ഉഹദിലെ പരാജയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, മദീനയില്‍ അടങ്ങിയിരുന്ന ജൂതന്‍മാര്‍ക്ക് മുസ്ലികളുടെ ശക്തിയെ സംബന്ധിച്ച മതിപ്പുകുറയാനിടയാക്കി എന്നതായിരുന്നു. ഉഹദിലെ പരാജയത്തില്‍ അവര്‍ അതിയായി സന്തോഷിച്ചു. അടുത്ത ഊഴം ബനൂനളീര്‍ കാരുടെതായിരുന്നു. അവര്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ തിരിഞ്ഞു. പ്രവാചകനെ വധിക്കാന്‍ വരെ അവര്‍ ഗൂഢാലോചന നടത്തി. മുഹമ്മദ് നബി അവരുടെ തന്ത്രം വളരെ വേഗം ഗ്രഹിക്കാന്‍സാധിച്ചതിനാല്‍ അത് നടക്കാതെ പോവുകയായാണുണ്ടായത്. അനന്തര നടപടിയായി നളീര്‍ ഗോത്രത്തിന് സന്ദേശവുമായി മുഹമ്മദുബ്നു അബൂസലമയെ പ്രവാചകന്‍ നിയോഗിച്ചു. സന്ദേശം ഇങ്ങനെയായിരുന്നു. “ നിങ്ങള്‍ നാട് വിട്ടുപോകണം എന്നെ വധിക്കുവാന്‍ ഉദ്ദേശിക്കുക വഴി എന്നോടുള്ള കരാര്‍ ലംഘിച്ചിരിക്കുന്നു. 10 ദിവസം ഞാന്‍ നിങ്ങള്‍ക്ക് അവധി നല്‍കുന്നു. അതിന് ശേഷം ഇവിടെ കാണപ്പെടുന്നവര്‍ വധിക്കപ്പെടുന്നതാണ്” . അവര്‍ കൂടിയാലോചിച്ചു. അബ്ദുല്ലാഹിബിനു ഉബയ്യ് സഹായം വാഗ്ദാനം ചെയ്തു. അദ്ദേഹത്തില്‍ വിശ്വാസമില്ലാതിരുന്ന ഒരു വിഭാഗം ഇപ്പോള്‍ നബിയുടെ കല്‍പന അംഗീകരിക്കാനും. വിളവെടുപ്പ് സമയമാകുമ്പോള്‍ തിരിച്ച് വന്ന് വിളവെടുക്കാനും അനുവാദം ചോദിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അവരുടെ നേതൃനിരയിലുണ്ടായിരുന്ന ഹുയയ്യുബ്നു അഖ്തബ് അത് അംഗീകരിച്ചില്ല. ഒരു വര്‍ഷം വരെ നമ്മെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. കോട്ട ഉപരോധിച്ചാലും ഒരു വര്‍ഷത്തോളം കഴിയാനുള്ള ഭക്ഷണവിഭവങ്ങള്‍ തങ്ങളുടെ കയ്യിലുണ്ട് എന്നതും, അത്രയും ദീര്‍ഘകാലം ഉപരോധനത്തില്‍ തുടരുവാന്‍ മുസ്ലിംകള്‍ക്കാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലം. മദീന വിടുവാനുള്ള അവരുടെ പ്രയാസത്തിന് കാരണം കുലച്ചുനില്‍ക്കുന്ന ഈത്തപ്പനകളായിരുന്നു എന്ന് പ്രവാചകന് അറിയാം. അതിനാല്‍ ഉപരോധത്തിനിടയില്‍ ഈത്തപ്പന മരം വെട്ടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ നല്‍കി. ഇത് തികച്ചും അസാധാരണ സംഭവമായിരുന്നു. മുസ്ലിംകള്‍ അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. യുദ്ധത്തിനിടയില്‍ ഫലവൃക്ഷം നശിപ്പിക്കുകയില്ല എന്നത് മുസ്ലിംകളുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ അവര്‍ അമ്പരക്കുകയും നിസ്സഹയരാവുകയും ചെയ്തു. അവര്‍ ഇങ്ങനെ വിളിച്ചു ചോദിച്ചു. ‘അല്ലയോ മുഹമ്മദ്, കുഴപ്പം നിരോധിക്കുകയും കുഴപ്പക്കാരികളെ ആക്ഷേപിക്കുകയും ചെയ്തിരുന്ന ആളാണ് താങ്കള്‍, എന്നിട്ടിപ്പോള്‍ ഞങ്ങളുടെ ഈത്തപ്പന വൃക്ഷങ്ങള്‍ വെട്ടിവീഴ്തുകയും അഗ്നിക്കിരയാക്കുകയും ചെയ്യുകയാണോ.’ ഇക്കാര്യത്തിലാണ് സൂറത്തുല്‍ ഹശ്റിലെ 5ാം സൂക്തം അവതരിച്ചത്. ഈത്തപ്പനക്കേല്‍ക്കുന്നതിന് മുമ്പ് സമ്പത്തിന്റെ പേരില്‍ മദീനയില്‍ തങ്ങാനും മുസ്ലികളോട് യുദ്ധം ചെയ്യാനുമുള്ള ആവേശത്തിന്‍മേലാണ് അല്ലാഹുവിന്റെ തീരുമാനപ്രകാരമുള്ള ആ മഴു ആഞ്ഞുപതിച്ചത്.
അതോടൊപ്പം അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ കാപട്യം കൂടി അവര്‍ അറിഞ്ഞു. അദ്ദേഹം അവരെ സഹായിക്കാന്‍ ചെന്നില്ല. തങ്ങളെ സഹായിക്കുമെന്ന് കരുതിയ അറബി ഗോത്രങ്ങളെയും അവര്‍ അവിടെ കണ്ടില്ല. അതിനാല്‍ പ്രവാചകന്റെ കല്‍പന കൈകൊള്ളാന്‍ തീരുമാനിച്ചു. മൂന്ന് പേര്‍ക്ക് ഒരൊട്ടകവും അതിന് വഹിക്കാവുന്ന ചരക്കുകളും എടുത്ത് മദീനവിട്ടുകൊള്ളാന്‍ പ്രവാചകന്‍ അവര്‍ക്ക് അനുവാദം നല്‍കി.
നളീര്‍ ഗോത്രം മദീനയില്‍ തങ്ങുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും മുസ്ലിംകള്‍ക്ക് ആപത്തു സംഭവിക്കുമ്പോഴെല്ലാം അവര്‍ കപടവിശ്വാസികളുടെ സഹായത്താല്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ വ്യക്തമായി കരാര്‍ ലംഘിക്കുന്നത് വരെ പ്രവാചകന്‍ അവര്‍ക്കെതിരെ ഒരു നീക്കവും നടത്തിയിരുന്നില്ല. തനിക്കെതിരെയുള്ള വധശ്രമം വ്യക്തമായ ശേഷവും നിരുപാധികം മദീന വിട്ടുപോകുവാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും കുതന്ത്രം പ്രയോഗിച്ചപ്പോള്‍ അവര്‍ക്ക് അനുവദിച്ച് സമ്പത്തില്‍ ഉപാധിനിശ്ചയിക്കുകയായിരുന്നു. അതോടൊപ്പം അറിയേണ്ട മറ്റൊരു വസ്തുത. അത് വരെ പ്രവാചകന്റെ കത്തെഴുത്തുകാരന്‍ നളീര്‍ ഗോത്രജ്ഞനായ ഒരു ജൂതനായിരുന്നു എന്നതാണ്. അവരെ നാട് കടത്തിയതിന് ശേഷമാണ് അസാമാന്യമായ ഭാഷാ പരിജ്ഞാനമുള്ള സൈദുബ്നു സാബിതിനെ പ്രവാചകന്‍ തല്‍സ്ഥാനത്ത് നിയോഗിച്ചത്. ചുരുങ്ങിയ ദിവസത്തിനിടയില്‍ ഹിബ്രു സുരിയാനി ഭാഷകള്‍ അദ്ദേഹം കരസ്ഥമാക്കി. മദീനയില്‍ വീണ്ടും സമാധാനം തിരിച്ചുവന്നു. കപടവിശ്വാസികള്‍ പത്തിമടക്കി. ഒരു വര്‍ഷം ഈ അവസ്ഥ നീണ്ടുനിന്നു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ