2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

പ്രവാചകനും മദീനയിലെ ജൂതന്‍മാരും

പ്രവാചകന്‍ മദീനയില്‍ ആഗതനായപ്പോള്‍ സ്വീകരണം നല്‍കിയവരില്‍ ജൂതന്‍മാരുമുണ്ടായിരുന്നു എന്ന് നാം കണ്ടു. അദ്ദേഹത്തിന്റെ മതിപ്പുനേടിയെടുക്കാനും തങ്ങള്‍ കൊണ്ടുനടക്കുന്ന ചിലപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് അത് സഹായകമാകുമെന്നും ജൂതന്‍മാര്‍ കണക്കുകൂട്ടി. തങ്ങളെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് പുറത്താക്കിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്നവര്‍ പ്രതീക്ഷിച്ചു. പ്രവാചകന്റെ ഓരോ നീക്കവും നിപുണനായ ഒരു രാജ്യതന്ത്രജ്ഞന് യോജിച്ചവിധത്തിലായിരുന്നു. ജൂതന്‍മാരുമായി ഒരു സമാധാന കാരാരില്‍ അദ്ദേഹം ഏര്‍പ്പെട്ടു. വിശദമായ വ്യവസ്ഥാപിതമായ ആ കരാറില്‍ മദീനയുടെ ആഭ്യന്തര ഭദ്രതയും ജൂതന്‍മാര്‍ക്കുള്ള വിശ്വസ-ആചാര സ്വാതന്ത്യ്രവും ഉറപ്പാക്കപ്പെട്ടു. ജൂതന്‍മാര്‍ ഏകപക്ഷീയമായി കരാറുകള്‍ റദ്ദാക്കുന്നത് വരെ അതിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെട്ടു. മദീനയില്‍ ഈ സമാധാനാന്തരീക്ഷത്തിന്റെ പ്രയോക്താക്കള്‍ ജൂതന്‍മാര്‍കൂടിയായിരുന്നു. അവരുടെ കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്പെട്ടു. പക്ഷേ കാര്യങ്ങള്‍ വളരെ കാലം തുടര്‍ന്ന് പോകാന്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല. നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാരണത്താലായിരുന്നില്ല അത്. പ്രവാചകന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് ബഹുമുഖ ലക്ഷ്യത്തോടെയാണ്. കേവലം ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായി മദീനയിലെത്തിയ ശിഷ്ടകാലം കഴിച്ചുകൂട്ടുക അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യമായിരുന്നില്ല. പ്രവാചകന്‍ തന്റെ ദിവ്യസന്ദേശത്തിന്റെ പ്രബാധനം നിര്‍ത്തിവെച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു പ്രശ്നങ്ങളുമില്ലാതെ മരണം കൂടാതെ സൌഖ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ പ്രവാചകന് സാധിക്കുമായിരുന്നു. അതേ സമയം ഇസ്ലാം എന്ന സമ്പൂര്‍ണമായ ദര്‍ശനം ജീവിതത്തിന്റെ എല്ലാ രംഗത്തും ഇടപെടും. ഇത് മനസ്സിലാക്കാതെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ തികഞ്ഞ ആശയക്കുഴപ്പത്തില്‍ അകപ്പെടാന്‍ നല്ല സാധ്യതയുണ്ട്. പ്രവാചകന്‍ നയിച്ച യുദ്ധങ്ങള്‍ മതം അടിച്ചേല്‍പ്പിക്കാനായിരുന്നു എന്ന ലളിതമായ ഉത്തരം അത്തരക്കാരെ തൃപ്തിപ്പെടുത്തുകയും. അതല്ലാത്ത് ഉത്തരങ്ങള്‍ തങ്ങളുടെ മതയുദ്ധങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അനുയായികളുടെ വാചകകസര്‍ത്തായി വ്യാഖ്യാനിക്കുകയും ചെയ്യും. ജീവിതത്തിന്‍ മുഴുമേഖലകള്‍ക്കും മനുഷ്യസ്രഷ്ടാവിന്റെ നിയമങ്ങള്‍ നല്‍കുകയും അവയുടെ പ്രയോഗികത സമര്‍പ്പിച്ചുകാണിക്കുകയുമാണ് പ്രവാചകന്റെ നിയോഗലക്ഷ്യം.

മനുഷ്യര്‍ ഓരോരുത്തരും സ്വന്തം നിലക്ക് വഴികള്‍ കണ്ടെത്തെട്ടെ എന്നും, അവന് ആവശ്യമുള്ള നിയമങ്ങള്‍ തന്നത്താന്‍ നിര്‍മിക്കുകയും ചെയ്യട്ടേ എന്നും അല്ലഹു വെച്ചിട്ടില്ല. അത് ദൈവത്തിന്റെ നീതിയുടെ ലംഘനമാണ് എന്നാണ് ഇസ്ലാം കരുതുന്നത്. വ്യത്യസ്ഥമായ ചിന്താഗതികള്‍ ഉണ്ടായിരിക്കെ ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കല്‍ അല്ലാഹു സ്വയം ബാധ്യതയായി ഏറ്റിരിക്കുന്നു.

പ്രവാചകന്‍ മദീനത്തിലെത്തിയ ശേഷം തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏകദൈവത്വത്തിന്റെ വക്താക്കളായിരുന്ന ജൂതന്‍മാര്‍ അല്‍പം ആത്മവിശ്വാസത്തിലായിരുന്നുവോ?. തങ്ങളിലാരെയും ഇസ്ലാം സ്വാധീനിക്കാന്‍ പോകുന്നില്ല എന്നവര്‍ ധരിച്ചുവോ?. അല്ലായിരുന്നെങ്കില്‍ അബ്ദുല്ലാഹിബ്നു സലാമിന്റെയും കുടുംബത്തിന്റെയും ഇസ്ലാം ആശ്ളേഷം അവരില്‍ ഇത്ര പ്രതികരണം ഉണ്ടാക്കില്ലായിരുന്നു. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നിര്‍വികാരരായി നോക്കി നില്‍ക്കാന്‍ മാത്രം സഹിഷ്ണുത മറ്റേത് മതത്തില്‍ നിന്ന് പ്രതീക്ഷിച്ചാലും ജൂതമതത്തില്‍ നിന്ന് നാം പ്രതീക്ഷിക്കരുത്. പുതിയ പ്രവാചകനെക്കുറിച്ച പ്രതീക്ഷയില്‍ മാറ്റം വന്നപ്പോള്‍ തന്നെ അവര്‍ തീരുമാനിച്ചതാണ്, തങ്ങളില്‍ ഒരാളും മുഹമ്മദിന് സഹായകമാകുന്ന രൂപത്തില്‍ അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകരിക്കരുതെന്ന്. അതിനുള്ള തന്ത്രങ്ങളൊക്കെ മുന്‍കൂട്ടി അവര്‍ എടുത്തിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ വലിയ കാര്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. ഇനിയും അവര്‍ക്ക് തങ്ങളുടെ സാമ്പത്തിക സമൃദ്ധിയെ മാത്രം പരിഗണിച്ച് അടങ്ങിയിരിക്കാനാവില്ല. ക്രൈസ്തവര്‍ക്കെതിരെ എന്തെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യതയും കാണുന്നില്ല. നജ്റാനില്‍ നിന്ന് വന്ന ക്രൈസ്തവരെ എത്രമാന്യമായാണ് പ്രവാചകന്‍ സ്വീകരിച്ചത്. പ്രവാചകന്റെ പള്ളിയില്‍ പോലും പ്രാര്‍ഥനനടത്തുവാന്‍ അവരെ അനുവദിച്ചു. എത്രമാന്യമായാണവര്‍ പിരിഞ്ഞുപോയത്. ഇപ്രകാരം സമാധാനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനില്‍ നിന്ന് തങ്ങളുടെ ശത്രുക്കളെ തോല്‍പിക്കാനുള്ള സഹായം എങ്ങനെ ലഭ്യമാകാന്‍. അവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു. മാത്രമല്ല ദിവസംതോറും മുഹമ്മദിന്റെ അനുയായികള്‍ ശക്തിപ്രാപിച്ചുവരുന്നതും അവര്‍ കണ്ടു. തങ്ങളുടെ നിലനില്‍പിന് മദീനയിലെ മുസ്ലിം സാന്നിദ്ധ്യം ഒരു വലിയ ഭീഷണിയായി അവര്‍ക്ക് തോന്നി. അതിനാല്‍ ഏത് വിധേനയും അതിനെ നഷിപ്പിക്കുക എന്നത് പൊതുജൂതമനസ്സായി രൂപപ്പെട്ടു. എന്നാല്‍ ഒറ്റയടിക്ക് പ്രവാചകനെ നേരിടാനുള്ള കെല്‍പ് അവര്‍ക്കുണ്ടായിരുന്നില്ല. മദീനയിലുള്ള കപടവിശ്വാസകളായിരുന്നു അവരുടെ ഒരു കൂട്ട്. അതിന് നല്ല ഒരാളെ തന്നെ അവര്‍ക്ക് കിട്ടി. ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ നേതാവാകാന്‍ തയ്യാറായി നിന്നിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ്. പ്രവാചകന്റെ മദീനയിലേക്കുള്ള ആഗമനമാണ് തന്റെ നേതൃസ്വപ്നത്തിന് വിഘ്നം വരുത്തിയത്.

പ്രവാചകന്റെ ഏറ്റവും വലിയ ശക്തി ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ ഇണക്കമാണ്. ആദ്യം അതില്‍ വിള്ളല്‍ വീഴ്തണം. അതിന് ഏറ്റവും നല്ലത് ബുഗാസ് യുദ്ധത്തിന്റെ ഓര്‍മ സജീവമായി നിലനിര്‍ത്തുകയാണ്. അതിനായി വിരചിതമായ കവിതകള്‍ ഉദ്ധരിച്ചും മറ്റും രണ്ടുഗോത്രങ്ങളെയും ഇളക്കിവിടാന്‍ ജൂതന്‍മാര്‍ ആവുന്നത്ര ശ്രമിച്ചു. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിലയുറപ്പിച്ച് നിന്ന് കൊള്ളയിലേര്‍പ്പെട്ട ചില അറബി ഗോത്രങ്ങളെ തുരത്തിയതും മക്കക്കാരുടെ വ്യാപാര മാര്‍ഗത്തില്‍ തടസ്സങ്ങള്‍ വലിച്ചിട്ടുകൊണ്ട് ഖുറൈശികളെ സമ്മര്‍ദ്ധത്തിലാക്കി അവരെ അനുനയത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതും വിപരീത ഫലമാണ് ഉളവാക്കിയത് അതിനെ തുടര്‍ന്നുണ്ടായ ബദര്‍ യുദ്ധത്തിലെ വിജയം ഖുറൈശികളേക്കാള്‍ ഞെട്ടിപ്പിച്ചത് ജൂതന്‍മാരെയാണ്. ഇതുവരെ തങ്ങളുടെ മതത്തില്‍നിന്ന് ഇസ്ലാമിലേക്കാകര്‍ഷിക്കുന്നവരുടെ കാര്യത്തിലായിരുന്നു ആശങ്കയെങ്കില്‍ ഇതോടെ സ്വാധീനവും ആധിപത്യത്തിന്റെ വ്യാപനവും കൂടി അവര്‍ക്ക് പ്രതിരോധിക്കേണ്ടിവന്നു. ജൂതന്‍മാരില്‍ ദിനംപ്രതി ഇസ്ലാമിനോടുള്ള ശത്രുതയും കൂടിവന്നു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More