2010, ഫെബ്രുവരി 27, ശനിയാഴ്‌ച

മുഹമ്മദ് മഹാനായ പ്രവാചകന്‍ (1)

 പ്രഫ. രാമകൃഷ്ണ റാവുവിന്റെ  Muhammed the Prophet of Islam  എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് മുഹമ്മദ് മഹാനായ പ്രവാചകന്‍ . അതിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക:

മുഹമ്മദ്

അറേബ്യന്‍ മരുഭൂമിയിലാണ് മുഹമ്മദിന്റെ ജനനം. മുസ്‌ലിം ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ 20-ന്. 'അങ്ങേയറ്റം സ്തുതിക്കപ്പെടുന്നവന്‍' എന്നാണ് മുഹമ്മദ് എന്ന പദത്തിനര്‍ഥം. അറേബ്യയുടെ സന്തതികളില്‍ അത്യുന്നതനാണദ്ദേഹം. അനഭിഗമ്യമായ ആ സൈകതഭൂവില്‍ അദ്ദേഹത്തിന്ന് മുമ്പോ പിമ്പോ ജീവിച്ച സമ്രാട്ടുകളെക്കാളും കവിശ്രേഷ്ഠരെക്കാളും എത്രയോ മടങ്ങ് ഉന്നതന്‍. അദ്ദേഹം സമാഗതനാവുമ്പോള്‍ അറേബ്യ ഒരു മരുഭൂമി മാത്രമായിരുന്നു- വെറുമൊരു ശൂന്യത. ആ ശൂന്യതയില്‍നിന്ന് ഒരു പുതിയ ലോകം രൂപം കൊണ്ടു...ഒരു പുതിയ ജീവിതം, ഒരു പുതിയ സംസ്‌കാരം, ഒരു പുതിയ നാഗരികത, ഒരു പുതിയ സാമ്രാജ്യം; മൊറോക്കോ മുതല്‍ ഇന്‍ഡീസ് വരെ വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യം. ഏഷ്യ, ആഫ്രിക്ക, യൂറോപ് എന്നീ മൂന്ന് വന്‍കരകളുടെ ജീവിതത്തിലും ചിന്തയിലും സ്വാധീനം ചെലുത്തിയ ഒരു സാമ്രാജ്യം. മുഹമ്മദായിരുന്നു അതിന്റെ ശില്പി.

മതങ്ങള്‍ തമ്മില്‍

പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് എഴുതാനൊരുങ്ങിയപ്പോള്‍ ഒരു സന്ദേഹം; ഞാന്‍ സ്വീകരിച്ചിട്ടില്ലാത്ത ഒരു മതത്തെക്കുറിച്ചാണല്ലോ എഴുതാന്‍ പോകുന്നതെന്ന്! ആ മതത്തില്‍തന്നെ വിവിധ ചിന്താധാരയുള്‍ക്കൊണ്ടവരും വ്യത്യസ്ത വിഭാഗങ്ങളുമുണ്ടായിരിക്കെ വിശേഷിച്ചും വിഷമകരമാണത്. മതം തികച്ചും വ്യക്തിഗതമാണെന്ന് വാദിക്കാമെങ്കിലും ദൃശ്യവും അദൃശ്യവുമായ ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് അതിന്നുണ്ടെന്നത് അനിഷേധ്യമത്രേ. അത് ചിലപ്പോള്‍ നമ്മുടെ ഹൃദയത്തിലും ആത്മാവിലും മനസ്സിന്റെ ബോധ-ഉപബോധ തലങ്ങളിലും അബോധമനസ്സില്‍ പോലും കടന്നുചെന്ന് നിറഞ്ഞു നില്ക്കും. നമ്മുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും, മൃദുലവും നേരിയതുമായ ഒരു പട്ടുനൂലില്‍ തൂങ്ങിനില്ക്കുകയാണെന്ന ഒരു വിശ്വാസം ഇവിടെ ശക്തിയായി നിലനില്ക്കുന്നതുമൂലം ഈ പ്രശ്‌നം വളരെ ഗുരുതരമായിത്തീരുന്നു. നാം കൂടുതലായി വൈകാരികാവേശത്തിന്നടിമപ്പെടുന്നതോടെ മനസ്സിന്റെ സന്തുലിതാവസ്ഥ നിരന്തരം സംഘര്‍ഷാത്മകമായ ഒരവസ്ഥയിലായിത്തീരുവാനും ഏറെ സാധ്യതയുണ്ട്. ഈ വീക്ഷണത്തില്‍, അന്യമതങ്ങളെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. നമ്മുടെ മതങ്ങള്‍ ശാശ്വത മുദ്രിതാധരങ്ങളുടെ പരിരക്ഷയില്‍, ഹൃദയാന്തരാളത്തിലെ ഉപരോധ മേഖലകളില്‍, തീരെ അദൃശ്യമായും പരമരഹസ്യമായും അവശേഷിച്ചുകൊള്ളട്ടെ!

ഈ പ്രശ്‌നത്തിന്, പക്ഷേ ഒരു മറുവശമുണ്ട്: സാമൂഹിക ജീവിയാണ് മനുഷ്യന്‍. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ജീവിതം പ്രത്യക്ഷമായും പരോക്ഷമായും മറ്റുള്ളവരുടേതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. നമുക്ക് ഭക്ഷണം നല്കുന്ന മണ്ണ് ഒന്നാണ്; നമ്മുടെ പാനജലമൊഴുകുന്ന അരുവി ഒന്നാണ്; നാം ശ്വസിക്കുന്ന വായു ഒന്നാണ്. അതിനാല്‍ നമ്മുടെ വീക്ഷണങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ നമ്മുടെ ചുറ്റുപാടുകളുമായി സമരസപ്പെട്ടു പോകാനും നമ്മുടെ അയല്‍വാസിയുടെ മാനസിക ഭാവങ്ങളെന്തെന്നും കര്‍മസ്രോതസ്സേതെന്നും ഒരു പരിധിവരെയെങ്കിലും അറിയുവാനും ശ്രമിക്കുന്നത് ഫലപ്രദമായിരിക്കും. ഈ വീക്ഷണത്തില്‍, ലോകത്തിലെ സമസ്ത മതങ്ങളെക്കുറിച്ചും അറിയുവാനുള്ള സദുദ്ദേശ്യപൂര്‍വകമായ ഒരു ശ്രമം തികച്ചും അഭിലഷണീയമാണ്. മതങ്ങള്‍ തമ്മില്‍ പരസ്പര ധാരണ വളര്‍ത്താനും, അടുത്തവരോ അകന്നവരോ ആയ സഹജീവികളെ യഥാവിധി മനസ്സിലാക്കാനും തീര്‍ച്ചയായും അതുപകരിക്കും.
പ്രത്യക്ഷത്തിലനുഭവപ്പെടുന്നതുപോലെ നമ്മുടെ ചിന്തകള്‍ അത്രയൊന്നും ശിഥിലങ്ങളല്ല. ഈ ഭൂതലത്തിലെ ലക്ഷക്കണക്കിന് ജനഹൃദയങ്ങള്‍ക്ക് കര്‍മാവേശവും മാര്‍ഗദര്‍ശനവും നല്കുന്ന ചൈതന്യവത്തായ മതദര്‍ശനങ്ങളും വിശ്വാസപ്രമാണങ്ങളുമാകുന്ന കേന്ദ്രബിന്ദുവില്‍ ഏകീകൃതമാണവ. നാം ജീവിക്കുന്ന ലോകത്തിലെ ഒരു പൗരനാകുവാന്‍ നമുക്കാഗ്രഹമുണ്ടെങ്കില്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തിയ തത്ത്വസംഹിതകളെയും മതദര്‍ശനങ്ങളെയും കുറിച്ച് അറിയുവാനുള്ള ഒരു എളിയ ശ്രമം അത്യാവശ്യമാണ്. എന്റെ അഭിപ്രായം പ്രസക്തമെങ്കിലും ഒരു മറുവശമുണ്ട് ഈ പ്രശ്‌നത്തിന്. മതങ്ങളുടെ ഈ മേഖല വിവേകവും വികാരവും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ ഫലമായി കാലുറച്ചു നില്‍ക്കാന്‍ പറ്റാത്ത ഒരു പരുവത്തിലാണുള്ളത്. അതിനാല്‍, അവിടെ പ്രവേശിക്കുന്നവര്‍ 'മാലാഖമാര്‍ കടന്നു ചെല്ലാത്തയിടങ്ങളില്‍ ഓടിച്ചെല്ലുന്ന വിഡ്ഢികളെ'യാണ് അനുസ്മരിപ്പിക്കുക.

എന്നാല്‍ മറ്റൊരു നിലയില്‍ എന്റെ ജോലി സുഗമമാണ്. ചരിത്രപ്രധാനമായ ഒരു മതത്തിന്റെ മൗലിക തത്ത്വങ്ങളെയും അതിന്റെ മഹാനായ പ്രവാചകനെയും കുറിച്ചാണ് ഞാനെഴുതുന്നത്. ഇസ്‌ലാമിന്റെ നിശിത വിമര്‍ശകനായ സര്‍ വില്യം മൂറിന് പോലും ''പന്ത്രണ്ടു നൂറ്റാണ്ടുകളായി യാതൊരു കലര്‍പ്പും ചേരാതെ അവശേഷിച്ച മറ്റൊരു ഗ്രന്ഥം ലോകത്ത് വേറെയില്ലെ''ന്ന് ഖുര്‍ആനെക്കുറിച്ച് പറയേണ്ടിവന്നു. ജീവിതത്തിലെ മുഴുവന്‍ സംഭവഗതികളും-നിസ്സാര വിശദീകരണങ്ങള്‍ പോലും- ഭദ്രമായും സൂക്ഷ്മമായും രേഖപ്പെടുത്തപ്പെട്ട ചരിത്രപുരുഷനാണ് പ്രവാചകനായ മുഹമ്മദ് എന്ന് അതിനോടനുബന്ധമായി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. അദ്ദേഹത്തിന്റെ ജീവിതവും ചരിത്രവും സുവ്യക്തങ്ങളത്രേ. സത്യം കണ്ടെത്തുവാന്‍ ചപ്പും ചവറും ചിക്കിച്ചികയേണ്ട സാഹസം നമുക്കില്ല.

എന്റെ ജോലി കുറേക്കൂടി ലഘൂകരിക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ ഇസ്‌ലാമിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചിരുന്ന വിമര്‍ശകരുടെ കാലം ദ്രുതഗതിയില്‍ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. 'കേംബ്രിഡ്ജ് മെഡിവല്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തില്‍ പ്രൊഫ. ബീവന്‍ പറയുന്നു: ''പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിനു മുമ്പ് ഇസ്‌ലാമിനെയും മുഹമ്മദിനെയും കുറിച്ച് യൂറോപില്‍ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങള്‍ ഇന്ന് കേവലം സാഹിത്യ വൈചിത്ര്യങ്ങള്‍ മാത്രമായേ ഗണിക്കപ്പെടുന്നുള്ളൂ.'' ഇത്തരം ഗ്രന്ഥങ്ങള്‍ നമുക്കിന്ന് ആസ്പദിക്കേണ്ടതില്ല. അതിനാല്‍ ഇസ്‌ലാമിനെക്കുറിച്ച് മിഥ്യാധാരണകള്‍ ചൂണ്ടിക്കാട്ടി സമയം പാഴാക്കേണ്ടതുമില്ല.

ഉദാഹരണമായി, ഇസ്‌ലാമും ഖഡ്ഗവും എന്ന സിദ്ധാന്തം എടുത്തുപറയാവുന്ന ഏതെങ്കിലും വിഭാഗങ്ങളില്‍നിന്ന് വല്ലപ്പോഴും നാം കേള്‍ക്കുന്നില്ല. ഇപ്പോള്‍ മതത്തില്‍ നിര്‍ബന്ധമില്ലെന്ന ഇസ്‌ലാമിന്റെ തത്ത്വം സുവിദിതമാണ്. പ്രസിദ്ധ ചരിത്രകാരനായ ഗിബ്ബന്റെ വാക്കുകളില്‍ ''മറ്റെല്ലാ മതങ്ങളെയും ഖഡ്ഗം കൊണ്ട് നിഷ്‌കാസനം ചെയ്യുവാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന ഹീനമായ ഒരാരോപണം മുസ്‌ലിംകള്‍ക്കെതിരിലുണ്ട്. ഇത് അജ്ഞതയില്‍നിന്നും മതപക്ഷപാതിത്തത്തില്‍നിന്നും ഉടലെടുത്തതാണ്. ഖുര്‍ആനും മുസ്‌ലിം ജേതാക്കളുടെ ചരിത്രവും, ക്രിസ്ത്യന്‍ ദേവാലയങ്ങളോട് അവര്‍ കാണിച്ച കലവറയില്ലാത്തതും നിയമത്തിന്റെ സംരക്ഷണത്തോടുകൂടിയതുമായ സഹിഷ്ണുതയും ഈ ആരോപണം ശക്തിയായി നിഷേധിക്കുന്നു. ധാര്‍മിക ശക്തിയാണ് മുഹമ്മദിന്റെ ജീവിതവിജയത്തിന്നടിസ്ഥാനം; ഖഡ്ഗപ്രയോഗമല്ല.''

4 അഭിപ്രായ(ങ്ങള്‍):

പ്രിയ സുഹ്ര്‍ത്തെ, മുഹമ്മദ്‌ നബിയുടെ പേര് പരാമര്ശിക്കുന്നിടത് (സ) അഥവാ, സല്ലല്ലാഹു അലൈഹിവസല്ലം എന്ന് കൂടി ചേര്‍ക്കാമായിരുന്നു.
വിവര്‍ത്തനം ആയാല്‍പോലും. ഇതൊരു സാമാന്യ മരിയാധയായി കരുതാന്‍ അപേക്ഷ.
oyammar@yahoo.com

പ്രിയ റെഫ്ഫി,

താങ്ങളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. ഇതിന്റെ തുടക്കത്തില്‍ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. പ്രവാചക ചരിത്രത്തെ ആഴത്തില്‍ പഠിച്ച പ്രഫ. രാമകൃഷ്ണ റാവുവിന്റെ പുസ്തകത്തിന്റെ പരിഭാഷയാണിത്. അതില്‍ അദ്ദേഹം പ്രയോഗിക്കാത്ത ഒരു ശൈലി ചേര്‍ക്കുന്നത് മര്യാദയല്ലെന്ന് തോന്നിയതിനാലാകും വിവര്‍ത്തകനും അപ്രകാരം തന്നെ പരിഭാഷപ്പെടുത്തിയത്. മുസ്‌ലിം നാമധാരികള്‍ പോലും ഓറിയന്റലിസ്റ്റുകളുടെ വാദം ഏറ്റ് പിടിച്ച് പ്രവാചകനെ ആക്ഷേപിക്കുമ്പോള്‍, നിഷ്പക്ഷനായ ഒരു മാന്യവ്യക്തിയുടെ പരാമര്‍ശത്തെ മര്യാധക്കേടായി കാണേണ്ടതില്ല.
ഇതിന്റെ തുടര്‍ ഭാഗങ്ങള്‍ ഉടനെ പ്രതീക്ഷിക്കുക.

നിരുപാധിക സ്നേഹം നിലനിർത്തുന്ന എല്ലാ സംവാദങ്ങൾക്കും സലാം. പ്രപഞ്ചസ്നേഹം നീണാൾ വാഴട്ടെ.

@എന്‍.ബി.സുരേഷ്,

അഭിപ്രായത്തിന് നന്ദി. പ്രാര്ഥനയില് പങ്കുചേരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites More