2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഖുറൈളക്കെതിരായ നടപടിയുടെ കാരണങ്ങള്‍(2)

ബനൂ നളീറിന്റെ പ്രത്യുപകാരം അഥവാ അഹ്‌സാബ് യുദ്ധം


(മക്കയില്‍ നിന്ന് വന്ന മുശ്‌രിക്കുകളുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വിശ്വാസികളോട് ഏറ്റുമുട്ടിയതാണ് അഹ്‌സാബ് യുദ്ധം എന്നാണ് ലളിതമായി നാം മനസ്സിലാക്കി വരുന്നത്. ബദറും ഉഹദും അവരുടെ കാരണത്താലായിരുന്നതിനാല്‍ അഹസാബ് (ഖന്‍ദഖ്)യുദ്ധവും ആ ഗണത്തില്‍ പെടുത്താറാണ് പതിവ്. ഇതില്‍ ജൂതന്‍മാരുടെ പങ്ക് കരാര്‍ലംഘിച്ച് ശത്രുസൈന്യത്തില്‍ ചേര്‍ന്നെന്ന് നാം ചുരുക്കിപ്പറയുകയും ചെയ്യും. അല്‍പം വിശദമായി നാം ചരിത്രം വായിച്ചാല്‍ ലഭിക്കുന്നത്, ഈ യുദ്ധം സ്‌പോണ്‍സര്‍ ചെയ്തതും അതിന് മുന്‍കൈയ്യെടുത്തതും ജൂതന്‍മാരായിരുന്നു വിശിഷ്യാ ബനുനളീര്‍ എന്ന ജൂതഗോത്രം. അവര്‍ മക്കാനിവാസികളെ ഉപയോഗപ്പെടുത്തുകയായിരുന്നു.)


ബനൂനളീര്‍ ഗോത്രതലവനായ ഹുയയ്യ്ബിന്‍ അഖതബ്, സലാം ബിന്‍ അബൂഹുഖൈഖ്, കിനാനബിന്‍ അല്‍ഹുഖൈഖ തുടങ്ങിയവര്‍ മക്കയിലെ അറബികളെ യുദ്ധസന്നദ്ധരാക്കുന്നതിന് വേണ്ടി അവിടെയെത്തി. ഇവരോടൊപ്പം ചില അറബിഗോത്രങ്ങളിലെ നേതാക്കളുമുണ്ടായിരുന്നു. മക്കക്കാര്‍ ഹുയയ്യിനോട് ജൂതന്‍മാരെ പറ്റിചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഞാന്‍ അവരെ ഖൈബറിനും മദീനക്കുമിടയില്‍ നിര്‍ത്തിയിരിക്കുകയാണ്. മുഹമ്മദിനെതിരെ പുറപ്പെടാന്‍ നിങ്ങളുടെ ആഗമനവും പ്രതീക്ഷിച്ചിരിക്കുകയാണ്." ഖുറൈളയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. "മുഹമ്മദിനെ കെണിയില്‍ പെടുത്താന്‍ അവര്‍ മദീനയില്‍ തന്നെ നില്‍ക്കുകയാണ്. നിങ്ങള്‍ അവിടെയെത്തേണ്ട താമസം അവര്‍ നിങ്ങളോടൊപ്പം ചേരും." ഹുയ്യയിന്റെ ഈ അഭിപ്രായം ശരിവെക്കുന്ന തരത്തിലായിരുന്നു ഖുറൈളക്കാര്‍ പിന്നീട് അവസരം ലഭിച്ചപ്പോള്‍ പെരുമാറിയത്.

ഹുയയ്യിന്റെ ഒരോ വാക്കും ഖുറൈശികള്‍ക്ക് ആവേശം പകരുന്ന വിധത്തിലായിരുന്നു. ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ നല്ലത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി നിങ്ങളുടെ മതമാണ് എന്നായിരുന്നു. ഇതില്‍ പല അമുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. കാരണം ബഹുദൈവത്വം ഒരു നിലക്കും പൊറുപ്പിക്കാത്തവരാണ് ജൂതന്‍മാര്‍ മുഹമ്മദ് നബിയാകട്ടേ പ്രബോധനം ചെയ്യുന്നത് തങ്ങളുടെ അതേ ഏകദൈവത്വവും എന്നിരിക്കെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഹുയയ്യ് നടത്തിയ അഭിപ്രായ പ്രകടനം മുസ്‌ലികളോട് അദ്ദേഹത്തിനുണ്ടായിരുന്ന അടക്കാനാവാത്ത അമര്‍ഷത്തിന്റെ ലക്ഷണമായിക്കാണാം. യുദ്ധത്തിന് ഒരു ദിവസവും നിശ്ചയിച്ചാണ് അദ്ദേഹം മടങ്ങിയത്. അതോടൊപ്പം അദ്ദേഹവും സംഘവും ഗത്ഫാന്‍, മുര്‍റ, ഫസാറ, അശ്ജഅ്, സുലൈ, സഅ്ദ് എന്നീ ഗോത്രങ്ങളുടെ സഹായം കൂടി മുസ്‌ലിംകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഉറപ്പുവരുത്തി. അതോടെ രൂപപെട്ട സംഖ്യകക്ഷികളുടെ സൈന്യം പതിനായിരത്തോളം പേര്‍ അടങ്ങിയതായിരുന്നു. പുറത്താക്കപ്പെട്ട ബനൂനളീര്‍ ആണ്, ഇത്രവലിയ ഒരു സൈന്യത്തെ സജ്ജീകരിച്ചതിലെ മാസ്റ്റര്‍ ബ്രൈന്‍ എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ഈ യുദ്ധം മൂലം തങ്ങള്‍ തോല്‍പ്പിക്കപ്പെടുക മാത്രമല്ല വേരോടെ പിഴുതെറിയപ്പെടും എന്ന് വിശ്വാസികള്‍ കണക്കുകൂട്ടി. ഉഹദില്‍ തങ്ങളെ പരാജയപ്പെടുത്തിയത് ഇതിലും എത്രയോ ചെറിയ സൈന്യമായിരുന്നു എന്ന വസ്തുത അവരുടെ പരിഭ്രമം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. ശക്തമായ ഒരു യുദ്ധതന്ത്രം ഉടനെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പ്രവാചകന്‍ കൂടിയാലോചിച്ചു, പേര്‍ഷ്യക്കാരനായ സല്‍മാന്‍(റ) ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുകയും പ്രവാചകന്‍ അംഗീകരിക്കുകയും ചെയ്തു. ശത്രുക്കള്‍ മദീനയില്‍ പ്രവേശിക്കാതിരിക്കാന്‍ കിടങ്ങ് കീറുക എന്നതായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ച തന്ത്രം. ഖുറൈളക്കാരുടെ താമസസ്ഥലം വരെ ഇപ്രകാരം വലിയ ഒരു കിടങ്ങ് കീറി. അതുവരെ കരാര്‍ ലംഘിക്കാതിരുന്ന ഖുറൈളക്കാരെ വിശ്വാസത്തിലെടുക്കുകയാണ് പ്രവാചകന്‍ ചെയ്തത്. കേവലം ഊഹത്തിന്റെയും സംശയത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വിഭാഗവുമായി ചെയ്ത കരാര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് പ്രവാചകന്‍ പ്രതിനിധാനം ചെയ്യുന്ന നീതിക്കെതിരാണ്. ആ സന്നിഗ്ദ ഘട്ടത്തില്‍പോലും അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നത് നാം കാണുന്നു. ഈ സന്ദര്‍ഭത്തിലെങ്ങാനും ഖുറൈള കരാര്‍ ലംഘിക്കുന്ന പക്ഷം ഗുരുതരമായ പ്രത്യാഘാതമാണ് മുസ്‌ലിംകള്‍ നേരിടേണ്ടിവരിക. അതോടെ മാസങ്ങള്‍ നീണ്ട് നിന്ന കിടങ്ങ് അപ്രസക്തമായി മാറുകയും ശത്രുസൈന്യത്തിന് നിഷ്പ്രയാസം ഖുറൈളക്കാരുടെ വാസസ്ഥലത്തുകൂടെ മദീനയില്‍ പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്യും.

വര്‍ദ്ധിതആവേശത്തോടെയാണ് സഖ്യസൈന്യം മദീനയിലേക്കടുത്തത്. ഇനിയൊരിക്കലും മുസ്‌ലിംകളുമായി മറ്റൊരു യുദ്ധം വേണ്ടിവരില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ഇനി ഇപ്രകാരം ഒരു സൈന്യത്തെ ഒരുമിച്ചുകൂട്ടുക സാധ്യമല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. കാരണം വിജയത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷ എമ്പാടും നല്‍കിയിട്ടാണ് അറബി ഗോത്രങ്ങളടക്കമുള്ള വിഭാഗത്തെ ഹുയയ്യ് ഒരുമിച്ച് അണിനിരത്തിയത്. മദീനയെ സമീപിച്ചപ്പോള്‍ അവര്‍ അമ്പരന്ന് പോയി. അത്തരമൊരു യുദ്ധതന്ത്രം ഒരിക്കലും അവര്‍ പ്രതീക്ഷിച്ചതല്ല. അറബികള്‍ക്ക് ആ തന്ത്രം ഒട്ടും പരിചിതമായിരുന്നില്ല. ഒരു സൈന്യാധിപന്‍ എന്ന നിലക്ക് മുഹമ്മദ് നബിയുടെ വിജയമായിരുന്നു അത്. തന്നെ ഒരു ശിഷ്യന്റെ അഭിപ്രായം സ്വീകരിക്കാനും അതില്‍ തീരുമാനമെടുത്ത് സ്വന്തം പക്ഷത്തെ അതില്‍ സഹകരിപ്പിക്കാനും സാധിച്ചു എന്നത് ഒരു വലിയ കാര്യമായിരുന്നു. ശത്രുക്കളെ അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കുമാര്‍ പ്രതിരോധിക്കാന്‍ സഹായിച്ചത് ഈ ആസൂത്രണമായിരുന്നു. കിടങ്ങ് ചാടിക്കടക്കാനുള്ള അവരുടെ ശ്രമം പലരുടെയും മരണത്തിലാണ് കലാശിച്ചത്. ചാടികടന്ന് വന്നവരെ നിഷ്പ്രയാസം നേരിടാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. ദിവസങ്ങള്‍ നീണ്ടുപോയി. വളരെ പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ച് പോകാന്‍ ഉദ്ദേശിച്ചുവന്നവര്‍, നേരിടേണ്ടിവന്നപ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അതിശൈത്യം അവരുടെ ആവേശം കെടുത്തി. ഖുറൈശികള്‍ തിരിച്ചുപോകാന്‍ ആലോചിച്ചു. പക്ഷേ ഈ യുദ്ധം നടക്കേണ്ടത് ജൂതന്‍മാരുടെ ആവശ്യമായിരുന്നു. അതിനാല്‍ ഹുയ്യയ് ഈ പ്രതിസന്ധിമറികടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. ഖുറൈള ഗോത്രത്തെ അദ്ദേഹം മുമ്പെതന്നെ കണ്ടുവെച്ചതാണ്. അദ്ദേഹത്തിന്റെ പരിശ്രമം വിജയം കണ്ടു. ഖുറൈള ഗോത്രം പ്രവാചകനുമായുള്ള കരാര്‍ ലംഘിക്കാന്‍ തീരുമാനിച്ചു.

ഖുറൈളക്കാര്‍ കരാര്‍ ലംഘിക്കുന്നു

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമായിരുന്നു ആ വാര്‍ത്ത എന്ന് പറയേണ്ടതില്ല. സംഗതിയുടെ വിശദവിവരങ്ങള്‍ അറിയാനായി പ്രവാചകന്‍ മൂന്നംഗസംഘത്തെ ഖുറൈളയിലേക്ക് അയച്ചു. കാര്യങ്ങള്‍ വളരെ മോശമായതായി അവര്‍ക്കനുഭവപ്പെട്ടു. അവരുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഅദുബ്‌നു മുആദിന്റെ നേതൃത്വത്തിലുള്ള സംഘം ആവുന്നത്ര ശ്രമിച്ചു. അവരുമായി സംഖ്യത്തിലുള്ള ഔസ് ഗോത്രത്തലവന്‍ സഅദ് പ്രവാചകനുമായുള്ള കരാര്‍ ഈ ഘട്ടത്തില്‍ ലംഘിക്കുന്ന പക്ഷം, നളീര്‍ ഗോത്രത്തിന് നേരിട്ടതിനേക്കാള്‍ ഭയാനകമായ വിപത്ത് അവരെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും. ഈയൊരു യുദ്ധത്തിന് ശേഷം മുസ്‌ലിംകള്‍ ബാക്കിയുണ്ടാവില്ല എന്ന അറിയുന്നത് കൊണ്ടാവും ഖുറൈള ഗോത്രത്തലവനായ കഅ്ബ് പ്രതികരിച്ചത് ഇങ്ങനെയാണ്: "ആരാണീ ദൈവദൂതന്‍ ഞങ്ങളും മുഹമ്മദുമായി ഒരു സംഖ്യവുമില്ല." ഇതോടെ തങ്ങള്‍ ഇനിയവിടെ നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനസ്സിലാക്കി സംഘം പ്രവാചകന്റെ അടുത്തേക്ക് മടങ്ങി. പ്രവാചകന്റെ നിര്‍ദ്ദേശപ്രകാരം, കേട്ടത് സത്യമായത് കൊണ്ട് അവര്‍ പ്രവാചകനെ മാത്രം അറിയിച്ചു.

ഖുറൈളഗോത്രത്തെ വിശ്വാസത്തിലെടുത്താണ് പ്രവാചകന്‍ അഹ്‌സാബ് യുദ്ധതന്ത്രം രൂപപ്പെടുത്തിയത് എന്ന നാം കണ്ടുകഴിഞ്ഞു. ഖുറൈള ഗോത്രം കരാര്‍ ലംഘിച്ചത്തോടെ കിടങ്ങെന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ശത്രുസൈന്യത്തിന് നിഷ്പ്രയാസം സാധിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചശത്രുക്കള്‍ക്ക് ഇതോടെ പുതുജീവന്‍ വെച്ചു. ശത്രുക്കള്‍ ആര്‍ത്തിരമ്പി വരുന്നതും തങ്ങളെ ഉന്‍മൂലനം ചെയ്യുന്നതും മുസ്‌ലിംകള്‍ ഭാവനയില്‍ കണ്ടു. വഞ്ചകരായ ഖുറൈളഗോത്രത്തിന്റെ ഭവനങ്ങളില്‍ പതിയിരിക്കുന്ന മരണം തങ്ങളിലേക്ക് നടന്നടുക്കുന്നതായി അവര്‍ക്ക് തോന്നി. നളീര്‍ ഗോത്രത്തെ കൈനിറയെ സമ്പത്തുമായി മദീനവിട്ടുപോകാന്‍ അനുവദിച്ച പ്രവാചകന്റെ തീരുമാനം തെറ്റായിരുന്നെന്ന് ചിലരെല്ലാം ചിന്തിച്ചുപോയി. തങ്ങള്‍ വെറുതെവിട്ട ഹുയയ്യ് എന്ന മനുഷ്യന്റെ കാരണത്താല്‍ തങ്ങള്‍ക്ക് സംഭവിക്കാന്‍ ഇടവന്ന ദുര്യോഗവും അവര്‍ അറിഞ്ഞു. സര്‍വശക്തനായ രക്ഷിതാവിന് മാത്രമേ ഇനി തങ്ങളെ രക്ഷിക്കാന്‍ കഴിയൂ എന്നവര്‍ മനസ്സിലുറപ്പിച്ചു. ഈ സന്ദര്‍ഭം കപടവിശ്വാസികള്‍ നന്നായി ഉപയോഗപ്പെടുത്തി. എന്നത്തെയും പോലെ ശക്തമായ മനശാസ്ത്രയുദ്ധത്തിലാണ് അവര്‍ ഏര്‍പ്പെട്ടത്. ദുര്‍ബലവിശ്വാസികളുടെ മനസ്സിളക്കാന്‍ തക്ക കാര്യങ്ങളൊക്കെ അവര്‍ ചെയ്തു.

യുദ്ധം വീണ്ടും ആരംഭിച്ചു. ഖുറൈളക്കാര്‍ സ്വന്തം കൊട്ടയില്‍ നിന്നിറങ്ങി മുസ്‌ലിംഭവനങ്ങളില്‍ ചെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മദീനാവാസികള്‍ പരിഭ്രാന്തിയില്‍ കഴിയവെ പ്രവാചകന്‍ രക്ഷാമാര്‍ഗങ്ങളെക്കുറിച്ചോര്‍ത്തു. യുദ്ധത്തില്‍നിന്ന് പിന്തിരിയുന്ന പക്ഷം മദീനയുടെ ഉല്‍പന്നത്തിന്റെ മൂന്നിലൊന്ന് നല്‍കാമെന്ന് ഗത്ഫാന്‍ ഗോത്രത്തെ അറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഗത്ഫാന്‍ ഗോത്രത്തിന്റെ ഉപഗോത്രമായ അശ്ജഅ് ഗോത്രത്തില്‍ പെട്ട നഈമുബ്‌നു മസ്ഊദ് എന്ന വ്യക്തി ഇസ്‌ലാം സ്വീകരിച്ച് പ്രവാചകന്റെ സന്നിധിയില്‍ വന്നു. അദ്ദേഹത്തിന്റെ തന്ത്രപൂര്‍വമായ ഇടപെടല്‍ യുദ്ധഗതിയെ പിന്നെയും മുസ്‌ലിംകള്‍ക്ക് അനുകൂലമാക്കി മാറ്റി. അതോടൊപ്പം അല്ലാഹുവിന്റെ സഹായവും വിശ്വാസികളുടെ രക്ഷക്കെത്തി ശക്തമായ ഇടിയും മിന്നലും കാറ്റും സംഖ്യസൈന്യത്തെ ചിന്നഭിന്നമാക്കി. അവര്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരായി. അഹ്‌സാബ് യുദ്ധമെന്നും ഖന്‍ദഖ് യുദ്ധമെന്നും അറിയപ്പെട്ട ആ സുപ്രധാന സംഭവം അങ്ങിനെ പര്യവസാനിച്ചു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More