ഒരു വ്യക്തി പ്രവാചകനാണെന്ന് ബോധ്യമായിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിക്കുകയും പ്രവൃത്തികളെ അവലംബിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ഒരു വ്യക്തി ദൈവത്തിന്റെ പ്രവാചകനാണെന്ന് സമ്മതിക്കുകയും അതേസമയം അയാളുടെ വാക്കും പ്രവൃത്തിയും തിരസ്‌കരിക്കുകയും ചെയ്യുക എന്നത് യുക്തിവിരുദ്ധമത്രേ. കാരണം, ഒരാള്‍ പ്രവാചകനാണ് എന്ന് സമ്മതിക്കുന്നതിന്റെ അര്‍ഥം അയാളുടെ പ്രസ്താവനകള്‍ ദൈവത്തിങ്കല്‍നിന്ന് ലഭിച്ചതും പ്രവൃത്തികള്‍ ദൈവാഭീഷ്ടമനുസരിച്ചുള്ളതുമാണെന്ന് നാം സമ്മതിക്കുന്നു എന്നാണ്. അതില്‍പിന്നെ, അദ്ദേഹത്തിന്നെതിരില്‍ നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും യഥാര്‍ഥത്തില്‍ ദൈവവിരുദ്ധമായി ഭവിക്കും. ദൈവവിരുദ്ധമായതൊന്നും സത്യമായിരിക്കില്ല. അതിനാല്‍, ഒരു വ്യക്തിയെ പ്രവാചകനായി സമ്മതിച്ചു കഴിഞ്ഞാല്‍പിന്നെ, അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരംപ്രതി സ്വീകരിക്കുവാനും ആജ്ഞകള്‍ ശിരസാവഹിക്കുവാനും നാം നിര്‍ബന്ധിതരാണ് - അവയിലടങ്ങിയ തത്ത്വങ്ങളും യുക്തികളും ഫലങ്ങളും നമുക്ക് മനസ്സിലായാലും ഇല്ലെങ്കിലും. ഒരു കാര്യം പ്രവാചകന്റെതാണ് എന്നതു തന്നെ അത് സത്യമാണെന്നതിന് തെളിവാണ്. സകല യുക്തികളും നന്‍മകളും അതിലന്തര്‍ഭവിച്ചിരിക്കുമെന്ന് കരുതാനും അതു തന്നെ മതി. ഒരു കാര്യത്തിന്റെ യുക്തിയോ ഫലമോ നമുക്കറിയാനാവുന്നില്ല എന്നതിന്റെ അര്‍ഥം അത് മുഴുക്കെ ദോഷമാണ് എന്നല്ല. അത് മനസ്സിലാക്കുന്നതില്‍ നമുക്ക് പിഴവ് പറ്റിയിട്ടുണ്ട് എന്ന് മാത്രമാണ്. ഒരു വിഷയത്തില്‍ പൂര്‍ണവൈദഗ്ധ്യം ഇല്ലാത്ത ഒരാള്‍ക്ക് അതിലെ അതിസൂക്ഷ്മമായ സംഗതികള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലോ. എന്നാല്‍, ആ വിഷയത്തില്‍ പൂര്‍ണ വിദഗ്ധനായ ഒരാള്‍ പറയുന്നത്, തനിക്കതിലുള്ള യുക്തി പിടികിട്ടിയില്ല എന്ന ഏക കാരണത്താല്‍ തള്ളിക്കളയുന്നവര്‍ എത്ര വലിയ വിഡ്ഢികളാണ്. ലോകത്തിലെ സകല ജോലിക്കും അതില്‍ വിദഗ്ധരായവര്‍ വേണം. ഒരു വിദഗ്ധനെ കണ്ടെത്തിയാല്‍ പിന്നെ അവനില്‍ നാം പൂര്‍ണവിശ്വാസം അര്‍പ്പിക്കുന്നു. അതില്‍പിന്നെ, മറ്റാരും അവന്റെ പ്രവൃത്തികളിലിടപെടില്ല. കാരണം, എല്ലാവരും എല്ലാറ്റിലും ഒരുപോലെ വിദഗ്ധരായിരിക്കില്ലല്ലോ. അത്തരമൊരു വിദഗ്ധനെ കണ്ടെത്താനാണ് നാം സ്വന്തം ബുദ്ധിയും സാമര്‍ഥ്യവുമുപയോഗിക്കേണ്ടത്. കണ്ടെത്തിയ വ്യക്തി വിദഗ്ധനാണെന്ന് ബോധ്യം വന്നുകഴിഞ്ഞാല്‍ പിന്നെ അയാളില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കണം. അതിന്ന്‌ശേഷം അവന്റെ പ്രവൃത്തികളില്‍ കൈകടത്തുന്നതും ഓരോ കാര്യത്തിന്റെയും തത്ത്വവും യുക്തിയും പഠിപ്പിച്ചുതരാത്തപക്ഷം സ്വീകരിക്കുകയില്ലെന്ന് ശഠിക്കുന്നതും ബുദ്ധിയല്ല. ഒരു വക്കീലിന് കേസ് ഏല്‍പിച്ചുകൊടുത്ത ശേഷം അദ്ദേഹത്തോട് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചാല്‍ അയാള്‍ നിങ്ങളെ പിടിച്ച് പുറത്താക്കും. ഒരു ഡോക്ടറോട് ചികിത്സയുടെ യുക്തിയും തെളിവും ചോദിച്ചുതുടങ്ങിയാല്‍ അയാള്‍ നിങ്ങളുടെ ചികിത്സതന്നെ വേണ്ടെന്നു വെക്കും. ദൈവത്തെക്കുറിച്ച് യഥാര്‍ഥജ്ഞാനം കരസ്ഥമാക്കുകയാണ് നമ്മുടെ ആവശ്യം. ദൈവഹിതത്തിനൊത്ത് ജീവിക്കാന്‍ പറ്റിയ മാര്‍ഗമേതെന്നും അറിയണം. ഇത് സ്വയം അറിയാനുതകുന്ന ഉപകരണമൊന്നും നമ്മുടെ പക്കലില്ല. അതിനാല്‍, നാം ദൈവത്തിന്റെ പ്രവാചകനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ അന്വേഷണത്തില്‍ നമ്മുടെ മുഴുവന്‍ കഴിവും സാമര്‍ഥ്യവും വിനിയോഗിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, വല്ല കപടനെയും പ്രവാചകനെന്ന് തെറ്റിദ്ധരിച്ചുപോകും. ആപല്‍ക്കരമായ വഴിയില്‍ ചെന്നുപെടുകയാവും അതിന്റെ ഫലം. എന്നാല്‍, സമഗ്രമായ അന്വേഷണപഠനങ്ങള്‍ക്കുശേഷം ഒരാള്‍ സത്യപ്രവാചകനാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, അദ്ദേഹത്തില്‍ പൂര്‍ണമായി വിശ്വസിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ കണിശമായി അനുസരിക്കുകയും ചെയ്‌തേ പറ്റൂ. (ഇസ്ലാം മതം)
3 അഭിപ്രായ(ങ്ങള്‍):
പ്രവാചകനെ തിരിച്ചറിയാനുള്ള സംഗതികളാണ് കഴിഞ്ഞ പോസ്റ്റില്‍ ചര്‍ചചെയ്തത്. അതോടൊപ്പം ഇങ്ങനെ തിരിച്ചറിയുന്ന പ്രവാചകനെ അനുസരിക്കല്‍ മനുഷ്യന് അനിവാര്യമാകുന്നു എന്ന യാഥാര്‍ഥ്യത്തെ അനാവരണം ചെയ്യുകയാണ് മൗദൂദി ഇവിടെ. ഈ വിഷയത്തില്‍ ഒതുങ്ങിനില്‍ക്കുന്ന ചര്‍ച സ്വാഗതം ചെയ്യുന്നു.
valare arivu tharunna post, aashamsakal.........
പ്രിയ ജയരാജ് മുരുക്കുംപുഴ,
അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ