2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

ഖുറൈളക്കെതിരായ നടപടിയുടെ കാരണങ്ങള്‍ (1)

മുസ്ലിംകളോടുള്ള ജൂതരുടെ ശത്രുത

ഈ തലക്കെട്ട് ജൂതരോടുള്ള മുസ്ലിംകളുടെ ശത്രുത എന്നായിക്കൂടെ എന്ന് ഒരാള്‍ക്ക് സ്വാഭാവികമായും തോന്നാവുന്നതാണ്. എന്നാല്‍ ചരിത്രപരമായോ മതപരമായോ ജൂതന്‍മാരെ ശത്രുപക്ഷത്ത് നിര്‍ത്താവുന്ന പ്രേരകങ്ങളൊന്നുമുണ്ടായിരുന്നില്ല ഇസ്ലാമിന്. പ്രവാചകന്‍മാര്‍ ഏതെങ്കിലും മതത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയല്ല പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എന്റെ സമുദായമേ.. എന്നാണ് അവരിരോരുത്തരും തങ്ങളുടെ പ്രബോധിത സമൂഹത്തെ അഭിസംബോധന ചെയ്തത്. പ്രബോധിത സമൂഹം എപ്പോഴും പ്രബോധകരെ ശത്രുപക്ഷത്തേക്ക് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. നൂഹ്, ലൂത്ത്, മൂസാ, ഈസാ എന്നീ പ്രവാചകന്‍മാര്‍ക്കൊക്കെ തങ്ങളുടെ പ്രബോധിത സമൂഹത്തില്‍ നിന്ന് ശത്രുക്കളുണ്ടായത് അവര്‍ അതിക്രമമോ അനീതിയോ പ്രവര്‍ത്തിച്ചത് കാരണമായിരുന്നില്ല. പ്രവാചകന്‍ മക്കയില്‍ ആഗതനായപ്പോഴും തന്റെ സമൂഹത്തെ അത്യന്തം ഗുണകാംക്ഷയോടെയാണ് ദിവ്യസന്ദേശത്തിലേക്ക് ക്ഷണിച്ചത്. പതിമൂന്ന് വര്‍ഷം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടത്തി എന്ന് ഏറ്റവും കടുത്ത ഒരു ഇസ്ലാം വിമര്‍ശകന് പോലും പറയാനാന്‍ കഴിയില്ല. പ്രവാചകന്‍ അവരോട് ചെയ്ത ‘തെറ്റ്’ ദൈവദര്‍ശനം അവര്‍ക്ക് പ്രബോധനം ചെയ്തു എന്നതായിരുന്നു. അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുകയോ കഅ്ബയില്‍ പ്രതിഷ്ടിച്ചിരുന്ന വിഗ്രങ്ങളിലൊന്നിനെപ്പോലും പോറലേല്‍പിക്കുകയോ ചെയ്തില്ല. സത്യസന്ദേശം സ്വീകരിച്ച വിശ്വാസികളെ അവര്‍ കഴിയാവുന്ന വിധത്തിലെല്ലാം ഉദ്രവിച്ചതും തങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അവരുണ്ടാക്കിയതുകൊണ്ടല്ല. അവസാനം മദീനയിലെത്തിയപ്പോഴും പ്രവാചകന്‍ സമാധാനത്തിന്റെ മാര്‍ഗമാണ് അവലംബിച്ചത്. ഒരു ഘട്ടത്തിലും മതപ്രചരണത്തിന് ബലപ്രയോഗത്തിന്റെ മാര്‍ഗം സ്വീകരിച്ചിട്ടില്ല. മദീനയിലെ പ്രബലവിഭാഗമായിരുന്നു ജൂതന്‍മാര്‍. മുമ്പ് വിവരിച്ച് കഴിഞ്ഞ സംഭവങ്ങളോടെ ജൂതന്‍മാരുടെ പക വീണ്ടും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഒരോ പുതിയ സംഭവങ്ങളും ജൂതന്‍മാരുടെ ശത്രുത വര്‍ദ്ധിപ്പിക്കുയാണുണ്ടായത്.

മുഹമ്മദ് നബിയെയും മുസ്ലിംകളെയും ഉന്‍മൂലനം ചെയ്യുകയല്ലാതെ തങ്ങളുടെ മുമ്പില്‍ മറ്റുമാര്‍ഗമില്ല എന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. തങ്ങള്‍ മാത്രം വിചാരിച്ചാല്‍ അതിന് സാധ്യമല്ലെന്നും കിട്ടാവുന്ന മുഴുവന്‍ അറബിഗോത്രങ്ങളെയും മക്കാനിവാസികളെയും സംഘടിപ്പിക്കുയും ചെയ്ത് മാത്രമേ ഇനി മുസ്ലിംകളെ തോല്‍പിക്കാനാവൂ എന്നവര്‍ കണക്കുകൂട്ടി. ഇതിന് മുന്നിട്ടിറങ്ങിയത് ബനൂനളീര്‍ തലവനായ ഹുയയ്യുബ്നു അഖ്തബാണ്. മുഹമ്മദ് നബിയുടെ ഔദാര്യത്താന്‍ കൈനിറയെ സമ്പത്തുമായി മദീനയില്‍ നിന്ന് മാറിതാമസിക്കാന്‍ അനുവാദം ലഭിച്ചുവെങ്കിലും ബനൂനളീറുകാരില്‍ പ്രതികാരത്തിന്റെ മനസ്സ് എരിയുകയായിരുന്നു. ജൂതഗോത്രങ്ങളില്‍പെട്ട മദീനക്ക് സമീപം താമസിക്കുന്ന ബനൂഖുറൈള ഇത് വരെ മുസ്ലിംകളുടെ ശത്രുപക്ഷത്ത് ചേര്‍ന്നിരുന്നില്ല. എങ്കിലും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനുതകുന്ന ഒരു സംഭവം തുടര്‍ന്നുണ്ടായി. അതാണ് ഇനിപറയാന്‍ പോകുന്നത്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More