2009, നവംബർ 19, വ്യാഴാഴ്‌ച

പ്രവാചകന്റെ പള്ളിയില്‍ ക്രൈസ്തവ പ്രാര്‍ഥന

നജ്റാനില്‍നിന്ന് ഒരു സംഘം ക്രൈസ്തവര്‍ പ്രവാചകനെത്തേടിയെത്തി. ഭരണാധികാരി കൂടിയായ നബി തിരുമേനിയുമായി ആശയവിനിമയം നടത്തലായിരുന്നു ലക്ഷ്യം. പ്രവാചകന്‍ അവരെ സ്വീകരിച്ച് പള്ളിയിലേക്കാനയിച്ചു. അവര്‍ക്ക് വിശ്രമത്തിനും മറ്റും സൌകര്യമൊരുക്കിയത് അവിടെ പള്ളിയില്‍ തന്നെയായിരുന്നു. പ്രാര്‍ഥനാ സമയമായപ്പോള്‍ നബി തിരുമേനി തന്റെ അതിഥികളായെത്തിയ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പള്ളിയില്‍ തന്നെ സൌകര്യം ചെയ്തുകൊടുത്തു. അവര്‍ തങ്ങളുടെ മതാചാരമനുസരിച്ച് പ്രവാചകന്റെ പള്ളിയില്‍ വെച്ചുതന്നെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചു.

ക്രൈസ്തവ സഹോദരന്മാര്‍ നബി തിരുമേനിയുമായി ദീര്‍ഘനേരം ആശയവിനിമയം നടത്തി. അവിടുന്ന് അവരുടെമുമ്പില്‍ ദൈവിക സന്മാര്‍ഗം വിശദമായി വിവരിച്ചു. അതിലൂടെ അവര്‍ക്ക് സത്യം ബോധ്യമായി. എങ്കിലും അതംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അവരുടെ നേതാവ് അബൂഹാരിസയുടെ നിലപാടായിരുന്നു അതിനു കാരണം. അദ്ദേഹം മുഖ്യ പുരോഹിതനും നേതാവും അതി സമര്‍ഥനുമായിരുന്നു. പ്രവാചകന്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണടായിരുന്നു. എന്നിട്ടും എന്തുകൊണട് സന്മാര്‍ഗം സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു:

'ഈ ജനത എനിക്കു നല്‍കിയ സ്ഥാനമാനങ്ങളാണ് എന്റെ പ്രശ്നം. അവരെന്നെ നേതാവാക്കി. ധാരാളം സമ്പത്ത് നല്‍കി. ആദരണീയ സ്ഥാനവും സമ്മാനിച്ചു. ഞാനിപ്പോള്‍ പ്രവാചകനെ പിന്തുടര്‍ന്നാല്‍ അവരെന്നെ കയ്യൊഴിക്കും. എനിക്കു നല്‍കിയ സഹായങ്ങളൊക്കെ തിരിച്ചെടുക്കും. അതിനാല്‍, ഞാന്‍ പ്രവാചകനെ തള്ളിപ്പറയാന്‍ ബാധ്യസ്ഥനാണ്.'

സത്യം ബോധ്യമായിട്ടും അതിന്റെ നേരെ പുറംതിരിഞ്ഞുനിന്ന അബൂഹാരിസയോടും സംഘത്തോടും പ്രവാചകന്‍ ഒട്ടും അനിഷ്ടം കാട്ടിയില്ല. അവരോട് ഉദാരമായി പെരുമാറുകയും മാന്യമായി യാത്രയയക്കുകയും ചെയ്തു.(ലോകാനുഗ്രഹി എന്ന പുസ്തകത്തില്‍നിന്നും)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More