2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

തുടക്കം

മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണ്. പ്രവാചക പരമ്പരയിലെ അവസാന കണ്ണി. ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ ആ ജീവിതം തുറന്നുവെച്ച പുസ്തകം പോലെയാണ്. അതിലൊട്ടും അസ്പഷ്ടതയില്ല. നിഗൂഢതയില്ല. പ്രവാചകന്റേതുപോലെ ഇന്നോളം ലോകത്ത് ആരുടെയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ആ മഹദ് ജീവിതത്തിലെ ചെറുതും വലുതുമായ ഒന്നുപോലും അടയാളപ്പെടുത്താതിരുന്നിട്ടില്ല.
മുഹമ്മദ് നബിയുടെ പേരില്‍ ലോകത്തെവിടെയും സ്മാരകങ്ങളോ സ്തൂപങ്ങളോ ഇല്ല. ചിത്രങ്ങളോ പ്രതിമകളോ ഇല്ല. എന്നിട്ടും അദ്ദേഹത്തെപ്പോലെ അനുസ്മരിക്കപ്പെടുന്ന ആരുമില്ല. അനുകരിക്കപ്പെടുന്ന നേതാവില്ല. ജനകോടികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കുന്നു. അവരുടെ മുഴുജീവിത ചര്യകളിലും പ്രവാചകന്റെ അദൃശ്യസാന്നിധ്യമുണട്.

മുഹമ്മദ് നബി മക്കാമരുഭൂമിയിലാണ് ജനിച്ചത്. പിറവിക്കുമുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും അന്ത്യശ്വാസംവലിച്ചു. പിതാവിന്റെ അഭാവത്തില്‍ പരിരക്ഷണം ഏറ്റെടുത്ത പിതാമഹന്‍ അബ്ദുല്‍മുത്ത്വലിബും പ്രവാചകന് എട്ടു വയസ്സ് പൂര്‍ത്തിയാകുംമുമ്പേ വിടപറഞ്ഞു. അതിനാല്‍ പില്‍ക്കാല സംരക്ഷണ ബാധ്യത വന്നുചേര്‍ന്നത് പിതൃവ്യന്‍ അബൂത്വാലിബിലായിരുന്നു. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അനാഥത്വത്തോടൊപ്പം ദാരിദ്യ്രവും പ്രവാചകനെ പിടികൂടാന്‍ ഇതു കാരണമായി.

ചെറുപ്രായത്തില്‍ തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദ് നബിക്ക് അക്ഷരാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ല. അതോടൊപ്പം അക്കാലത്തെ വൃത്തികേടുകള്‍ അദ്ദേഹത്തെ അല്‍പവും സ്പര്‍ശിച്ചതുമില്ല. അന്ധവിശ്വാസം, അനാചാരം, അധര്‍മം, അശ്ളീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്, ചതി ഇതൊന്നും അദ്ദേഹത്തെ ഒട്ടും സ്വാധീനിച്ചില്ല. വിശുദ്ധജീവിതം നയിച്ച മുഹമ്മദ് നബി ജീവിതത്തിലൊരിക്കലും കള്ളം പറഞ്ഞില്ല. അതിനാല്‍ വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന 'അല്‍അമീന്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടു. മക്ക, കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നു. എങ്കിലും മുഹമ്മദ്നബി സാഹിത്യ സദസ്സുകളിലോ മത ചര്‍ച്ചകളിലോ സംബന്ധിച്ചില്ല. നാല്‍പതു വയസ്സുവരെ ഒരൊറ്റ വരിപോലും ഗദ്യമോ പദ്യമോ രചിച്ചില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചില്ല. സര്‍ഗസിദ്ധിയുടെ അടയാളംപോലും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നില്ല.

നാല്‍പതാമത്തെ വയസ്സില്‍ മുഹമ്മദ്നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചു. ദൈവം തന്റെ ദാസരില്‍നിന്ന് മുഹമ്മദിനെ അന്ത്യദൂതനായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഇരുപത്തിമൂന്ന് വര്‍ഷക്കാലം പ്രവാചകന് ദിവ്യസന്ദേശങ്ങള്‍ ലഭിച്ചുകൊണടിരുന്നു. ആ ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍.
ലോകമെങ്ങുമുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമായി അവതീര്‍ണമായ ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. അപ്രകാരം തന്നെ എക്കാലത്തെയും എവിടത്തെയും എല്ലാവര്‍ക്കുമുള്ള മാതൃകാപുരുഷനാണ് മുഹമ്മദ് നബി. അതിനാലാണ് അദ്ദേഹം ലോകാനുഗ്രഹിയെന്നും ലോകഗുരുവെന്നും വിശേഷിപ്പിക്കപ്പെടുന്നത്.
മാനവ ജീവിതത്തിന്റെ മുഴുമേഖലകളിലേക്കും ആവശ്യമായ മഹിതമാതൃകകള്‍ സമര്‍പ്പിച്ചശേഷമാണ് നബിതിരുമേനി ഇഹലോകവാസം വെടിഞ്ഞത്. (ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ ലോകാനുഗ്രഹി എന്നപുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്)

1 അഭിപ്രായ(ങ്ങള്‍):

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതങ്ങനെതന്നെ അംഗീകരിച്ചുതരുന്ന അവസ്ഥയിലായിരിക്കില്ല നെറ്റ് വായനക്കാര്‍. കാരണം അവര്‍ പ്രവാചക ചരിത്രത്തില്‍ നിന്നും ഹദീസില്‍ നിന്നും പ്രവാചകനെ വിമര്‍ശിക്കാനും ഇകഴ്താനും സാധ്യമായ ഭാഗങ്ങളും വചനങ്ങളും ധാരാളം കേട്ടവരും അറിഞ്ഞവരുമാണ്. ആ ബോധത്തെയും ധാരണകളെയും മറികടക്കാന്‍ ഏതാനും അമുസ്‌ലിം ചിന്തകരുടെയും പണ്ഡിതന്‍മാരുടെയും ഉദ്ധരണികള്‍ക്കാവില്ല,എന്ന് എനിക്ക് നല്ലപോലെ അറിയാം. പ്രവാചകന്റെ ജീവിതത്തില്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന് മക്കയില്‍ പ്രവാചകത്വ ലബ്ധിക്ക് ശേഷം അദ്ദേഹം ജീവിച്ച 13 വര്‍ഷം. മദീനയില്‍ ജീവിച്ച 10 വര്‍ഷങ്ങള്‍.

പ്രവാചകത്വം ലഭിക്കുന്നത് വരെയുള്ള 40 വയസ്സില്‍ അദ്ദേഹത്തെ ക്കുറിച്ച് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ആരും ഇത് വരെ പറയുന്നത് കേട്ടിട്ടില്ല. അത് വരെ വിശ്വസ്തന്‍ എന്ന പേരിനാല്‍ തന്നെ അറിയപ്പെട്ടു. പ്രപഞ്ചനാഥനായ സ്രഷ്ടാവിനെ മാത്രം വഴിപ്പെടാനും അനുസരിക്കാനും ആരാധിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് അവരോട് പരസ്യമായി താന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കാതിരിക്കാന്‍ എന്തെങ്കിലും ന്യായമുണ്ടോ എന്നന്വേഷിച്ചിരുന്നു. താങ്കള്‍ പറയുന്നത് ഞങ്ങള്‍ പൂര്‍ണമായി അംഗീകരിക്കും എന്ന മറുപടി അവരില്‍ നിന്ന് ലഭിച്ച ശേഷമാണ്, തന്നെ അല്ലാഹു അവന്റെ ദൂതനായി തെരഞ്ഞെടുത്തിരിക്കുന്നു എന്നറിയിച്ചത്. അതോടൊപ്പം പ്രപഞ്ചനാഥനെ ആരാധിക്കാനും അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന സ്വയംകൃത ദൈവങ്ങളെ വെടിയാനും കല്‍പിച്ചു. ഇതോടെയാണ് അദ്ദേഹത്തിന് എതിരാളികളുണ്ടാകുന്നത്. അദ്ദേഹത്തെ വിമര്‍ശിക്കുന്നവരും എതിര്‍ക്കുന്നവരും അന്ത്യദിനം വരെ ഉണ്ടാവുകയും ചെയ്യും. അദ്ദേഹം പ്രബോധനം ചെയ്ത ദൈവിക ദര്‍ശനത്തിന്റെ പ്രബോധനത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ വഹിച്ച ക്രിയാത്മകമായ പങ്ക് നിസ്സാരമല്ല. മദീനയില്‍ നിന്ന് ഹജ്ജിന് വന്ന വിഭാഗത്തെ ഒരു പുതിയ കള്ളപ്രവാചകന്‍ വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ സമീപിക്കരുതെന്നും മക്കയിലെ സത്യമാര്‍ഗം സ്വീകരിക്കാത്തവര്‍ ഉണര്‍ത്തി. എങ്കില്‍ പിന്നെ അദ്ദേഹത്തെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും അവരില്‍ ചിലര്‍ക്ക് തോന്നി. അവര്‍ വിശ്വാസികളാകാനും മദീനയിലേക്കുള്ള പലായനത്തിന് കാരണമായതും ഇതാണ്. ഇപ്പോഴും മുസ്‌ലിംകളുടെ ഭാഗത്ത് നിന്നുള്ള പ്രബോധനശ്രമങ്ങളെക്കാള്‍ ഇസ്‌ലാമിനെ മനസ്സിലാക്കാനും പഠിക്കാനും പ്രേരണ നല്‍കുന്നത് ഇത്തരം വിമര്‍ശനങ്ങളാണ്‌. അതിനാല്‍ വിമര്‍ശിക്കുന്നവരോട് യാതൊരു വിദ്വേഷവുമില്ല. ആകെ അവരോട് പറയാന്‍ തോന്നുന്നത് അല്‍പം മാന്യത വിമര്‍ശനത്തിലും ആകാം എന്നാണ്. എന്നാല്‍ അത് സംഭവിക്കാറില്ല. ചിലരെങ്കിലും തങ്ങള്‍കേട്ട വിമര്‍ശനമാണ് ഇസ്‌ലാമിനെക്കുറിച്ച അവസാനവാക്ക് എന്നനിലക്ക് മറ്റൊന്നും ചിന്തിക്കാതെ താമസിയാതെ അതേ വാക്കുകളില്‍ ഇസ്‌ലാമിനെ പരിഹസിക്കാന്‍ അവരും ആരംഭിക്കുകയായി. വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇസ്‌ലാമിന്റെ പക്ഷത്ത് നിന്നുള്ള വിശദീകരണങ്ങള്‍കൂടി കേള്‍ക്കാന്‍ കാതുകൂര്‍പ്പിക്കുന്നു. ഇത്തരം ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയും അന്വേഷണാത്മകമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നത് അവരാണ്. അത്തരക്കാര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഒരുക്കേണ്ടത് ഒരു വിശ്വാസിയുടെ മിനിമം ചുമതലയാണ്.

തുടര്‍ന്ന് ഈ ബ്ലോഗില്‍ എതാനും പോസ്റ്റുകള്‍ പ്രവാചന്റെ മദീനാകാലഘട്ടം സംക്ഷിപ്തമായി വിവരിക്കുകയാണ്. യുക്തിവാദികള്‍ പ്രവാചകനെയും ക്രൂരനും കൊള്ളക്കാരനുമായി ചിത്രീകരിക്കാന്‍ ഉപയോഗപ്പെടുത്തുന്ന സംഭവമാണ് ഖുറൈള സംഭവം. ആ സംഭവത്തില്‍ ചരിത്രത്തിന്റെ മറുവശം തേടുകയാണ് ഇതിലൂടെ. ക്രിയാത്മകമായ വിമര്‍ശനങ്ങളും അന്വേഷണങ്ങളും പ്രതീക്ഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More