ഒരു വ്യക്തി പ്രവാചകനാണെന്ന് ബോധ്യമായിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിക്കുകയും പ്രവൃത്തികളെ അവലംബിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ഒരു വ്യക്തി ദൈവത്തിന്റെ പ്രവാചകനാണെന്ന് സമ്മതിക്കുകയും അതേസമയം അയാളുടെ വാക്കും പ്രവൃത്തിയും തിരസ്‌കരിക്കുകയും ചെയ്യുക എന്നത് യുക്തിവിരുദ്ധമത്രേ. കാരണം, ഒരാള്‍ പ്രവാചകനാണ് എന്ന് സമ്മതിക്കുന്നതിന്റെ അര്‍ഥം അയാളുടെ പ്രസ്താവനകള്‍ ദൈവത്തിങ്കല്‍നിന്ന് ലഭിച്ചതും പ്രവൃത്തികള്‍ ദൈവാഭീഷ്ടമനുസരിച്ചുള്ളതുമാണെന്ന് നാം സമ്മതിക്കുന്നു എന്നാണ്. അതില്‍പിന്നെ, അദ്ദേഹത്തിന്നെതിരില്‍ നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും യഥാര്‍ഥത്തില്‍ ദൈവവിരുദ്ധമായി ഭവിക്കും. ദൈവവിരുദ്ധമായതൊന്നും സത്യമായിരിക്കില്ല. അതിനാല്‍, ഒരു വ്യക്തിയെ പ്രവാചകനായി...