിച്ചു:

ഹ.ഹ....ഞാനും ഇത് പറഞ്ഞതുകൊണ്ടാണ് ഇവിടെ എത്തിയത്.ഒരു മാസം ഇവിടെ കിടന്നാല്‍ താങ്കളുടെ രോഗവും സുഖപ്പെടും.ഹ.ഹ....

ഇതുവരെ നാം പറഞ്ഞത് മൊത്തത്തില്‍ ഒരു പ്രവാചകനെ തിരിച്ചറിയാനുള്ള പരിശോധനയില്‍ അവലംബിക്കാവുന്ന മാനദണ്ഡങ്ങളാണ്. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളും കമന്റില്‍ വന്ന മറ്റുകാര്യങ്ങളും അതില്‍ ഉള്‍പ്പെടും. ഒരാള്‍ സ്വയം ദൈവദൂതനാണെന്ന അവകാശപ്പെടുകയും അതോടൊപ്പം അദ്ദേഹം സത്യസന്ധനാണെന്ന വസ്തുതയും ജനങ്ങള്‍ക്ക് ബോധ്യമാകുകയും ചെയ്താല്‍ അദ്ദേഹം പ്രവാചകനാണെന്ന കാര്യത്തില്‍ സംശയമില്ല. ഇനി നമ്മുക്ക് പരിശോധിക്കാനുള്ള ഈ മാനദണ്ഡമനുസരിച്ച് മുഹമ്മദ് നബിയെ പ്രവാചകനായി ഗണിക്കാന്‍ സാധിക്കുമോ എന്നതാണ്.

ഈ പോസ്റ്റും അതിനോടനുബന്ധിച്ച് ഞാന്‍ കൂട്ടിചേര്‍ത്ത അഭിപ്രായങ്ങളും പരിശോധിച്ചാല്‍ വ്യക്തമാകും. പ്രവാചകനെ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ അവകാശവാദം മാത്രം മതി എന്നല്ല ഞാന്‍ പറയാന്‍ ശ്രമിച്ചത്. സ്വയം അവകാശവാദത്തിന്റെ അഭാവത്തില്‍ ഒരു പ്രവാചകനില്‍ പ്രത്യക്ഷത്തില്‍ കാണാവുന്ന സകല ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാലും അദ്ദേഹം പ്രവാചകനാണെന്നംഗീകരിക്കാന്‍ ആളുകള്‍ക്ക് ബാധ്യതയില്ല. അതേ പ്രകാരം ഒരാളുടെ അവകാശവാദത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധൂകരിച്ചിട്ടില്ലെങ്കില്‍ അദ്ദേഹം കപടനും അസത്യവാദിയുമാണ്. അദ്ദേഹത്തെയും പിന്‍പറ്റുന്നതിന് ന്യായീകരണമില്ല.

മുഹമ്മദ് നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റൊരു പോസ്റ്റിലൂടെ പറയുന്നതാണ്. അതോടൊപ്പം താങ്കളുടെ അഭിപ്രായം പരിഗണിച്ച് പ്രവാചകനെ അനുസരിക്കല്‍ എന്ന ഭാഗം മുഹമ്മദ് നബിയുടെ പ്രവാചകത്വം എന്ന വിഷയം ചര്‍ചചെയ്ത ശേഷം ചേര്‍ക്കുന്നതാണ്. പോസ്റ്റിലുള്‍കൊണ്ട വിഷയങ്ങളും കമന്റുകളും ചേര്‍ത്ത് താങ്കളെത്തിചേര്‍ന്ന നിഗമനം സംക്ഷിപ്തമായി വിശദീകരിച്ചാല്‍ നന്നായിരുന്നു.

എന്റെ അഭിപ്രായത്തില്‍ ഒരാള്‍ പ്രവാചകനാണോ അല്ലേ എന്ന് വിലയിരുത്താനാവശ്യമായ കാര്യങ്ങള്‍ ഇവിടെ പറഞ്ഞുകഴിഞ്ഞു.

@ഗൂഗ്ലി
'ഒന്ന് അയാളുടെ സത്യസന്ധമായ ജീവിതം. രണ്ട് സ്വയം അവകാശവാദം. തീര്‍ന്നു. നിങ്ങള്‍ക്ക് ഇത്ര മതിയെങ്കില്‍ എനിക്കു പരാതിയൊന്നും ഇല്ല. പക്ഷേ എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ , നിങ്ങള്‍ പറഞ്ഞ പ്രവാചക ലക്ഷണങ്ങള്‍ പോരാ. അതിനാല്‍ പ്രവാചകനെ അനുസരിക്കണോ വേണോ എന്നു ചര്‍ച്ച ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. എനിക്കു അദ്ദേഹം പ്രവാചകനാണോ എന്നു ഇതുവരേയും ബോധ്യപ്പെട്ടിട്ടില്ല.'

താങ്കള്‍ വിചാരിച്ചുരുന്നതെന്ത് തന്നെയായാലും ഒന്നുരണ്ടു പോസ്റ്റുകൊണ്ടോ അതിലെ ചര്‍ചകള്‍കൊണ്ടോ മുഹമ്മദ് നബി ദൈവദൂതനാണെന്ന് താങ്കളെ ബോധ്യപ്പെടുത്താനാകും എന്ന് ഞാന്‍ കരുതിയിട്ടില്ല. പ്രവാചകത്വപരമ്പര ഇസ്്‌ലാമിക വിശ്വാസ പ്രകാരം ആദം മുതല്‍ തുടങ്ങിയതാണ്. അതിലെ അവസാന കണ്ണിയായിട്ടാണ് മുഹമ്മദ് നബി പരിഗണിക്കപ്പെടുന്നത്. ഒരു പ്രവാചകനെ എങ്ങനെ തിരിച്ചറിയാം എന്നതിലെ പൊതുവായ കാര്യങ്ങളില്‍ പ്രധാനമായും രണ്ടുകാര്യങ്ങളാണ് എന്ന നിഗമനം തെറ്റാണെന്ന് തോന്നുന്നില്ല. ഒന്ന് താന്‍ പ്രവാചകനാണെന്ന ഒരാളുടെ അവകാശവാദം അതിനെ സാധൂകരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. ആ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്ന് പോസ്റ്റില്‍ വിശദീകരിച്ചു. തുടര്‍ന്ന് ഞാന്‍ പറഞ്ഞുനിര്‍ത്തിയത് ഈ മാനദണ്ഡം വെച്ച് നമ്മുക്ക് പ്രവാചകന്‍ മുഹമ്മദ് നബിയെ പരിശോധിക്കാം എന്നാണ്. അദ്ദേഹം കാണിച്ച അമാനുഷിക പ്രവര്‍ത്തനങ്ങളോ, അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ പുലര്‍ന്നതിന്റെ ലിസ്റ്റോ നല്‍കി താങ്കളെ ബോധ്യപ്പെടുത്തുന്ന ഒരു ശൈലിയോട് എനിക്കത്ര യോജിപ്പില്ല. പുണ്യവാളരിലും ആള്‍ദൈവങ്ങളിലും ജനങ്ങളുടെ വിശ്വാസത്തിന് ഏകാവലംബം അതാണ് എന്ന കാര്യം മറന്നുകൊണ്ടല്ല. മറ്റുചില പ്രത്യേകതകളാലാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രവാചകത്വം സ്ഥാപിതമാകുന്നത് എന്ന തിരിച്ചറിവാണ് ഈ ഒരു മാര്‍ഗം സ്വീകരിക്കാന്‍ പ്രേരകം. താങ്കളാകട്ടെ അതുതന്നെ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. താങ്കള്‍ അല്‍പം അവധാനത കാണിക്കുകയാണെങ്കില്‍ താങ്കളുദ്ദേശിക്കുന്ന രൂപത്തിലേക്ക് നമ്മുക്ക് ചര്‍ചയെ കൊണ്ടുപോകാം.

താങ്കളെപ്പോലുള്ള ഒരാള്‍ ചര്‍ചയില്‍ പങ്കെടുക്കുന്നത് ഒരു പുതിയ അനുഭവമാണ്. താങ്കളെങ്ങോട്ടാണ് നയിക്കുന്നതെന്ന് കണ്ടെത്തുന്നത് വരെ അല്‍പം സംശയത്തോടെ താങ്കളെ വീക്ഷിക്കാനുള്ള എന്റെ അവകാശം വകവെച്ചുതരണം. എനിക്കുറപ്പുണ്ട്. താങ്കള്‍ക്ക് ഈ നിപാടില്‍ തുടരാന്‍ സാധിച്ചാല്‍ മുഹമ്മദ് നബി ദൈവത്തിന്റെ ദൂതനാണെന്ന തിരിച്ചറിവില്‍ എത്തിച്ചേരാന്‍ തീര്‍ചയായും സാധിക്കും.

ഞാന്‍ അവസാനം പറഞ്ഞതിന് പ്രേരകമെന്ത് എന്ന് ചോദിച്ചാല്‍ എനിക്ക് ചൂണ്ടിക്കാണിക്കാനുള്ള കാര്യങ്ങളിലൊന്ന് ഈ വരികളാണ്

'Do you know, five years ago I had never even heard of The Prophet, pbuh, but now I would give my last drop of blood to protect his name, his honour and his memory.' Yvonne Ridley

സമ്മതമാണ്. താങ്കള്‍ക്ക് അത്തരമൊരു ശ്രമത്തിന് ശേഷമേ തുടര്‍ന്നുള്ള ചര്‍ചയില്‍ താല്‍പര്യമുള്ളൂവെങ്കില്‍ അതാകാം. അതിന് താങ്കള്‍ സ്വികരിക്കുന്ന നടപടിക്രമമേതാണ് എന്നതില്‍ സംശയമുണ്ടെങ്കിലു. എനിക്ക് ബോധ്യമുള്ള പത്ത് പ്രവാചകന്‍മാരുടെ പേരാണ് ചോദിച്ചത്. താഴെകാണുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് 10 പേരെ തെരഞ്ഞെടുത്തുകൊള്ളൂ. അവരൊക്കെ യും പ്രവാചകന്‍മാരാണ് (ദൈവദൂതരാണ്).


പിന്നീട് നാം ഇബ്റാഹീമിന് ഇസ്ഹാഖ്, യഅ്ഖൂബ് തുടങ്ങിയ സന്തതികളെ നല്‍കി. എല്ലാവരെയും സന്മാര്‍ഗത്തിലേക്കു നയിക്കുകയും ചെയ്തു. നേരത്തെ നൂഹിനെ നയിച്ചിട്ടുണടായിരുന്ന (അതേ സന്മാര്‍ഗത്തിലേക്കുതന്നെ). അദ്ദേഹത്തിന്റെ വംശത്തില്‍പ്പെട്ട ദാവൂദിനും സുലൈമാനും അയ്യൂബിനും യൂസുഫിനും മൂസാക്കും ഹാറൂനിനും (നാം സന്മാര്‍ഗം കാണിച്ചിട്ടുണട്). ഇവ്വിധം നാം സച്ചരിതരുടെ നന്മകള്‍ക്കു പ്രതിഫലം നല്‍കുന്നു. (അദ്ദേഹത്തിന്റെ സന്തതികളില്‍നിന്നുതന്നെ) സകരിയ്യയും യഹ്യായും ഈസായും ഇല്‍യാസും സന്മാര്‍ഗസ്ഥരായി. അവരെല്ലാവരും സച്ചരിതരായിരുന്നു. (അതേ കുടുംബത്തില്‍പ്പെട്ട) ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവര്‍ക്കും സന്മാര്‍ഗം കാട്ടിക്കൊടുത്തു. അവരിലോരോരുത്തരേയും ലോകര്‍ക്കുമേല്‍ ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം അവരുടെ പ്രപിതാക്കളില്‍നിന്നും സന്തതികളില്‍നിന്നും സഹോദരങ്ങളില്‍നിന്നും വളരെപ്പേര്‍ക്കു യശസ്സേകിയിട്ടുണട്. അവരെ നമ്മുടെ സേവനത്തിനായി തിരഞ്ഞെടുക്കുകയും ശരിയായ വഴിയിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു. ഇതാകുന്നു അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു. പക്ഷേ, ബഹുദൈവവിശ്വാസികളാവുകയാണെങ്കില്‍, അവര്‍ ചെയ്തതായ സകല കര്‍മങ്ങളും പാഴായിപ്പോയതുതന്നെ. നാം വേദവും ശാസനാധികാരവും പ്രവാചകത്വവും നല്‍കിയ ജനമായിരുന്നു അവര്‍.21 ഇപ്പോള്‍ ഈ ജനം അതു സ്വീകരിക്കാന്‍ വിസമ്മതിക്കുന്നുവെങ്കില്‍ (സാരമില്ല) അതിനെ നിഷേധിക്കാത്ത മറ്റൊരു ജനത്തിനു നാം ആ അനുഗ്രഹം ഏല്‍പിച്ചുകൊടുത്തിരിക്കുന്നു. പ്രവാചകാ, അവര്‍ തന്നെയായിരുന്നു അല്ലാഹുവിങ്കല്‍നിന്നുള്ള സന്മാര്‍ഗം സിദ്ധിച്ചവര്‍. അവരുടെ പാതയിലൂടെത്തന്നെ നീ നടന്നുകൊള്ളുക. പറയുകയും ചെയ്യുക: '(ഈ സന്മാര്‍ഗപ്രബോധനത്തിനു) ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. ഇതാണെങ്കില്‍ സര്‍വലോകര്‍ക്കും പൊതുവായുള്ള ഉദ്ബോധനം മാത്രമാകുന്നു.' (6:84-90)

പ്രിയ ഗൂഗ്ലി.

25 പ്രവാചകന്‍മാരുടെ പേര്‍ ഖുര്‍ആനില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. വളരെ കുറച്ചുപേരുടെ മാത്രമേ ഖുര്‍ആന്‍ വിശദമായി ചര്‍ച ചെയ്തിട്ടുള്ളൂ. ചിലരുടെ പ്രബോധന പ്രവര്‍ത്തനങ്ങല്‍ വളരെ സംക്ഷിപ്തമായി പറഞ്ഞുപോയി. അതാണ് താങ്കള്‍ക്ക് ലിങ്കിലൂടെ നല്‍കിയത്. ചിലരുടെ പേര് പരാമര്‍ശിക്കുന്നതില്‍ മാത്രം ഒതുക്കി. ഈ ഇരുപത്തഞ്ചില്‍, അല്ലെങ്കില്‍ താങ്ങളെടുത്ത് ചേര്‍ത്ത പതിനൊന്നില്‍ ആരെങ്കിലും പ്രസ്തുത അവകാശവാദം (സ്വയം പ്രവാചകനാണെന്ന് പരിചയപ്പെടുത്തുക) ഉന്നയിച്ചിട്ടില്ലെങ്കില്‍ അതിനര്‍ഥം അവര്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നല്ല; ഖുര്‍ആന്‍ അത് പരാമര്‍ശിച്ചിട്ടില്ല എന്നേ അര്‍ഥമുള്ളൂ. ബൈബിള്‍ പഴയ നിയമത്തിന്റെ കാര്യം ഇവിടെ പ്രസക്തമല്ല.

'സ്വയം പ്രവാചകനാണെന്നു പറയാതെ നമ്മള്‍ അവരെ അംഗീകരിക്കേണ്ട കാര്യം ഇല്ല എന്നല്ലേ താങ്കള്‍ പറഞ്ഞത്?'

അവരിലാരെങ്കിലും പ്രവാചകനാണോ അല്ലേ എന്ന് വിശ്വസിക്കാന്‍ ഇനി അവരുടെ വിശദമായ ചരിത്രം ലഭ്യമാക്കേണ്ടതില്ല. മുഹമ്മദ് നബി പ്രവാചകനാണ് എന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തില്‍ നാം വിശ്വസിക്കല്‍ നിര്‍ബന്ധമായി തീരും. അതുകൊണ്ട് ഈ പറയപ്പെട്ട ആളുകള്‍ പ്രവാചകന്‍മാരാണെന്ന അദ്ദേഹത്തിന്റെ വാദം നാം അംഗീകരിക്കുന്നു.

ഒരാളുടെ ഡോക്ടറേറ്റ് നാം അംഗീകരിക്കുന്നത് നാം അദ്ദേഹത്തെ വിശദമായി പരിശോധിച്ചറിഞ്ഞ ശേഷമല്ല; കളവാകാന്‍ സാധ്യതയില്ലാത്ത, നമ്മുക്ക് വിശ്വസിക്കാവുന്ന ഒരു അതോറിട്ടിയുടെ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്ന് നാം മനസ്സിലാക്കുന്നതിലൂടെയാണ്. (ഉദാഹരണങ്ങളെ ഉദാഹരണങ്ങളായി മാത്രം കാണുക. ഇതിനപ്പുറത്തേക്ക് അതിനെ വലിച്ചുനീട്ടാതിരിക്കുക)

താങ്കളുടെ ദിശ ഏറെക്കുറെ തെളിഞ്ഞുവരികയാണ്. അത് മനഃപുര്‍വമാണെന്ന് ഞാന്‍ കരുതുന്നില്ല. താങ്കള്‍ എന്റെതായി എടുത്ത് ചേര്‍ക്കുന്ന വരികള്‍ ആ കമന്റിലെ പ്രസക്തഭാഗങ്ങളല്ല. പറഞ്ഞത് വീണ്ടും വീണ്ടും പറയേണ്ടിവരുന്ന അവസ്ഥയും താങ്കള്‍ സൃഷ്ടിക്കുന്നു. പറയുന്നതിന്റെ മര്‍മം മനസ്സിലാക്കാതെയാണ് താങ്കള്‍ തുടര്‍ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്ന ധാരണയും സ്ഥിരപ്പെട്ടുവരികയാണ്.

പ്രവാചകന്‍മാരെ പൊതുവായി മനസ്സിലാക്കാന്‍ ആവശ്യമായ മാനദണ്ഡമാണ് പോസ്റ്റിന്റെ വിഷയം. അതില്‍ മാത്രം അവസാനിപ്പിച്ചാല്‍ താങ്കള്‍ സൂചിപ്പിച്ചപോലെ, അതുതന്നെയാണ് എല്ലാ വിശ്വാസികളില്‍ നിന്നും ദൈവം ആഗ്രഹിക്കുന്നത്. അതില്‍ പറഞ്ഞ പൂര്‍ണതയോടെയല്ലെങ്കിലും. അവരിലെ ചില നന്‍മകള്‍ ലോകത്തിലെ ഏത് നേതാവിലേക്കും ചേര്‍ത്ത് പറയാവുന്നതുമാണ്. അതിനാല്‍ ഞാന്‍ പ്രധാനമായും ഒരു ലക്ഷണം കൂടി ചേര്‍ത്തു. അത് അവര്‍ തന്നെ തങ്ങള്‍ ദൈവദൂതന്‍മാരാണെന്ന സ്വയം പ്രഖ്യാപനമാണ്.

ചുരുക്കത്തില്‍, ഒരാള്‍ ദൈവത്തിന്റെ ദൂതനായി നിയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹം ആദ്യമായി പ്രഖ്യാപിക്കുന്നത്. അല്ലെങ്കില്‍ ആദ്യപ്രഖ്യാപനത്തോടൊപ്പം ചേര്‍ക്കുന്നത്. താന്‍ ദൈവത്തിന്റെ ദൂതനാണ് എന്നായിരിക്കും. മുകളിലെ ലിങ്കില്‍ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിച്ചിട്ടുണ്ടാവുമല്ലോ. ഇതോടെ ഗാന്ധിജി പ്രവാചകനാകുമോ. വേറെ ആരെങ്കിലും ആകുമോ, വിശ്വാസികള്‍ക്ക് പ്രവാചകന്‍മാരുടെ ലക്ഷണങ്ങളില്‍ ചിലത് ഒത്തുവന്നതുകൊണ്ട് അവര്‍ക്ക് ദൈവദൂതന്‍മാരെന്ന് വാദിക്കാമോ തുടങ്ങിയ സംശയങ്ങള്‍ അസ്ഥാനത്തായി. മറ്റൊരു സാധ്യത ഒരാള്‍ താന്‍ ദൈവദൂതനാണെന്ന് തെറ്റായ അവകാശവാദമുന്നയിക്കാനുള്ളതാണ്. ഇവിടെ അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും യോജിച്ചുവരുന്നെങ്കില്‍ അദ്ദേഹം പ്രവാചകനാണെന്ന കാര്യത്തില്‍ പിന്നീട് സംശയിക്കേണ്ട ആവശ്യമെന്ത്. ഇത് പൊതുവായി പ്രവാചകത്വ സ്ഥരീകരണവുമായി ബന്ധപ്പെട്ടതാണ്.

അതേ സമയം നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. മുഹമ്മദ് നബിയുടെ പ്രവാചകത്വമാണ്. അദ്ദേഹം ഈ മാനദണ്ഡമനുസരിച്ച് പ്രവാചകനാണോ അല്ലേ എന്ന് പരിശോധിക്കാന്‍ മനുഷ്യരിലോരോരുത്തര്‍ക്കും ബാധ്യതയുണ്ട്. കാരണം അദ്ദേഹം അഭിസംബോധനചെയ്തത് മുഴുവന്‍ മനുഷ്യരെയുമാണ്. ഞാന്‍ നിങ്ങളിലെല്ലാവരിലേക്കുമുള്ള ദൈവത്തിന്റെ ദൂതനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മനുഷ്യര്‍ക്കാവശ്യമുള്ള ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങളും രാഷ്ട്രീയ-സാംസ്‌കാരിക-നാഗരിക-ധാര്‍മികവ്യവസ്ഥകളുമായി ആഗതനായി. അദ്ദേഹത്തെ കണ്ടെത്താനും അതംഗീകരിക്കാനും കഴിഞ്ഞവര്‍ ദൈവനിയമം അനുസരിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ മുസ്്‌ലിംകള്‍ എന്ന് വിളിക്കപ്പെട്ടു. ചിലര്‍ ബോധ്യമായതിന് ശേഷവും തള്ളിക്കളഞ്ഞു. ചിലരാകട്ടെ അദ്ദേഹത്തിന്റെ വിളി കണ്ടില്ലെന്ന് നടിച്ചു, ദൈവമവര്‍ക്ക് സത്യബോധനം സ്വീകരിക്കാനാവശ്യമായ ബുദ്ധിയെ അവര്‍ ഉപയോഗപ്പെടുത്തിയില്ല. വേണ്ടവിധം അദ്ദേഹം പ്രബോധനം ചെയ്യപ്പെടാത്തതിനാല്‍ ചിലര്‍ അദ്ദേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിലകപ്പെട്ടു. ഇതില്‍ അവസാനം പറഞ്ഞവിഭാഗത്തോട് സംവദിക്കാനെ എനിക്ക് താല്‍പര്യമുള്ളൂ. അതുകൊണ്ടാണ് ചോദ്യങ്ങള്‍ക്കപ്പുറം ചോദ്യകര്‍ത്താവിന് ചിലപ്പോള്‍ പ്രാധാന്യം നല്‍കേണ്ടിവരുന്നത്.

താങ്കളിവിടെ ബൈബിള്‍ പഴയ നിയമം ഉദ്ധരിക്കാന്‍ ശ്രമിക്കുന്നതുകണ്ടു. ഇസ്്‌ലാമില്‍ പരിശുദ്ധജീവിതം നയിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന പ്രവാചകന്‍മാരായ നോഹ, ദാവീദ് താങ്കള്‍ പറയാത്ത ലോത്ത് എന്നിവരുമായി ബന്ധപ്പെട്ട ചില നികൃഷ്ട കാര്യങ്ങള്‍ ബൈബിളില്‍ രേഖപ്പെട്ടുകിടക്കുന്നു. അതിനാല്‍ അവരെങ്ങനെ ദൈവദൂതരാകും അതിനാല്‍ ഒന്നുകില്‍ അവര്‍ പ്രവാചകരാണ് എന്ന മുഹമ്മദ് നബി പറഞ്ഞത് തെറ്റാണ്. അല്ലെങ്കില്‍ ഞാന്‍ പറഞ്ഞ മാനദണ്ഡം തെറ്റി, അഥവാ അത്തരം വൈകൃതങ്ങളൊന്നും പ്രവാചകത്വത്തെ ബാധിക്കുന്നില്ല (തുടരും)

മൂന്നാമതൊരു സാധ്യതയില്ലേ. അഥവാ. ഞാന്‍ പറഞ്ഞ മാനദണ്ഡമനുസരിച്ച് തന്നെ പ്രവാചകന്‍ മുഹമ്മദ് നബി ചുണ്ടിക്കാണിച്ച (ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ വചനമാണ് എന്നംഗീകരിച്ചതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. വാദത്തില്‍ ഖുര്‍ആന്‍ ദൈവികമാണ് എന്നതിലേക്ക് നാം എത്തിചേരാത്തതുകൊണ്ടാണ്) വ്യക്തിത്വങ്ങള്‍ പ്രവാചകന്‍മാരാണ് എന്ന് വരിക.

ഇങ്ങനെ ഒന്നു സങ്കല്‍പിക്കാന്‍ താങ്കള്‍ക്ക് തടസ്സമാകുന്നത് ബൈബിള്‍ പഴയനിയമത്തിലെ പരാമര്‍ശങ്ങളാണെങ്കില്‍ അതിനെക്കുറിച്ചും പരിശോധനയാകാം. അതില്‍ വിശ്വാസികളായ ഞങ്ങള്‍ എത്തിചേര്‍ന്ന നിഗമനം. ബൈബിള്‍ മുഴുവന്‍ ദൈവവചനമാണെന്നത് ബൈബിളിന്റെ അവകാശവാദമല്ല. അതിനാല്‍ അത് സ്ഥിരീകരിക്കേണ്ടുന്ന പ്രശ്‌നം പോലും ഉല്‍ഭവിക്കുന്നില്ല. മറ്റുചരിത്ര, സാഹിത്യ ഗന്ഥനങ്ങളെപ്പോലെ അതില്‍ വൈരുദ്ധ്യങ്ങളും അവാസ്തവങ്ങളായ പരാമര്‍ശങ്ങളും വരാം. മനുഷ്യരുടെ പക്കല്‍ നിന്നാണ് അതെന്നതിനാല്‍ അവ ആക്ഷേപാര്‍ഹമല്ല. മാത്രമല്ല. ഖുര്‍ആനെപ്പോലെ വള്ളിപുള്ളി മാറ്റം വരുത്താതെ മനുഷ്യരാശി പിന്തുടരേണ്ടുന്ന ഒരു ഗ്രന്ഥമാണ് ബൈബിളെന്ന് ഇതുവരെ ഒരു ക്രിസ്ത്യനിയും വാദിക്കുന്നതും കേട്ടിട്ടില്ല. ബൈബിളിനോ അതിന്റെ അനുയായികള്‍ക്കോ ഇല്ലാത്ത ഒരു വാദം മറ്റൊരുവേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഏതായാലും ആവശ്യമില്ല. ഇക്കാര്യത്തില്‍ ബൈബിളിനെ കൂട്ടുപിടിക്കുന്നതിലെ അസാംഗത്യം താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു.

1. അന്യര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഷ്പ്രയാസം തെളിയും.

2. അന്യരുടെ ദൃഷ്ടിയില്‍പെടാത്ത സൂക്ഷ്മമായ സംഗതികളില്‍ ദൃഷ്ടികള്‍ പതിയും.

3. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധി അംഗീകരിക്കും. എന്നല്ല, അതാണ് ശരിയെന്ന് ബുദ്ധി സാക്ഷ്യപ്പെടുത്തും.

4. അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും സത്യാവസ്ഥ ദൈനംദിനാനുഭവങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, എത്ര ശ്രമിച്ചാലും അത്തരം ഒരു വാക്കുപോലും നമുക്ക് പറയാനാവില്ല.

5. അദ്ദേഹത്തിന്റെ പ്രകൃതി പരിശുദ്ധമായിരിക്കും. തന്‍മൂലം സകല ഏര്‍പ്പാടുകളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗങ്ങളേ കൈക്കൊള്ളൂ.

6.ചീത്ത വാക്കോ ദുഷ്പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്നൊരിക്കലും പുറത്തുവരില്ല.

7. സത്യവും സല്‍ക്കര്‍മങ്ങളും മറ്റുള്ളവരോടുപദേശിക്കുന്നതോടൊപ്പം സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും.

8. വാക്കിനെതിരായി പ്രവര്‍ത്തിച്ചതിന് ഉദാഹരണങ്ങള്‍ കാണില്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍; വാക്കിലോ പ്രവൃത്തിയിലോ സ്വാര്‍ഥതയുടെ നിഴലാട്ടംപോലും ദൃശ്യമാവില്ല. അന്യജീവന്നുതകുവാന്‍ സ്വജീവിതത്തിലദ്ദേഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കും. മാത്രമല്ല, സ്വന്തം ഗുണത്തിനായി അന്യര്‍ക്ക് ഹാനിവരുത്തുകയുമില്ല.

9. സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്‍മാര്‍ഗനിഷ്ഠ, പരിശുദ്ധി തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ക്ക് മാതൃകയായിരിക്കുമദ്ദേഹം.

10. എത്ര തന്നെ പരിശോധിച്ചാലും അദ്ദേഹത്തിന്റെ ജീവിതത്തിലൊരു ന്യൂനത കണ്ടുപിടിക്കുക അസാധ്യമായിരിക്കും.

ഇത്രയും കാര്യങ്ങളാണല്ലോ പ്രവാചകനെ തിരിച്ചറിയാനുള്ള അളവുകോലായി പോസറ്റില്‍ എടുത്ത് പറഞ്ഞത്. ഇത് വായിക്കുമ്പോള്‍ ചിലതെല്ലാം ചില മനുഷ്യര്‍ക്ക് സാധ്യമാണ് എന്ന് വരാം. പക്ഷെ ഇവിടെ പറഞ്ഞവിധം പൂര്‍ണാര്‍ഥത്തില്‍ അവ കാണപ്പെടുക അസംഭവ്യമാണ്. കാരണം ദിവ്യദര്‍ശനത്തിന്റെ പിന്‍ബലത്തിലാണ് അവര്‍ക്ക് ഈ കഴിവ് ലഭിക്കുന്നത് എന്നതുകൊണ്ടുതന്നെ. മറ്റൊന്ന് ഇവ വളരെ കുറ്റമറ്റ കൃത്യമായ മാനദണ്ഡമാണ് എന്ന് പറയാമോ എന്നാണ്. പ്രവാചകന്‍ മുഹമ്മദ് നബിയെയും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മറ്റു പ്രവാചകന്‍മാരെയും മനസ്സിലാക്കിയതില്‍ നിന്ന് രൂപപ്പെട്ട അവരിലെ പൊതുസ്വാഭാവങ്ങളാണിവ. അതിനാല്‍ ആര്‍ക്കെങ്കിലും ഇതിലേക്ക് കൂട്ടിചേര്‍ക്കാന്‍ സാധ്യമല്ലാത്തവിധം സംക്ഷിപ്തമാണവ എന്ന് പറയാനാവില്ല.

ഈ മാനദണ്ഡങ്ങള്‍ വെച്ച് മുഹമ്മദ് നബിയെ പരിശോധിക്കാന്‍ നമ്മുക്ക് ബാധ്യതയുണ്ട്. അത് ഏതാനും പോസ്റ്റിലൂടെ നടത്തപ്പെടേണ്ടതല്ല. പ്രവാചക ചരിത്രത്തെയും വിശുദ്ധഖുര്‍ആനെയും മുന്നില്‍ വെച്ച് ബോധപൂര്‍വമായ ഒരു പഠനം അതിനാവശ്യമാണ്. അതിനിടയില്‍ വരുന്ന സംശയങ്ങള്‍ക്ക് നിവാരണം നല്‍കാന്‍ മാത്രമേ പോസ്റ്റും ചര്‍ചയും ഉപകാരപ്പെടൂ. അതിനാല്‍ ഈ പോസ്റ്റിലെ ചര്‍ച അവസാനിപ്പിക്കാറായി എന്ന് തോന്നുന്നു. ഏതാനും കമന്റോടെ ഇതിലെ ചര്‍ച അവസാനിപ്പിക്കും.

പ്രിയ ഗൂഗ്ലി,

ഇതുവരെ നടന്ന ചര്‍ചകള്‍ പരസ്പരധാരണയോടെയായിരുന്നു, ആരോഗ്യകരമായിരുന്നു. ഇതിന് ശേഷമുള്ള ഏതാനും കമന്റുകള്‍ ഞാനും ചിന്തകനുംനല്‍കിയ മറുപടികളോടൊപ്പം ഈ പോസ്റ്റില്‍ നിന്ന് നീക്കം ചെയ്യുകയാണ്. ഖുര്‍ആനില്‍ പറഞ്ഞതുകൊണ്ട് താങ്കള്‍ വിശ്വസിക്കണം എന്നല്ല ഞാന്‍ പറഞ്ഞത്. ഞാനെന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമായി സ്വീകരിക്കുന്നത് എനിക്ക് സത്യമെന്ന് ബോധ്യപ്പെട്ട ഖുര്‍ആനെയാണ്. താങ്കള്‍ക്ക് ബൈബിളാണ് പ്രവാചകന്‍മാരെ കുറിച്ച് പഠിക്കാന്‍ അവലംബമായി തോന്നുന്നതെങ്കില്‍ അതാവാം. അതുപകയോഗിച്ച് പ്രവാചകനെ മനസ്സിലാക്കാനുള്ള സംഗതികള്‍ താങ്കള്‍ക്ക് സംഗ്രഹിക്കാം. ആ പരിശോധനയനുസരിച്ച് ആരോക്കെ പ്രവാചകന്‍മാര്‍ എന്ന വിഭാഗത്തില്‍ പെടും എന്ന് കണ്ടെത്താം. മുഹമ്മദ് നബി ആ വ്യാഖ്യാനമനുസരിച്ച് പ്രവാചകനല്ലെങ്കില്‍ അതും പറയാം. അതിന് താങ്കള്‍ ആരംഭിച്ച ബ്ലോഗ് ഉപയോഗിക്കാം. ബൈബിളിനെ എന്തുകൊണ്ട് ഞാന്‍ ഇക്കാര്യത്തില്‍ പരിഗണിക്കുന്നില്ല എന്ന് ഞാന്‍ വ്യക്തമാക്കിയതാണ്. അതില്‍ താങ്കള്‍ക്ക് അലോസരം തോന്നേണ്ടതില്ല. ഒരു ക്രിസ്തുമത വിശ്വാസി ഇതേ പ്രവാചകന്‍മാരെ കുറിച്ച് ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു താങ്കെള്‍ക്കെന്ത് പറയാനുണ്ടെന്ന് ചോദിച്ചാല്‍ നിസ്സഹായനാവുകയേ ഉള്ളൂ. അതിനാല്‍ നിങ്ങള്‍ ഇതുവരെ പുലര്‍ത്തിയ സംയമനത്തിന്റെ ശൈലി ഉപേക്ഷിച്ചതുകൊണ്ടും താങ്കള്‍ക്കും ഈ വിഷയത്തില്‍ ഇതുവരെ പറഞ്ഞതല്ലാതെ മറ്റൊന്നും പറയാനില്ല എന്ന് ചിന്തകനോട് വ്യക്തമാക്കിയത് കൊണ്ടും ഈ ചര്‍ച ഇവിടെ അവസാനിപ്പിക്കുന്നു.

പ്രിയ ചിന്തകന്‍,

താങ്കളുടെ മറുപടി വ്യക്തമായിരുന്നു. പക്ഷെ അതിന് കാരണമായ ഗൂഗ്ലിയുടെ കമന്റ് നീക്കം ചെയ്തതിനാല്‍ പ്രസ്തുത കമന്റും നീക്കം ചെയ്യുകയാണ്

ആള്‍മാറാട്ടം ബ്ളോഗില്‍ അപൂര്‍വമല്ല. ബ്ളോഗ് നടത്തികൊണ്ടിരിക്കുന്ന സനോണികളും ചില സ്ഥാപിത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിരന്തരം ആള്‍മാറാട്ടം നടത്തി പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുമൂന്ന് കമന്റോടുകൂടി കള്ളിവെളിച്ചത്താകുകയാണ് പതിവ്. എന്നാല്‍ എന്നെ ഇവിടെ ഒരാള്‍ സമര്‍ഥമായി കബളിപ്പിച്ചു. അതിന്റെ ഫലമാണ്. തുടര്‍ച്ചയായി കാണുന്ന എന്റെത് മാത്രമായ കമന്റുകള്‍. അദ്ദേഹമിട്ട കമന്റുകള്‍ അദ്ദേഹം ലക്ഷ്യം വെച്ച കാര്യങ്ങള്‍ക്കുപരി അതിന് വിരുദ്ധമാണെന്ന് കരുതിയത് കൊണ്ടാകും മുഴുവന്‍ കമന്റുകളും ഡിലീറ്റ് ചെയ്തിരിക്കുന്നു. അതോടുകൂടി ഇത് മറ്റൊരു യുക്തിവാദി കുസൃതിയായിരുന്നുവെന്ന് ഒന്നുകൂടി ഉറപ്പായി. എങ്കിലും മാന്യസുഹൃത്തിനോടെനിക്ക് നന്ദിയുണ്ട്. പോസ്റ്റില്‍ സൂചിപ്പിച്ചുപൊയ കാര്യങ്ങള്‍ക്ക് കുറേകൂടി വ്യക്തത നല്‍കാന്‍ എനിക്കതിലൂടെ സാധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More