2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

പ്രവാചകനില്‍ വിശ്വസിക്കുന്നതെന്തിന്?

ഇസ്‌ലാമിക ദര്‍ശനം ദൈവത്തിങ്കല്‍നിന്ന് ദൈവത്തിന്റെ പ്രവാചകന്മാര്‍ മുഖേന ലഭിച്ചതാണ്. ഇത് ഗ്രഹിച്ചാല്‍ പിന്നെ, പ്രവാചകനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടത് എല്ലാ മനുഷ്യരുടെയും ബാധ്യതയായിത്തീരുന്നു. പ്രവാചകന്റെ മാര്‍ഗം വിട്ട് സ്വബുദ്ധിയെ അവലംബമാക്കി മറ്റു വല്ല മാര്‍ഗവും നിര്‍മിക്കുന്നവന്‍ വഴിപിഴച്ചവനാണെന്ന കാര്യത്തില്‍ സംശയമേതുമില്ല.

ഈ വിഷയത്തില്‍ ജനങ്ങള്‍ രസാവഹമായ പല അബദ്ധങ്ങളും ചെയ്യുന്നുണ്ട്. ചിലര്‍ പ്രവാചകന്റെ സത്യസന്ധത സമ്മതിക്കുന്നു. പക്ഷേ, അദ്ദേഹത്തെ വിശ്വസിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നില്ല. ഇവര്‍ നിഷേധികള്‍ മാത്രമല്ല വിഡ്ഢികള്‍ കൂടിയാണ്. കാരണം, സത്യവാനെന്ന് സമ്മതിച്ചശേഷം പ്രവാചകനെ അനുഗമിക്കാതിരിക്കുന്നതിന്റെ അര്‍ഥം മനുഷ്യന്‍ മനഃപൂര്‍വം വ്യാജം പിന്‍പറ്റുന്നുവെന്നാണ്. ഇതില്‍പരം വിഡ്ഢിത്തം മറ്റെന്തുണ്ട്?

ചിലര്‍ പറയുന്നത്, തങ്ങള്‍ക്ക് പ്രവാചകനെ അനുസരിക്കേണ്ടതില്ലെന്നും സത്യമാര്‍ഗം തങ്ങള്‍ക്ക് സ്വയം കണ്ടുപിടിക്കുവാന്‍ കഴിയുമെന്നുമാണ്. ഈ വാദവും തെറ്റാണ്. നിങ്ങള്‍ ഗണിതശാസ്ത്രം പഠിച്ചിരിക്കുമല്ലോ. രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ നേര്‍രേഖ ഒന്നുമാത്രമേ ഉണ്ടാകൂ. മറ്റു രേഖകള്‍ ഒന്നുകില്‍ വളഞ്ഞതോ അല്ലെങ്കില്‍ ബിന്ദുക്കളെ പരസ്പരം ബന്ധിപ്പിക്കാത്തതോ ആയിരിക്കും. സത്യമാര്‍ഗത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഇസ്‌ലാമിന്റെ ഭാഷയില്‍ അതിനെ 'സ്വിറാത്തുല്‍ മുസ്തഖീം' എന്നു വിളിക്കുന്നു. അത് മനുഷ്യനില്‍ നിന്നാരംഭിച്ച് ദൈവത്തിലവസാനിക്കുന്നു. ശാസ്ത്രപ്രകാരം മനുഷ്യന്ന് ദൈവത്തിലേക്കുള്ള മാര്‍ഗവും ഒന്നുമാത്രമേ ഉണ്ടാകൂ. അതൊഴിച്ചുള്ളവ വളവുള്ളതോ ദൈവസന്നിധിവരെ എത്താത്തതോ ആയിരിക്കും. ആ നേര്‍മാര്‍ഗമാണ് പ്രവാചകന്‍മാര്‍ കാണിച്ചുതന്നത്. അതിനാല്‍, പ്രവാചകന്‍ കാണിച്ചുതന്ന മാര്‍ഗം വിട്ട് മറ്റു മാര്‍ഗങ്ങള്‍ തേടുന്നവര്‍ ഒന്നുകില്‍ ദൈവസന്നിധിയിലെത്തുകയില്ല, അല്ലെങ്കില്‍ വളഞ്ഞ വഴിക്കേ എത്തൂ. ദൈവസന്നിധിയിലെത്താതിരുന്നാല്‍ അവന്‍ നശിച്ചതുതന്നെ. വളഞ്ഞ വഴിക്ക് വരുന്നവരാകട്ടെ തനി വിഡ്ഢികളും. വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങള്‍ പോലും ഒരിടത്തുനിന്ന് മറ്റൊരിടത്തെത്താന്‍ നേര്‍വഴിയേ തെരഞ്ഞെടുക്കൂ. വളഞ്ഞ വഴിക്കവ പോവില്ല. ആ നിലക്ക് ദൈവത്തിന്റെ ഒരുത്തമ ദാസന്‍, നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുമ്പോള്‍ ''നീ കാണിച്ചുതരുന്ന മാര്‍ഗത്തിലൂടെ ഞാനില്ല; വളഞ്ഞ മാര്‍ഗത്തില്‍തന്നെ തെണ്ടിത്തിരിഞ്ഞ് ഞാന്‍ സ്വയം ലക്ഷ്യത്തിലെത്തിക്കൊള്ളാം'' എന്നു പറയുന്നുവെങ്കില്‍ അയാളെപ്പറ്റി നിങ്ങള്‍ക്കെന്ത് തോന്നുന്നു?

അല്‍പം കൂടി ആഴത്തില്‍ ചിന്തിക്കുന്ന പക്ഷം, പ്രവാചകമാര്‍ഗം നിരസിക്കുന്നവര്‍ക്ക് ദൈവത്തിലേക്കെത്താന്‍ ഒരു മാര്‍ഗവും - വളഞ്ഞതോ നേര്‍ക്കുള്ളതോ - ലഭിക്കില്ലെന്ന് ബോധ്യമാവും. കാരണം, സത്യസന്ധനും നിസ്വാര്‍ഥിയുമായ ഒരാളെ നിരസിക്കുന്നവന്ന് എന്തോ കുഴപ്പമുണ്ട് എന്നാണര്‍ഥം. സത്യത്തിന് നേരെ കണ്ണടയ്ക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്. അത് അവന്റെ ചിന്താശക്തിയുടെ അപൂര്‍ണതയാവാം; അഹങ്കാരമാവാം; സത്യവും നന്‍മയും സ്വീകരിക്കാന്‍ തയ്യാറില്ലാത്തവിധം ദുഷിച്ചുപോയ പ്രകൃതമാവാം; പൂര്‍വികരിലുള്ള അന്ധമായ വിശ്വാസമാകാം; പൂര്‍വികാചാരങ്ങള്‍ക്ക് പകരം മറ്റൊന്നും സ്വീകരിക്കാന്‍ തയ്യാറില്ലാത്തതാവാം. ഇതൊന്നുമല്ലെങ്കില്‍ അവന്‍ ദേഹേഛകളുടെ അടിമയായതുകൊണ്ടാവാം. പ്രവാചകനെ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ പാപങ്ങളും ദുര്‍വൃത്തികളും ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകുമെന്ന് അവന്‍ ഭയപ്പെടുന്നുണ്ടാവണം. ഈ കുഴപ്പങ്ങളിലൊന്നെങ്കിലുമുള്ള വ്യക്തിക്ക് ഒരിക്കലും ദൈവിക മാര്‍ഗദര്‍ശനം ലഭിക്കില്ല. ഇപ്പറഞ്ഞതൊന്നും ഇല്ലാത്ത, സത്യസന്ധനും നിഷ്പക്ഷനുമായ ഒരു സത്യാന്വേഷി പ്രവാചകന്റെ ശിക്ഷണങ്ങള്‍ നിരസിക്കുക എന്നത് തീര്‍ത്തും അസംഭവ്യമത്രേ.

പ്രശ്‌നത്തിന് ഗൗരവാവഹമായ മറ്റൊരു വശമുണ്ട്. സത്യപ്രവാചകന്‍ ദൈവനിയുക്തനാണ്. പ്രവാചകനെ വിശ്വസിക്കുകയും അനുസരിക്കുകയും വേണമെന്നത്  ദൈവശാസനയാണ്.  അപ്പോള്‍ പ്രവാചകനിരാസം ദൈവധിക്കാരമാണ്. ഒരു രാജ്യത്തിലെ പൗരന്‍മാര്‍ ഭരണകൂടം  നിശ്ചയിക്കുന്ന  ഉദ്യോഗസ്ഥനെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഉദ്യോഗസ്ഥനെ ധിക്കരിക്കുന്നതിന്റെ അര്‍ഥം ഭരണകൂടത്തെ ധിക്കരിക്കുക എന്നാണ്. ഭരണകൂടത്തെ അംഗീകരിക്കുകയും അത് നിയമിക്കുന്ന ഉദ്യോഗസ്ഥനെ നിരാകരിക്കുകയും ചെയ്യുക എന്നത് പരസ്പരവിരുദ്ധമാണ്. അതുപോലെ ദൈവം മുഴുവന്‍ മനുഷ്യരുടെയും രാജാവാണ്. അതിനാല്‍, മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി രാജാവ് നിയമിച്ച വ്യക്തിയെ അംഗീകരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടത് സര്‍വമനുഷ്യരുടെയും ബാധ്യതയാണ്. പ്രവാചകനെ തിരസ്‌കരിക്കുന്നവര്‍ ദൈവത്തില്‍ വിശ്വസിച്ചാലും 'കാഫിര്‍' തന്നെ. (അവലംബം: ഇസ്ലാം മതം)

1 അഭിപ്രായ(ങ്ങള്‍):

അതിനാല്‍, മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി രാജാവ് നിയമിച്ച വ്യക്തിയെ അംഗീകരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടത് സര്‍വമനുഷ്യരുടെയും ബാധ്യതയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More